KeralaNEWS

ലളിത ചേച്ചി ‘ഓര്‍മ’യായി, മലയാളത്തിന്റെ പ്രിയ നടിക്ക് കണ്ണീരോടെ വിട

തൃശ്ശൂര്‍: അന്തരിച്ച മലയാളത്തിന്റെ പ്രിയനടി കെ.പി.എ.സി ലളിത ഓർമയായി. ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ തൃശ്ശൂര്‍ വടക്കാഞ്ചേരി എങ്കക്കാട്ടുള്ള ‘ഓര്‍മ’യില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ ചിതയ്ക്ക് തീ കൊളുത്തി.

ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു സംസ്‌കാരം. എറണാകുളത്തും തൃശൂർ സംഗീത നാടക അക്കാദമിയിലും വടക്കാഞ്ചേരി നഗരസഭയിലും നേരത്തെ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സിനിമയിലെയും നാടകത്തിലെയും സഹപ്രവര്‍ത്തകർ ഉൾപ്പടെ വന്‍ജനാവലിയാണ് പ്രിയതാരത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണ്‍ ആയിരിക്കേയാണ് മരണം.

അഞ്ചുപതിറ്റാണ്ടായി അഭിനയ രംഗത്ത് സജീവമായിരുന്ന കെ.പി.എ.സി ലളിത ചൊവ്വാഴ്ച രാത്രി 10.30നാണ് അന്തരിച്ചത്. തൃപ്പുണിത്തുറയില്‍ മകനും സംവിധായകനുമായ സിദ്ധാര്‍ഥിന്റെ ഫ്ലാറ്റിലായിരുന്നു അന്ത്യം. അരങ്ങിലും അഭ്രപാളിയിലും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ നിറഞ്ഞാടിയ അഭിനയ പ്രതിഭയായിരുന്നു കെ.പി.എ.സി ലളിത. മലയാളികള്‍ സ്വന്തം കുടുംബത്തിലെ
ഒരംഗത്തെപ്പോലെ കണ്ട് സ്‌നേഹിച്ച് നെഞ്ചിലേറ്റിയ കലാകാരി. പകരം വെയ്ക്കാനില്ലാത്ത നടന വിസ്മയത്തിന്റെ ഈ വിടവാങ്ങല്‍ സിനിമാലോകത്തിന് തീരാനഷ്ടമാണ്.

ജനുവരി 12ന് വൈകീട്ടാണ് വടക്കാഞ്ചേരി ഏങ്കക്കട്ടെ വീടായ ‘ഓര്‍മ’യില്‍ നിന്നും വിദഗ്ദ ചികിത്സക്കായി മകന്‍ സിദ്ധാര്‍ത്ഥിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടിലേക്ക് ലളിതയെ കൊണ്ട് പോയത്. ‘ഓര്‍മ’യില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ഓര്‍മ്മയും സംസാരശേഷിയും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു താരം.
കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ബാധിച്ച് ഗുരുതരമായ അവസ്ഥയിൽ താരം ആശുപത്രിയിലായ വാര്‍ത്ത മലയാളികള്‍ ഏറെ വേദനയോടെയാണ് കേട്ടത്. തുടര്‍ന്ന് താരത്തിന്റെ ചികിത്സ ആവശ്യങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും പുറത്ത് വന്നു. വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമായ തുടരുന്ന ഒരു നടിക്ക് ചികിത്സാ ചിലവിന് സാമ്പത്തിക സ്ഥിതി ഇല്ലെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും മടിയായിരുന്നു. അതും ഏറെ ചര്‍ച്ചക്കിടായാക്കി. പൂര്‍ണ ആരോഗ്യവതിയായി ‘ഓര്‍മ’യിലേക്ക് ലളിത ചേച്ചി തിരിച്ചെത്തുന്നത് കാത്തിരിക്കുകയായിരുന്നു കേരളം. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് വിയോഗ വാര്‍ത്ത എത്തിയത്.

വടക്കാഞ്ചേരി എങ്കക്കാട്ടിലെ പാലിശ്ശേരി തറവാട്ടിൽ ഭർത്താവ് ഭരതനെ അടക്കം ചെയ്ത ചിതയ്ക്കകിൽ അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു കെ.പി.എ.സി ലളിതയുടെ അവസാന ആഗ്രഹം. എന്നാൽ ആ ഭൂമി വിറ്റിരുന്നു.
എങ്കക്കാട്ട് ലളിത തന്നെ നിർമ്മിച്ച ‘ഓർമ്മ’ വീട്ടിലെ പറമ്പിലാണ് അടക്കം ചെയ്തത്. ഉത്രാളിക്കാവ് പൂരത്തിന്റെ എങ്കക്കാട്ട് വിഭാഗത്തിന്റെ രക്ഷാധികാരിയായിരുന്നു കെ.പി.എ.സി ലളിത. എല്ലാ കൊല്ലവും പൂരത്തിന്റെ പ്രവർത്തനങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ലളിതയുടെ സാന്നിദ്ധ്യം കഴിഞ്ഞ ദിവസം നടന്ന പറപുറപ്പാടിൽ ഉണ്ടായില്ല.

മഹേശ്വരിയമ്മ എങ്ങനെ ലളിതയായി…?

കെ. അനന്തന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായി 1947 ൽ കായംകുളത്താണ് ജനിച്ചത്. രാമപുരം ഗവൺമെന്റ് ഗേൾസ് സ്കൂൾ, ചങ്ങനാശേരി വാര്യത്ത് സ്കൂൾ, പുഴവാത് സർക്കാർ സ്കൂൾ എന്നിവിടങ്ങളിലാിരുന്നു പഠനം. കുട്ടിക്കാലത്തുതന്നെ നൃത്തപഠനം തുടങ്ങി. അതോടെ സ്കൂൾ‌ വിദ്യാഭ്യാസം നിലച്ചു.
ചങ്ങനാശേരിയിലെ പെരുന്നയിലെ രവി സ്റ്റുഡിയോയിലായിരുന്നു മഹേശ്വരിയുടെ അച്ഛന് അന്ന് ജോലി. ആ കെട്ടിടത്തിന്റെ മുകളിലാണ് ചങ്ങനാശേരി ഗീഥാ എന്ന നാടകസമിതി. അച്ഛന് ചോറും കൊണ്ടു വരുമ്പോഴെല്ലാം മഹേശ്വരി നാടക റിഹേഴ്സല്‍ കാണാന്‍ പോകും. ഒരുദിവസം ഗീഥായുടെ ഉടമ ചാച്ചപ്പന്‍ മകളെ നാടകത്തിന് വിടുമോ എന്ന് അച്ഛനോട് ചോദിച്ചു. ‘ബലി’ എന്ന നാടകത്തിൽ അന്ന് അഭിനയിച്ചു.

പിന്നീടാണ് കെ.പി.എ.സിയിൽ ചേർന്നത്. അവിടെ ആദ്യമായി ചെയ്യുന്ന പ്രധാന വേഷം തോപ്പില്‍ ഭാസിയുടെ ‘കൂട്ടുകുടുംബം’ എന്ന നാടകത്തിലാണ്. ബി.മഹേശ്വരി എന്ന പേര് മാറ്റി കെ.പി.എ.സി ലളിതയാക്കിയത് തോപ്പില്‍ ഭാസിയാണ്. മുടിയനായ പുത്രൻ, സർവ്വേ കല്ല്, അശ്വമേധം, ശരാശയ്യ തുടങ്ങിയ സൂപ്പർ ഹിറ്റ് നാടകങ്ങളിലൂടെ അരങ്ങിലെ താരോദയമായി. അവിടെ നിന്നാണ് സിനിമ ജീവിതത്തിന്റെ തുടക്കം. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബം ആണ് ആദ്യ ചിത്രം.

പിന്നീട് മലയാള സിനിമയിലെ ഇതിഹാസമായി വളര്‍ന്ന കെപിഎസി ലളിത 500 ലധികം സിനിമകളുടെ ഭാഗമായി.

സ്ക്രീനില്‍ കാണുന്നത് തങ്ങളില്‍ ഒരാളെന്ന് കാണി തിരിച്ചറിയുന്നതിനാണ് ഏത് അഭിനേതാവും ആഗ്രഹിക്കുന്നത്. ഒരു ആക്ടര്‍ എന്ന നിലയില്‍ അതാണ് അഭിനേതാവിൻ്റെ വിജയം. അങ്ങനെയെങ്കില്‍ അഭിനയത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരുന്നു കെ.പി.എ.സി ലളിത. ഈ നടി സ്ക്രീനില്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ കൃത്രിമമായ സ്നേഹപ്രകടനങ്ങളോ ഭംഗിവാക്കുകളോ പറയാത്ത, അയല്‍പക്കത്തെ ചേച്ചിയെന്നോ അമ്മയെന്നോ തോന്നിപ്പിക്കുന്നവയാണ്.

ലളിതയുടെ അമ്മവേഷങ്ങള്‍ മാത്രമെടുക്കാം. മലയാള സിനിമയുടെ പൊതുരീതി വച്ച് സര്‍വ്വംസഹകളായ അമ്മമാരല്ല കൂട്ടത്തില്‍ കൂടുതല്‍. ‘സ്ഫടിക’ത്തിലെയും ‘വടക്കുനോക്കിയന്ത്ര’ത്തിലെയും ‘സന്‍മനസ്സുള്ളവര്‍ക്ക് സമാധാന’ത്തിലെയും അമ്മമാരെ എടുക്കാം. ‘വടക്കുനോക്കിയന്ത്ര’ത്തിലെ തളത്തില്‍ ദിനേശന്‍റെ അമ്മയെ സോഫ്റ്റ് ആയ ഒരു അമ്മയായിട്ടല്ല ശ്രീനിവാസന്‍ എഴുതിയത്. കോംപ്ലക്സുകളുടെ മൂര്‍ത്തരൂപമായ മകന് ഒരു വിലയും കൊടുക്കാത്ത, വിവാഹത്തിന് പിറ്റേന്നും ഇന്ന് ജോലിക്ക് പോകുന്നില്ലേ എന്ന് ചോദിക്കുന്ന, അവനെ മധുവിധു ആഘോഷിക്കാന്‍ അനുവദിക്കാത്ത ഒരു കഠിനഹൃദയയാണ് ആ മാതാവ്.
‘സന്മനസ്സുള്ളവര്‍ക്ക് സമാധാന’ത്തിലേക്ക് വരുമ്പോള്‍ ഭയമാണ് കെ.പി.എ.സി ലളിതയുടെ കാര്‍ത്ത്യായനി എന്ന കഥാപാത്രത്തിന്‍റെ മുഖമുദ്ര.
മുഖ്യധാരയില്‍ വന്‍ ജനപ്രീതി നേടിയ ചില സിനിമകളില്‍ ലളിത അവതരിപ്പിച്ച മറ്റൊരു ക്യാരക്ടര്‍ സ്കെച്ച് അച്ഛന്‍- മകന്‍ സംഘര്‍ഷങ്ങളില്‍ പെട്ടുപോയ, അതിന്‍റെ വ്യാകുലത അനുഭവിക്കുന്ന അമ്മമാരാണ്. ‘സ്ഫടിക’വും ‘വീണ്ടും ചില വീട്ടുകാര്യങ്ങ’ളുമാണ് അക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ നേടിയവ. രണ്ട് ചിത്രങ്ങളിലും തിലകന്‍ എന്ന അനു​ഗ്രഹീത നടനുമായാണ് കോമ്പിനേഷന്‍. വീട്ടുകാര്യങ്ങളിലെ അമ്മയ്ക്ക് മകനോടുള്ള പെരുമാറ്റത്തിന്‍റെ പേരില്‍ അച്ഛനോട് ദേഷ്യമുണ്ടാവുന്നത് ക്രമാനു​ഗതമായിട്ടാണെങ്കില്‍ സ്ഫടികം സിനിമ ആരംഭിക്കുമ്പോഴേ അവര്‍ ആ മനോനിലയിലാണ്. ഒരേ ക്യാരക്റ്റര്‍ സ്കെച്ചില്‍, രണ്ട് മീറ്ററുകളിലുള്ള പ്രകടനം.

അടൂരിന്റെ കൊടിയേറ്റത്തിൽ ഭരത് ഗോപിക്കൊപ്പം  നിന്ന നായിക. നായികയാകണമെന്ന നിർബന്ധമില്ലാതെ പിന്നീട് ലളിതയുടെ മികച്ച വേഷങ്ങൾ വെള്ളിത്തിരയിലെത്തി. മതിലുകളിൽ മമ്മൂട്ടിയുടെ ബഷീറിനൊപ്പം ലളിതയുടെ നാരായണി നിറഞ്ഞ് നിന്നത് വെറും ശബ്ദത്തിലൂടെ മാത്രമാണ്.
ഏത് തരം കഥാപാത്രം ചെയ്യുമ്പോഴും അതില്‍ ഹ്യൂമറിന്‍റെ ഒരു എലമെന്‍റ് കൊണ്ടുവരാന്‍ കഴിയും എന്നതാവും കെ.പി.എ.സി ലളിതയെ മലയാളികളുടെ പ്രിയങ്കരിയാക്കിയ മറ്റൊരു കാര്യം. ‘മണിച്ചിത്രത്താഴി’ലെ ഭാസുരയെ മാത്രമെടുത്താല്‍ മതി ഈ നടിയുടെ കോമിക് ടൈമിം​ഗും രസപ്രകടനശേഷിയും മനസിലാക്കാന്‍. ‘വെങ്കല’ത്തിലെ കുഞ്ഞിപ്പെണ്ണും ‘അമര’ത്തിലെ ഭാര്‍​​ഗവിയുമടക്കം വൈകാരികതയുടെ മറ്റൊരു ലോകത്തുള്ള കഥാപാത്രങ്ങളെയും ഇതേ നടി തന്നെയാണ് അവതരിപ്പിച്ചതെന്ന് അറിയുമ്പോഴാണ് ലെജന്‍ഡ് എന്നു വിളിക്കേണ്ട ആളാണ് അവരെന്ന് മനസിലാവുക.

മലയാളിക്കൊപ്പം അഞ്ച് പതിറ്റാണ്ടിലേറെയായി കെ.പി.എ.സി ലളിതയുണ്ടായിരുന്നു.. കാമുകിയായി, അമ്മയായി. അമ്മൂമ്മയായി, അമ്മായിയമ്മയായി…..ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചുമൊക്കെ അത്ഭുതപ്പെടുത്തിയ എത്രയോ സ്ത്രീ വേഷങ്ങൾ. കഥാപരിസരമായ വീടുകളിൽ  പ്രധാനവേഷക്കാരുടെ അരിക് പറ്റി നിൽക്കുമ്പോഴും വാക്കിലും നോക്കിലുമെല്ലാം അസാമാന്യമായ ലളിതാ ടച്ച് സാക്ഷ്യപ്പെടുത്തി.

സംവിധായകൻ ഭരതനുമായുള്ള വിവാഹശേഷവും ഭരതന്റെ മരണശേഷവും ഒക്കെ ഇടവേള എടുത്തെങ്കിലും പിന്നീടുുള്ള തിരിച്ചുവരവുകളെല്ലാം ലളിത വീണ്ടും വീണ്ടും അനശ്വരമാക്കിക്കൊണ്ടിരുന്നു. കാലം മാറുമ്പോഴും സിനിമ മാറുമ്പോഴും  തലമുറകൾക്കൊപ്പം അവർ  ചേ‍ർന്നു നിന്നു. ഭരതൻ ചിത്രമായ അമരത്തിലെ കഥാപാത്രത്തിന് 1991 ലും ജയരാജ് ചിത്രം ശാന്തത്തിലെ അഭിനയത്തിന് 2000 ലും മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 1975 (നീലപ്പൊന്മാൻ), 1978 (ആരവം), 1990 (അമരം), 1991 (കടിഞ്ഞൂൽ കല്യാണം, ഗോഡ്ഫാദർ, സന്ദേശം) എന്നീ വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു .
ചമയമഴിച്ച് മടങ്ങുമ്പോഴും അഭിനയത്തിൻ്റെ ആരവങ്ങളുയർത്തി ഈ നടി സിനിമാപ്രേമികളുടെ മനസ്സിൽ എന്നുമുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: