നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പഞ്ചാബില്‍ എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രാഷ്ട്രീയ എതിരാളികളെ കടന്നാക്രമണം നടത്തി. നരേന്ദ്ര മോദി, അരവിന്ദ് കേജരിവാള്‍, പ്രകാശ് സിങ് ബാദല്‍ തുടങ്ങിയ നേതാക്കളെ പേരെടുത്ത് പറഞ്ഞായിരുന്നു രാഹുലിന്റെ പ്രസംഗം. വ്യാജ വാഗ്ദാനങ്ങള്‍ നിങ്ങള്‍ക്ക് കേള്‍ക്കണമെങ്കില്‍ മോദിയുടെയും കേജരിവാളിന്റെയും പ്രസംഗം കേട്ടാല്‍ മതിയെന്ന് രാഹുല്‍ പറഞ്ഞു. ഞാനൊരിക്കലും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കാറില്ല. സത്യം മാത്രം പറയണം എന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
2013ല്‍ പഞ്ചാബില്‍ പ്രചാരണത്തിന് വന്ന താന്‍ അന്നേ മയക്കുമരുന്നിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നും അന്ന് ബിജെപിയും അകാലിദളും എന്നെ പരിഹസിക്കുകയാണ് ചെയ്തത് എന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ മയക്കുമരുന്ന് പ്രശ്‌നമില്ലെന്നാണ് അന്ന് ബിജെപി നേതാക്കള്‍ പറഞ്ഞത്. കൊവിഡ് രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടിയെടുക്കണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത് പാത്രം കൊട്ടാനും ടോര്‍ച്ചടിക്കാനുമായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.