KeralaNEWS

സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്​ടേഴ്​സ്​, വിക്​ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഇന്നു മുതല്‍ സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന സാഹചര്യത്തില്‍ കൈറ്റ് വിക്​ടേഴ്​സ്​, വിക്​ടേഴ്സ് പ്ലസ് ചാനലുകള്‍ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റല്‍ ക്ലാസുകളുടെ പുതിയ സമയക്രമം പ്രസിദ്ധീകരിച്ചു.വിക്​ടേഴ്സിലെ ക്ലാസുകള്‍ അടുത്തദിവസം വിക്​ടേഴ്സ് പ്ലസിലും ലഭ്യമാക്കിയാണ് ക്രമീകരണം.

രാവിലെ ഏഴര മുതല്‍ ഒമ്ബത്​ വരെയും വൈകീട്ട്​ നാല്​ മുതല്‍ അഞ്ചര വരെയും ആറ് ക്ലാസുകളിലാണ് പ്ലസ്‍ ടു റിവിഷന്‍. പുനഃസംപ്രേഷണം വിക്​ടേഴ്സില്‍ അതേദിവസം വൈകീട്ട്​ ഏഴ്​ മുതലും വിക്​ടേഴ്സ് പ്ലസില്‍ അടുത്തദിവസം 9.30 മുതലും തുടര്‍ച്ചയായി നല്‍കും.

 

പ്ലസ്‍ ടു വിഭാഗത്തിലെ ഓഡിയോ ബുക്കുകളും തിങ്കള്‍ മുതല്‍ ഫസ്റ്റ്​ബെല്‍ പോര്‍ട്ടലില്‍ ലഭ്യമാകും. പത്താം ക്ലാസിലെ ഓഡിയോ ബുക്കുകളെപ്പോലെ ഓരോ വിഷയവും ശരാശരി ഒരു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള എംപി3 ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്യാനും സമൂഹമാധ്യമങ്ങള്‍വഴി പങ്കുവെക്കാനും കഴിയുന്ന സംവിധാനമാണിത്. റേഡിയോ പ്രോഗ്രാം കേള്‍ക്കുന്ന പ്രതീതിയില്‍ പ്രയോജനപ്പെടുന്ന ഓഡിയോ ബുക്കുകള്‍ ക്യു.ആര്‍. കോഡ് സ്കാന്‍ ചെയ്തും കേള്‍ക്കാം.

 

പത്താം ക്ലാസിന്‍റെ മൂന്ന് റിവിഷന്‍ ക്ലാസുകള്‍ വിക്​ടേഴ്സില്‍ വൈകീട്ട്​ 5.30 മുതല്‍ ഏഴ്​ വരെയാണ്. അടുത്തദിവസം രാവിലെ ആറ്​ മുതല്‍ വിക്​ടേഴ്സിലും ഉച്ചക്ക്​ 2.30 മുതല്‍ വിക്​ടേഴ്സ് പ്ലസിലും പത്താം ക്ലാസിന്‍റെ റിവിഷന്‍ പുനഃസംപ്രേഷണം ചെയ്യും. പത്തിലെ മുഴുവന്‍ ഓഡിയോ ബുക്കുകളും പോര്‍ട്ടലില്‍ ലഭ്യമാണ്. പ്ലസ്‍ വണ്‍ ക്ലാസുകളുടെ സംപ്രേഷണം വിക്​ടേഴ്സില്‍ രാവിലെ ഒമ്ബത്​ മുതല്‍ 10.30 വരെയും പുനഃസംപ്രേഷണം രാത്രി പത്തിനും വിക്​ടേഴ്സ് പ്ലസില്‍ അടുത്തദിവസം രാവിലെ എട്ട്​ മുതലും ആയിരിക്കും.

 

പ്രീ-പ്രൈമറി ക്ലാസ് രാവിലെ 10.30നും പുനഃസംപ്രേഷണം വിക്​ടേഴ്സ് പ്ലസില്‍ പിറ്റേന്ന് 3.30നും ആയിരിക്കും.ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ വിക്​ടേഴ്സില്‍ യഥാക്രമം 12.30, 01.00, 01.30, 02.00, 02.30, 03.00, 03.30 മണിക്ക്​ സംപ്രേഷണം ചെയ്യും. ഈ ക്ലാസുകളുടെ പുനഃസംപ്രേഷണം വിക്​ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം വൈകീട്ട്​ 4.30 മുതല്‍ എട്ട്​ വരെ ഇതേ ക്രമത്തില്‍ നടത്തും. ഒമ്ബതാം ക്ലാസ് പകല്‍ 11 മുതല്‍ 12 വരെയും എട്ടാം ക്ലാസ് 12നും സംപ്രേഷണം ചെയ്യും. ഈ ക്ലാസുകള്‍ വിക്​ടേഴ്സ് പ്ലസില്‍ അടുത്തദിവസം രാവിലെ ഏഴ്​ മുതല്‍ എട്ട്​ വരെയും (ഒമ്ബത്​) വൈകീട്ട്​ നാലിനും (എട്ട്) പുനഃസംപ്രേഷണം ചെയ്യും.

 

10, പ്ലസ്‍ടു ക്ലാസുകളുടെ തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി മാര്‍ച്ച്‌ ആദ്യം ആരംഭിക്കും. റെഗുലര്‍ ക്ലാസുകള്‍, ഓഡിയോ ബുക്കുകള്‍, റിവിഷന്‍ ക്ലാസുകള്‍, സമയക്രമം തുടങ്ങിയവ തുടര്‍ച്ചയായി firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.

Back to top button
error: