പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ?
മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി).അപകടത്തിന് ശേഷം നഷ്ടപരിഹാര പരാതി കൊടുക്കുന്നതിന് ഇപ്പോൾ സമയപരിധിയുണ്ട്.മോട്ടോർ വാഹന നിയമത്തിന്റെ 2019ലെ ഭേദഗതിയനുസരിച്ച് ആറുമാസമാണ് കാലാവധി.ഇതിനായി എംഎസിടി കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെക്കൊണ്ട് പരാതി തയ്യാറാക്കിച്ച് ആശുപത്രിയിൽനിന്നും പോലീസിൽനിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പു സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്.
പരാതിയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ
പരിക്കുകൾ മാത്രമുള്ള കേസുകളിൽ പൊലീസിൽനിന്ന് ലഭിക്കുന്ന പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ), ചാർജ് ഷീറ്റ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) റിപ്പോർട്ട്, ആശുപത്രിയിൽനിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളാണ് പ്രധാനമായും സമർപ്പിക്കേണ്ട രേഖകൾ.അതോടൊപ്പം വരുമാനം തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുണ്ടെങ്കിൽ അതും സമർപ്പിക്കണം.
മരണം സംഭവിച്ചിട്ടുള്ള കേസാണെങ്കിൽ പോസ്റ്റ്മോർട്ടം സർട്ടിഫിക്കറ്റ്, ദേഹപരിശോധനാ സർട്ടിഫിക്കറ്റ് എന്നിവയും ആവശ്യമാണ്.കോടതി പരാതിയുടെ പകർപ്പ് എതിർ കക്ഷികൾക്ക് അയക്കും.കുറ്റക്കാരനായ ഡ്രൈവറും വാഹന ഉടമയും വാഹനം ഇൻഷുർ ചെയ്തിരിക്കുന്ന കമ്പനിയുമായിരിക്കും എതിർ കക്ഷികൾ.എതിർകക്ഷികൾ കോടതിയിൽ സമർപ്പിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം നഷ്ടപരിഹാരത്തിന് അർഹതയുണ്ടെങ്കിൽ അത് കണക്കാക്കി കോടതി വിധി പ്രസ്താവിക്കും.
ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാര കേസിന്റെ നോട്ടീസ് കോടതിയിൽനിന്ന് ലഭിച്ചാൽ ഇൻവെസ്റ്റിഗേറ്ററുടെ സഹായത്തോടെ ബന്ധപ്പെട്ട രേഖകൾ പൊലീസ് സ്റ്റേഷനിൽനിന്ന് സമാഹരിക്കും.ഇൻഷുറൻസ് പോളിസി ഉണ്ടെന്ന് ഉറപ്പുവരുത്തും. ഡ്രൈവിങ് ലൈസൻസും വാഹന രേഖകളും ശരിയാണെങ്കിൽ അവയുടെ പകർപ്പുകൾ കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകനെ ഏൽപ്പിക്കും.എംഎസിടി കോടതിയിൽ കേസ് തീരുന്നതുവരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് കമ്പനിക്കുവേണ്ടി പ്രവർത്തിക്കുന്ന അഭിഭാഷകരാണ്.
1 അപകടം സംബന്ധിച്ച രേഖകളും വസ്തുതകളും പരിശോധിച്ച് ഇൻഷുറൻസ് കമ്പനിക്ക് ബാധ്യത ഉണ്ടെങ്കിൽ നിശ്ചിത തീയതികളിൽ തീരുമാനിച്ചിട്ടുള്ള അദാലത്തിലൂടെ കേസ് ഒത്തുതീർപ്പാക്കും.കമ്പനി അധികാരികളും കമ്പനി അഭിഭാഷകനും പരാതിക്കാരനും പരാതിക്കാരന്റെ അഭിഭാഷകനും കോടതിയിലെ മീഡിയേറ്ററുടെ സാന്നിധ്യത്തിൽ ചർച്ച ചെയ്ത് നഷ്ടപരിഹാരത്തുക തീരുമാനിച്ചാണ് കേസ് തീർപ്പാക്കുക.
2 കേസ് രേഖകൾ സംബന്ധിച്ചോ ബാധ്യത സംബന്ധിച്ചോ അവ്യക്തതകൾ ഉണ്ടെങ്കിൽ കോടതി ആവശ്യമായ തെളിവെടുപ്പുകളുടെ കൂടി അടിസ്ഥാനത്തിൽ പരിശോധിച്ച് നഷ്ടപരിഹാരം നൽകുകയോ കേസ് തള്ളുകയോ ചെയ്യും.ചികിത്സാ ചെലവിന്റെ തുക പൂർണമായും നഷ്ടപരിഹാരത്തോടൊപ്പം ലഭിക്കും.ഇതിനിയി ഒറിജിനൽ ബില്ലുകൾ കോടതിയിൽ സമർപ്പിക്കണം.
പരിക്കിന്റെ കാഠിന്യം അനുസരിച്ചാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്. അത് വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി എന്നിവയിൽനിന്നാണ് മനസ്സിലാക്കുന്നത്. അപകടത്തിൽപ്പെട്ടയാളുടെ വരുമാന നഷ്ടം കണക്കാക്കാൻ വേണ്ടിയാണ് കോടതി ശമ്പള സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്.
വാഹന രേഖകൾ ശരിയല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ് പരിരക്ഷ എന്നിവ ഇല്ലെങ്കിൽ വാഹന ഉടമസ്ഥനും ഓടിച്ചയാളും നഷ്ടപരിഹാരം കൊടുക്കേണ്ടി വരും.
മരണത്തിനുള്ള നഷ്ടപരിഹാരം
മരണത്തിനുള്ള നഷ്ടപരിഹാരം (ഡെത്ത് ക്ലെയിം) ആണെങ്കിൽ മരിച്ച വ്യക്തിയുടെ ജോലിയും വരുമാനവും പ്രായവും അനുസരിച്ചാണ് വിധിയുണ്ടാകുക.അതിന് ആശ്രിതരുടെ അവസ്ഥ, കുട്ടികൾ, ജോലിയില്ലാത്ത ജീവിത പങ്കാളി തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കും. ചെറിയ പരിക്കുകൾക്ക് താൽക്കാലിക വരുമാന നഷ്ടം, ചികിത്സാ ചെലവ് എന്നിവ പരിഗണിച്ചാണ് നഷ്ടം തീരുമാനിക്കുന്നത്.
അപകടത്തിൽ സ്ഥിര വൈകല്യമാണ് ഉണ്ടായതെങ്കിൽ വ്യക്തിയുടെ വരുമാനം, പ്രായം, വൈകല്യം എത്ര ശതമാനമാണ് എന്ന മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരം ലഭിക്കുക.
എംഎസിടി കോടതി വിധിച്ച നഷ്ടപരിഹാരം സംബന്ധിച്ച് തകർക്കമുണ്ടെങ്കിൽ പരാതിക്കാരനും ഇൻഷുറൻസ് കമ്പനിക്കും ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കാം.ഹൈക്കോടതിയിൽനിന്ന് ഉണ്ടാകുന്ന തീരുമാനത്തിൽ തർക്കമുണ്ടെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ കൊടുക്കാവുന്നതാണ്. ഒത്തുതീർപ്പാക്കിയ കേസുകളിൽ അപ്പീൽ കൊടുക്കാൻ അവകാശമില്ല.
ജീവൻരക്ഷയ്ക്ക് സർക്കാരിന്റെ കനിവ് 108
സംസ്ഥാനത്താകെ വാഹനാപകടങ്ങളിൽപ്പെടുന്നവരെ എത്രയും പെട്ടന്ന് ആധുനിക ജീവൻ രക്ഷാ സൗകര്യങ്ങളുള്ള ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ച് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കി രക്ഷപ്പെടുത്താനുള്ള പദ്ധതികൾ കേരള സർക്കാർ നടപ്പാക്കി വരുന്നു. അതിന്റെ ഭാഗമായി കനിവ് 108 എന്ന പേരിൽ ആധുനിക ജീവൻ രക്ഷാ സംവിധാനങ്ങളും പരിശീലനം നേടിയ ജീവനക്കാരുമുള്ള ആംബുലൻസുകളുടെ ശൃംഖല സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ട്. 108 എന്ന ഫോൺ നമ്പറിൽ വിളിച്ചാൽ ഈ സേവനം ലഭ്യമാകും.ഇത് തികച്ചും സൗജന്യമാണ്.
റോഡപകടങ്ങളിൽപ്പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്നവരെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാൻ നിലവിലുള്ള നിയമങ്ങൾ കർശനമായി പാലിക്കാൻ സർക്കാർ നിർദേശിച്ചിരിക്കുന്നു. അപകടമുണ്ടായി ആദ്യ മണിക്കൂറുകളിൽ ആശുപത്രിയിൽ എത്തിച്ച് പെട്ടെന്നു ചികിത്സ ലഭ്യമാക്കുന്നതിനും സുപ്രധാനമായ ആദ്യ 48 മണിക്കൂറിലെ ചികിത്സ സൗജന്യമായി ചെയ്യുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ചു സർക്കാർ നടപ്പാക്കിവരുന്നു.