കണ്ണൂർ പുന്നോല്‍ സ്വദേശി ഹരിദാസിന്റെ കൊലപാതകത്തിന് പിന്നില്‍ ബിജെപി-ആര്‍എസ്എസ് ആണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. സിപിഎം ഭൂമിക്ക് താഴെ ക്ഷമിച്ചിരിക്കുകയാണെന്നും സമീപകാലങ്ങളായി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തുകയാണ് രാഷ്ട്രിയ എതിരാളികള്‍ ചെയ്യുന്നതെന്നും ജയരാജന് പറഞ്ഞു.
ആസൂത്രണം ചെയ്താണ് കൊലനടത്തിയത്. മത്സ്യത്തൊഴിലാളിയായ ഒരാളെ വെട്ടിനുറുക്കി കൊന്നു. ഇടത് കാല് അറുത്ത് കളഞ്ഞു.
ഹരിദാസിനെ ആശുപത്രിയില്‍ എത്തിക്കുന്ന സമയം കാല് കിട്ടിയിരുന്നില്ല. ശരീരമാസകലം വെട്ടേറ്റിട്ടുണ്ട്. എത്ര വെട്ടെന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത സാഹചര്യമാണ്. സിപിഎമ്മുകാരനായി പോയി എന്ന ഏക തെറ്റാണ് അദ്ദേഹം ചെയ്തത്. ഹരിദാസ് ഏതെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ ആയിരുന്നില്ല.
നേരത്തെ ബിജെപിയുടെ ഒരു കൗണ്‍സിലര്‍ ആ പ്രദേശത്ത് സിപിഎമ്മുകാരായ രണ്ട് പേരെ ലക്ഷ്യമിട്ടിട്ടുണ്ടെന്നും അവരെ വെറുതെ വിടുകയില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചിരുന്നു. അത് സോഷ്യല്‍ മീഡിയയിലൂടെയും മറ്റു പ്രചരിപ്പിക്കുകയും ചെയ്തു. മുന്‍കൂട്ടി പ്രഖ്യാപിച്ച് കൊല നടത്തുക. ഇത് നേതൃത്വത്തിന്റെ അറിവോടെ നടന്ന കൊലയാകണം.
ജോലികഴിഞ്ഞ് ഇത്രമണിക്ക് ഹരിദാസ് തിരിച്ചെത്തുമെന്ന് മനസിലാക്കിക്കൊണ്ട് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഹരിദാസിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ എത്തിച്ചേര്‍ന്ന ഒരു ക്രിമിനല്‍ സംഘം അവിടെ കാത്തിരിക്കുന്നുണ്ടാകണം. അല്ലെങ്കില്‍ ഇങ്ങനെ വെട്ടിനുറിക്കാന്‍ കഴിയില്ലെന്നും ജയരാജൻ വ്യക്തമാക്കി.
തലശേരി ന്യൂ മാഹിക്ക് സമീപം ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. മത്സ്യത്തൊഴിലാളിയായ ഹരിദാസ് ജോലി കഴിഞ്ഞ് മടങ്ങുമ്പോളായിരുന്നു വെട്ടേറ്റത്. വീടിന് അടുത്ത് വച്ച് ബന്ധുക്കളുടെ മുന്പിൽ വച്ചായിരുന്നു ആക്രമണം.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് കൊല നടത്തിയത്. ഇവരെ തടയാന്‍ ശ്രമിച്ച സഹോദരന് സുരനും വെട്ടേറ്റു. സുരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹരിദാസിന്റെ മൃതദേഹം തലശേരി സഹകരണ ആശുപത്രി മോർച്ചറിയിലാണ്.