KeralaNEWS

വാലന്റൈൻസ് ഡേ സ്പെഷലായി ഒരു കഥ വായിക്കാം

കഥ
തോറ്റുപോയവന്റെ അവസാനത്തെ ചിരി
ഏബ്രഹാം വറുഗീസ്
“പരാജയപ്പെട്ടവന്റെ അവസാന ചിരിയായി ഉച്ചത്തിലെനിക്കൊന്ന് പൊട്ടിച്ചിരിക്കണം”
-എ.അയ്യപ്പൻ
 
1
  ആ പടുകൂറ്റൻ ഇരുമ്പു വാതിലിനു മുന്നിലായി ഞാൻ അൽപ്പനേരം കൂടി ആലോചനയോടെ നിന്നു.പിന്നെ പതിയെ മുന്നോട്ടു നടന്നു.
എനിക്കു വേണ്ടി മാത്രം തുറന്നിട്ടെന്നപോലെ ഇതിനകം ആ വാതിൽ വീണ്ടും അടഞ്ഞും കഴിഞ്ഞിരുന്നു.നടക്കുന്നതിനിടയിലും ഞാൻ ഒന്നുകൂടി തലതിരിച്ചു നോക്കി.
സെൻട്രൽ ജയിൽ!
പന്ത്രണ്ട് വർഷങ്ങൾക്കു ശേഷമുള്ള മോചനം!!
2
മറ്റൊരു വസന്തകാലമായിരുന്നു അത്.റോഡിനിരുവശവും നട്ടുവളർത്തിയിരുന്ന തണൽ മരങ്ങളിൽ നിന്നും ധാരാളം പൂക്കൾ റോഡിലേക്ക് കൊഴിഞ്ഞുവീണ് കിടപ്പുണ്ടായിരുന്നു.ചുവപ്പും മഞ്ഞയും പിന്നെ വയലറ്റ് നിറത്തിലുമുള്ള പേരറിയാത്ത ധാരാളം പൂക്കൾ..! പക്ഷെ
എന്റെ മനസ്സിലപ്പോൾ മറ്റൊരു മരമായിരുന്നു ഉണ്ടായിരുന്നത്- നിറയെ പൂക്കളുള്ള ഒരു ഇലഞ്ഞിമരം!
3
 റോഡിൽ നല്ല തിരക്കുണ്ടായിരുന്നു.ഞാനതൊന്നും ശ്രദ്ധിച്ചില്ല.ഓർമ്മകളുടെ കുത്തൊഴുക്കിലെന്നവണ്ണം അങ്ങനെ  മുന്നോട്ടു നീങ്ങി.
പന്തലിച്ചുനിൽക്കുന്ന മരച്ചില്ലകളുടെ തണലുണ്ടായിട്ടും എന്നെ അപ്പോൾ വല്ലാതെ വിയർക്കുന്നുമുണ്ടായിരുന്നു.
4
ഞാൻ പതിവായി ടാപ്പിംഗിന് പൊയ്ക്കോണ്ടിരുന്ന സ്ഥലത്തായിരുന്നു ആ ഇലഞ്ഞി മരം നിന്നിരുന്നത്.റബ്ബർ മരങ്ങൾക്കിടയിൽ ഒരു ഒറ്റയാനെപ്പോലെ.പതിവുപോലെ കാലത്തുള്ള ടാപ്പിംഗിന് ഇറങ്ങിയതായിരുന്നു അന്നും ഞാൻ .നേരം പരപരാ വെളുക്കുന്നതേയുണ്ടായിരുന്നുള്ളൂ.
അപ്പോഴായിരുന്നു കരിയിലകൾക്കിടയിൽ ഒരു അനക്കം കേട്ടത്.ഞെട്ടുകമാത്രമല്ല,താഴത്തെ ഈടിയിലേക്ക് എടുത്തൊരൂ ചാട്ടം കൂടി വച്ചുകൊടുത്തു ഞാൻ.തട്ടുതട്ടായിട്ടുള്ള ഭൂമിയാരുന്നു അത്.പോരാത്തതിന് കാട്ടുപന്നികളുടെ ശല്ല്യമുള്ള സ്ഥലവും.അപ്പോഴായിരുന്നു എന്നെ വീണ്ടും നടുക്കിക്കൊണ്ട് ഒരു പൊട്ടിച്ചിരി അവിടെ ഉയർന്നത്.പെട്ടെന്നു തന്നെ അത് നിലയ്ക്കുകയും ചെയ്തു ഞാൻ ഞെട്ടിത്തിരിഞ്ഞു നോക്കി.ഒരു പെൺകുട്ടി! ഏറിയാൽ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് പ്രായം.നിറംമങ്ങി പിഞ്ചിത്തുടങ്ങിയതെങ്കിലും അലക്കിവെളുപ്പിച്ച ദാവണിയായിരുന്നു വേഷം.എന്റെ
ശരീരത്തിൽ കൂടി ഒരു വിറയൽ പാഞ്ഞുപോയി..
5
  തെല്ലുനേരത്തെ സ്തംഭനാവസ്ഥയ്ക്കു ശേഷമാണ് എന്റെ കാലുകൾക്ക് വീണ്ടും ജീവൻ വച്ചത്.ഒരു കുതിപ്പിന്  ഈടി തിരികെ ചാടിക്കടന്ന് ഞാൻ അവളുടെ അരികിലെത്തി.
കുന്തിച്ചിരുന്ന് ഇലഞ്ഞിപ്പൂക്കൾ പെറുക്കുകയായിരുന്നു അവളപ്പോഴും.എന്തൊക്കെയായിരുന്നു അപ്പോൾ ഞാനവളോട് വിളിച്ചു പറഞ്ഞതെന്ന് എനിക്കു തന്നെ  ഓർമ്മയില്ല.അത്രയ്ക്കും ദേഷ്യമായിരുന്നു എനിക്കപ്പോൾ അവളോട് ഉണ്ടായിരുന്നത്.അവളും പരിഭ്രമത്തോടെ ഇതിനകം ചാടിയെഴുന്നേറ്റുകഴിഞ്ഞിരുന്നു.ആ മുഖവും ഭയംകൊണ്ട് വല്ലാതെ വിളറിയിരുന്നു.ഞാൻ ആദ്യമായിട്ടായിരുന്നു അവളെ കാണുന്നതു തന്നെ.
“നീയേതാ കൊച്ചേ..എന്തിനാ ഇത്ര കാലത്തെ ഇവിടെ വന്നത്?”
“പൂവ് പൊറുക്കുന്നതുക്കാകെ..”അവളുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
“ഓഹോ അപ്പോൾ പാണ്ടിയാണല്ലേ..”
അപമാനഭാരത്താലെന്നവണ്ണം അവൾ പെട്ടെന്ന് മുഖം കുനിച്ചു.
“വല്ല മോഷണത്തിനും ഇറങ്ങിയതായിരിക്കും.എന്നിട്ട് പൂ പൊറുക്കാനെന്ന്..!”പറഞ്ഞതിനൊപ്പം അവളുടെ കൈയ്ക്കിട്ട് ഞാനൊരു തട്ടും വച്ചുകൊടുത്തു.
കുമ്പിളുകുത്തിയ ഇലയ്ക്കൊപ്പം അതിലുണ്ടായിരുന്ന പൂക്കളും അവളുടെ കൈയ്യിൽ നിന്ന് താഴേക്ക് തെറിച്ചു വീണു.മുഖം കുനിച്ചു നിൽക്കുകയായിരുന്നുവെങ്കിലും അവളുടെ കണ്ണുകളിൽ നിന്നും രണ്ടിറ്റു കണ്ണീർ താഴേക്ക് അടർന്നു വീഴുന്നത് ആ അരണ്ടവെളിച്ചത്തിലും എനിക്ക് കാണാമായിരുന്നു.
“പൊയ്ക്കോ..ഇനിയിവിടെ കണ്ടുപോകരുത്!”
ഒന്നുകൂടി അവളുടെ നേർക്ക് രൂക്ഷമായിട്ട് നോക്കിയിട്ട് ഞാൻ ചുരത്തി നിൽക്കുന്ന
റബ്ബർ മരങ്ങളുടെ അരപ്പട്ട തേടിപ്പോയി.
 6
  പിന്നീട് വളരെ നാളുകൾക്ക് ശേഷമാണ് ഞാനവളെ വീണ്ടും കാണുന്നത്.അന്നത്തെപ്പോലെ ദാവണിയായിരുന്നു വേഷം.എളിയിൽ ചെറിയൊരു കുട്ടയുമായി വഴിയരികിൽ കൂടി നടന്നു പോകുകയായിരുന്നു അവളപ്പോൾ.ഞാനാകട്ടെ ഒരു ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്ന വഴിയും.
7
എനിക്കൊരു ഓട്ടോറിക്ഷ ഉണ്ടായിരുന്നു.ടാപ്പിംഗ് കഴിഞ്ഞാലുടൻ ഞാനത് ഓടിക്കാൻ പോകുമായിരുന്നു.പ്രായമായ അമ്മയും കെട്ടിക്കാറായി നിൽക്കുന്ന രണ്ടു സഹോദരിമാരും ഉണ്ടായിരുന്നതിനാൽ പറ്റുന്ന എന്തു ജോലിയും ഒരു മടിയും കൂടാതെ ചെയ്യേണ്ട അവസ്ഥയിലായിരുന്നു ഞാൻ.അച്ഛൻ നേരത്തെ മരിച്ചുപോയതാണ്.
 അച്ഛനും ഒരു ടാപ്പിംഗുകാരനായിരുന്നു.ഒരുദിവസം ടാപ്പിംഗിന് പോയ അച്ഛനെ കാട്ടുപന്നി കുത്തിക്കീറുകയായിരുന്നു.ഞാനന്ന്
പത്താംക്ലാസിലായിരുന്നു പഠിച്ചുകൊണ്ടിരുന്നത്.അതോടെ എനിക്ക് പഠനം നിർത്തേണ്ടിവന്നു.പിന്നീട് ഞാൻ ചെയ്യാത്ത പണികളൊന്നുമില്ലായിരുന്നു.വിറക് കീറാനും പാറപൊട്ടിക്കാനും മണ്ണ് ചുമ്മാനും പറമ്പ് കിളയ്ക്കാനും ..അങ്ങനെ പലതും. പിന്നീടാണ് ഓട്ടോ ഓടിക്കാൻ പഠിച്ചതും ഓട്ടോ വാങ്ങിയതും.കൂട്ടത്തിൽ അച്ഛൻ പൊയ്ക്കോണ്ടിരുന്നടത്തെ ടാപ്പിംഗും ഞാനേറ്റെടുത്തു.പറഞ്ഞല്ലോ.. അല്ലാതെ വേറെ നിവൃത്തിയില്ലായിരുന്നു എനിക്ക്.
8
  ഞാൻ സ്പീഡ് കുറച്ച് ഓട്ടോ അവൾക്കരികിലായി പതിയെ ചേർത്തു നിർത്തി.
“എന്താടീ കുട്ടിയുമായി..? വല്ല കൊച്ചുങ്ങളെയെങ്ങാനും തട്ടിക്കൊണ്ടു പോകാനുള്ള പ്ലാനാ മറ്റോ ആണോ?
 പെട്ടെന്ന് ഓട്ടോ അടുപ്പിച്ചുകൊണ്ടുള്ള ചോദ്യം കേട്ടപ്പോഴെ അവൾ ഞെട്ടിയിരുന്നു.എന്നെ കണ്ടതോടെ അത് പൂർണ്ണവുമായി.ഞാനവളുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചു നോക്കി.
അവൾ പെട്ടെന്ന് മുഖം വെട്ടിച്ചുകൊണ്ട് എന്നെ ശ്രദ്ധിക്കാതെയെന്നവണ്ണം വേഗത്തിൽ മുന്നോട്ടു തന്നെ നടന്നു.
9
“നിൽക്കെടീ അവിടെ..!”
എനിക്ക് അവളുടെ ആ പ്രവൃത്തി ഒട്ടും ഇഷ്ടപ്പെട്ടില്ല.എന്റെ ശബ്ദത്തിന്റെ ആ മുഴക്കം തിരിച്ചറിഞ്ഞിട്ടാവണം അവൾ പെട്ടെന്നുതന്നെ നിന്നു.എന്നിട്ട് തിരിഞ്ഞ് എന്റെ നേർക്ക് നോക്കി.
ഞാൻ ഓട്ടോ കുറച്ചുകൂടി മുന്നിലേക്കെടുത്ത് വീണ്ടും അവൾക്കരികിലായി കൊണ്ടുചെന്ന് നിർത്തി.
“എന്താടീ കുട്ടയിൽ ?”
കുട്ടയിലേക്ക് എത്തിനോക്കിക്കൊണ്ടാണ് ഞാൻ ചോദിച്ചത്.അതിൽ അച്ചപ്പത്തിന്റെയും കുഴലപ്പത്തിന്റെയും ഉപ്പേരിയുടെയുമൊക്കെ പായ്ക്കറ്റുകൾ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു.
“പലഹാരമാ..”
പതിഞ്ഞതായിരുന്നെങ്കിലും ഒരു വിറയൽ അവളുടെ സ്വരത്തിൽ കലർന്നിരുന്നു.
“പലഹാരമോ.. എവിടുന്ന്?
“വീട്ടിൽ നിന്ന് ..”
“വീട്ടിൽ നിന്നോ..?”
“ങും.അമ്മാ ശെഞ്ചുകൊടുപ്പേൻ ..നാൻതാൻ അത്..”
എനിക്ക് കാര്യം മനസ്സിലായി.
“പിന്നെ അന്ന് നീ പൂ പെറുക്കാനെന്നും പറഞ്ഞ് വന്നത്?”
“അതു വന്ത്.. വണ്ടിക്കാർക്ക് കൊടുക്കുന്നതുക്കാകെ..”
“വണ്ടിക്കാർക്ക് കൊടുക്കാനോ?”
“ങും.”
“എന്തിന്?”
“കാശ് കെടയ്ക്കും”
ഞാൻ ഒരുനിമിഷം ആലോചനയോടെ ഇരുന്നു.കാര്യങ്ങൾ എനിക്ക് ഏകദേശം മനസ്സിലായി വരുന്നുണ്ടായിരുന്നു.
“ഇവിടെ വാടകയ്ക്കാണോ നിങ്ങൾ താമസിക്കുന്നത്?”
അവൾ തലയാട്ടി.
“ആരൊക്കെയുണ്ട് കൂട്ടത്തിൽ..?”
“അമ്മാവും തമ്പിയും.”
“അപ്പ .? “
അവൾ അതിന് മറുപടി പറഞ്ഞില്ല.പകരം നോട്ടം ദൂരെയെവിടയേക്കോ മാറ്റി.
 10
ഞാൻ പിന്നീടും പലപ്രാവശ്യം അവളെ വഴിയിൽവച്ചു കണ്ടു.എന്നെ കാണുമ്പോഴൊക്കെ മുഖം വെട്ടിക്കുമായിരുന്നെങ്കിലും ഓട്ടോ നിർത്തി എന്തെങ്കിലുമൊരു പലഹാരപ്പൊതി അവളുടെ കൈയ്യിൽ നിന്നും വാങ്ങാതെ ഞാൻ പിന്നെ അവിടെ നിന്ന് പോകുമായിരുന്നില്ല.പിന്നെയതൊരു പതിവായി.എന്റെ വണ്ടിയുടെ ശബ്ദം എവിടെ കേട്ടാലും അവൾ തിരിഞ്ഞു നിൽക്കുവാൻ തുടങ്ങി.
“പലഹാരങ്ങൾ വേണോ സാറേ..അച്ചപ്പം കുഴലപ്പം ഉപ്പേരി..”
പറഞ്ഞിട്ട് കുപ്പിവള കിലുങ്ങുന്ന മാതിരി അവൾ പൊട്ടിച്ചിരിക്കുമായിരുന്നു.
11
“നീയെന്തേ ഇപ്പോൾ പു പെറുക്കാൻ വരാത്തത്?”
ഒരിക്കൽ ഇതേപോലെ വഴിയിൽവച്ച് കണ്ടപ്പോൾ ഞാനവളോട് ചോദിച്ചു.
അവളെന്റെ നേർക്ക് കത്തുന്നൊരു നോട്ടം നോക്കി.
“ങും..?”
“നീങ്ക താനെ അന്നേക്ക് എന്നെ മെരട്ടി വിട്ടത്..”
തമിഴ് വലിയ പിടിയില്ലായിരുന്നെങ്കിലും അവളു പറയുന്നതൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.
 അതോടെ എനിക്ക് ചിരി അടക്കാനും കഴിഞ്ഞില്ല ഞാൻ പൊട്ടി പൊട്ടി ചിരിച്ചു.ഏറെ കഴിഞ്ഞാണ് പിന്നെ ഞാനവളുടെ മുഖത്തേക്ക് നോക്കുന്നതുതന്നെ.ആ കണ്ണുകളപ്പോൾ നിറഞ്ഞിരുന്നു!
പിറ്റേന്ന് ടാപ്പിംഗ് കഴിഞ്ഞു തിരികെ വരുമ്പോൾ കുമ്പിൾ കുത്തിയ ഒരു വട്ടയില നിറയെ ഇലഞ്ഞിപ്പൂക്കളും ഞാൻ കൈയ്യിൽ കരുതിയിരുന്നു.
12
കൊഴിഞ്ഞു വീണ പൂക്കൾ തേടി അവൾ വീണ്ടും ആ ഇലഞ്ഞിമരച്ചുവട്ടിലേക്ക് വരാൻ തുടങ്ങി. അപ്പോഴേക്കും അടുത്ത പ്രഭാതങ്ങൾക്കായി ഞാനും കാത്തിരിക്കാൻ തുടങ്ങിയിരുന്നു.റബ്ബർ പാലിന്റെ മനം മടുപ്പിക്കുന്ന ഗന്ധത്തിൽ നിന്നും ഇലഞ്ഞിപ്പൂക്കളുടെ നറുമണത്തിലേക്ക് ഞാൻ പതിയെ  മാറുകയായിരുന്നു.
13
 ശിവകാമി എന്നായിരുന്നു അവളുടെ പേര്. ഇരുനിറമെങ്കിലും ഐശ്വര്യമുള്ള മുഖം.ചീകി പകുത്ത് രണ്ടായി പിന്നി പുറകോട്ടിട്ടിരിക്കുന്ന നീളമുള്ള മുടി. നാണമാണോ ഭയമാണോ എന്നു തിരിച്ചറിയാൻ വയ്യാത്ത വിധം ഒരു വിളറിയ ചിരി അവളുടെ മുഖത്ത് എപ്പോഴും തങ്ങി നിന്നിരുന്നു. തമിഴിന്റെയും നാട്ടുഭാഷയുടെയുമൊക്കെ ചുവകലർന്ന സംസാരം.ചെന്തമിഴിന്റെ ചൂരും പെരുമയുമുള്ള  നിഷ്കളങ്കമായ പെരുമാറ്റം.നടക്കുമ്പോൾ കുപ്പിവളകളുടെയും കാൽക്കൊലുസ്സിന്റെയുമൊക്കെ കിലുകിലുക്കം..
 14
തമിഴ്നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള നിധമംഗലം സ്വദേശിനിയായിരുന്നു അവൾ.അമ്മയോടും അനുജനോടുമൊപ്പം ഇപ്പോൾ ഞങ്ങളുടെ നാട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.അച്ഛനെപ്പറ്റി അവളൊന്നും പറഞ്ഞുകേട്ടില്ല.ഞാൻ അതേപ്പറ്റി പിന്നീടൊന്നും ചോദിക്കാനും പോയില്ല.
പലഹാരങ്ങൾ ഉണ്ടാക്കി വീടുവീടാന്തരം കയറി വിൽപ്പന നടത്തുന്ന ജോലിയായിരുന്നു അവളുടെ അമ്മയുടേത്.പ്രഭാതത്തിലെ തന്റെ “മാല” വ്യാപാരം കഴിഞ്ഞാൽ പിന്നെ അവളും അമ്മയെ സഹായിച്ചുപോന്നു.അനിയൻ ഒന്നുള്ളത് ഒരു കാശിനും കൊള്ളുകയില്ലെന്ന് ഒരിക്കൽ അവളെന്നോട് പറഞ്ഞിരുന്നു.എരുമമാടെന്നാണ് അവൾ അവനെ വിളിച്ചിരുന്നത്.അപ്പോഴേക്കും ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തു കഴിഞ്ഞിരുന്നു.
15
 “ഈ പൂക്കളെല്ലാം എന്നുമിങ്ങനെ മാലകോർത്ത്
വണ്ടിക്കാർക്ക് കൊടുക്കാതെ വല്ലപ്പോഴുമൊക്കെ നിനക്ക് നിന്റെ മുടിയിലും ചൂടിക്കൂടെ.?”
ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു
 “മാല കോർത്തു കൊടുത്താൽ അവര് അഞ്ചും പത്തുമൊക്കെ വച്ച്  തരും.അതെന്തിനാ വേണ്ടാന്ന് വയ്ക്കുന്നത് ?”
നിഷ്കളങ്കമായ അവളുടെ ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി.
“എന്തിനാ ഇങ്ങനെ ഓടിനടന്നു സമ്പാദിക്കുന്നത്.. നിന്റെ കല്യാണത്തിനായിട്ടാ?”
അവളുടെ മുഖത്തപ്പോൾ മറ്റൊരു ഇലഞ്ഞിമരം പൂവ് വിടർത്തുന്നത് ഞാൻ കണ്ടു.
 16
 ഓട്ടോയിൽ ചാർത്താനായി പിന്നീട് ഞാനും പതിവായി അവളോട് മാല വാങ്ങാൻ തുടങ്ങി.അവൾ ആദ്യമൊന്നും അതിന് കാശുവാങ്ങാൻ  തയ്യാറായില്ലെങ്കിലും ഞാൻ ബലമായി തന്നെ അത് അവളുടെ കൈയ്യിൽ വച്ചുകൊടുക്കുമായിരുന്നു. അതുപോലെ പലഹാരങ്ങൾ വിറ്റിട്ട് തിരികെ നടന്നു വരുന്ന വഴി എവിടെവച്ച് കണ്ടാലും  ഞാൻ ഓട്ടോയിൽ കയറ്റി അവളെ അവരുടെ വാടക വീടിന് മുന്നിൽ കൊണ്ടിറക്കിയും വിടുമായിരുന്നു.ഇതൊന്നും അവളുടെ ആങ്ങള ചെറുക്കന് തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല എന്ന് അവന്റെ മുഖഭാവം കൊണ്ടുതന്നെ എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.എനിക്ക് പക്ഷെ അവളുടെ അമ്മയെയായിരുന്നു ഭയം.പ്രായമായ പെൺകുട്ടി.പോരാത്തതിന് അന്യനാടും..!
17
എന്റെ ആശങ്ക പക്ഷെ അസ്ഥാനത്തായിരുന്നു എന്ന് തെളിയാൻ അധികദിവസം വേണ്ടിവന്നില്ല.വീട്ടിലേക്കു വേണ്ട സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാൻ ഇറങ്ങിയതായിരുന്നു അവളും അമ്മയും കൂടി.അപ്പോഴായിരൂന്നു ഞാൻ ഏതോ ഓട്ടം കഴിഞ്ഞ് അതുവഴി വന്നത്.അവൾ പെട്ടെന്ന് ഓട്ടോയ്ക്ക് മുമ്പിലേക്ക് കയറി നിന്ന് കൈകാണിച്ചു.അവിടെ,റോഡരികിലായി വേറെയും ഓട്ടോകൾ ഓട്ടം കാത്ത് കിടപ്പുണ്ടായിരുന്നു.എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനുമുമ്പ് അവൾ വണ്ടിയിലേക്ക് ചാടിക്കയറി ഇരുന്നു കഴിഞ്ഞിരുന്നു.പുറകെ അവളുടെ അമ്മയും.
മറ്റുള്ള വണ്ടിക്കാരുടെ തുറിച്ചു നോട്ടങ്ങളെ അവഗണിച്ചുകൊണ്ട് ഞാൻ പതിയെ ഓട്ടോ മുന്നോട്ടെടുത്തു.
കവലയിൽ ഓട്ടോകൾക്കായി പ്രത്യേകം സ്റ്റാൻഡ് ഉണ്ടായിരുന്നെങ്കിലും ഞാൻ അധികം അവിടേക്ക് പോകാറില്ലായിരുന്നു.അല്ലാതെ തന്നെ എനിക്ക് ധാരാളം ഓട്ടം കിട്ടുന്നുണ്ടായിരുന്നു.അത് മറ്റുള്ള വണ്ടിക്കാർക്ക് അത്രയ്ക്ക് പിടിക്കുന്നുണ്ടായിരുന്നില്ല എന്നും എനിക്കറിയാമായിരുന്നു.അതിന്റെ കൂടെയാണ് ഇപ്പോൾ ഇതും!
വരുന്നത് വരുന്നിടത്തുവച്ച് കാണാം എന്നുകരുതി ഞാൻ ഓട്ടോ ഒന്നുകൂടി സ്പീഡിൽ മുന്നോട്ടു വിട്ടു.
18
 ഓട്ടോയിലിരുന്നുകൊണ്ട് എന്നെപ്പറ്റി വാതോരാതെ  ഏതാണ്ടൊക്കെയോ അവൾ അമ്മയോട്  പറയുന്നുണ്ടായിരുന്നു.ഞാനാകട്ടെ വല്ലാത്ത ഒരു അവസ്ഥയിലുമായിരുന്നു.അവളുടെ അമ്മ തെറ്റിദ്ധരിക്കുമോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.ഞാൻ ഇടയ്ക്കിടെ കണ്ണാടിയിൽക്കൂടി അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവരുടെ മുഖത്ത് പക്ഷെ ചിരിയായിരുന്നു.മാർക്കറ്റിൽ
എത്തുവോളം പിന്നിൽനിന്ന് അവളുടെ കലപിലയും അവളുടെ അമ്മയുടെ അടക്കിപ്പിടിച്ച ചിരിയും ഉയർന്നുകേൾക്കാമായിരുന്നു.
മാർക്കറ്റിൽ എത്തിയശേഷം ഒഴിഞ്ഞൊരു സ്ഥലം നോക്കി വണ്ടി പാർക്ക് ചെയ്തിട്ട് ഞാനും അവരോടൊപ്പം മാർക്കറ്റിനുള്ളിലേക്ക് നടന്നു.അപ്പോഴേക്കും എനിക്കൊരു ആത്മധൈര്യം വന്നുകഴിഞ്ഞിരുന്നു.അവര് വാങ്ങിക്കൂട്ടിയ സാധനങ്ങളൊക്കെ ചുമന്ന് ഓട്ടോയിൽ കൊണ്ടുവച്ചതും ഞാൻതന്നെയായിരുന്നു.തിരികെ പോരുമ്പോൾ പക്ഷെ രണ്ടുപേരും നിശബ്ദരായിരുന്നു.ഒരുപക്ഷെ സാധനങ്ങളെല്ലാം വാങ്ങാനുള്ള കാശ് തികഞ്ഞിട്ടുണ്ടാവില്ല.അവരെ അവരുടെ വാടക വീടിന് മുന്നിൽ കൊണ്ടുചെന്ന് ഇറക്കിവിട്ട്, വാങ്ങിയ സാധനങ്ങളും എടുത്ത് വിടിനുള്ളിലേക്ക് വച്ച് തിരിയാൻ തുടങ്ങുമ്പോഴായിരുന്നു അത്.
“ഇന്താ കണ്ണേ ..”
അവളുടെ അമ്മ മടക്കിപ്പിടിച്ച ഏതാനും നോട്ടുകളുമായി എന്റെ നേരെ വന്നു.ഓട്ടോചാർജ്ജാണ്.
“പറവെയില്ലമ്മ,ഇരിക്കട്ട്..”
അറിയാവുന്ന തമിഴിൽ ഞാൻ പറഞ്ഞു.
“നീങ്കെ എങ്ങൾക്ക് കടവുൾ മാതിരി കണ്ണേ…
ഏഴകൾക്ക് ഒരേ തുണൈ.!”‘
ചിരിച്ചുകൊണ്ട് അവർ എന്റെ പോക്കറ്റിലേക്ക് കൈയ്യിലിരുന്ന ആ നോട്ടുകൾ കുത്തിത്തിരുകി.എല്ലാം അഞ്ചിന്റെയും പത്തിന്റെയുമൊക്കെ നോട്ടുകൾ..!
 19
പതിവുപോലെ അന്നും രാവിലെ ഞാൻ ടാപ്പിംഗിന് പോയതായിരുന്നു.സമയം ആറുമണിയോടടുത്തെങ്കിലും ഇരുട്ട് പൂർണമായും വിട്ടുമാറിയിരുന്നില്ല.ദൂരെയെവിടെനിന്നോ ഉയരുന്ന അമ്പലത്തിലെ പ്രഭാതകീർത്തനം ആസ്വദിച്ചുകൊണ്ട് ഞാൻ വേഗത്തിൽ നടന്നു.എന്റെ
വീട്ടിൽ നിന്നും ഏറിയാൽ ഏഴോ എട്ടോ മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ അവിടേക്ക്.അവൾ അവിടെ  ഉണ്ടാകുമെന്ന് അറിയാമായിരുന്നതിനാൽ അവൾക്കും കൂടിയുള്ള കട്ടൻകാപ്പിയും അന്ന് ഞാൻ കരുതിയിരുന്നു. ഉദ്ദേശിച്ചതുപോലെ അവൾ അവിടെ ഉണ്ടായിരുന്നു.പൂക്കൾ പെറുക്കുകയായിരുന്നില്ല. കൊഴിഞ്ഞുവീണ ഇലഞ്ഞിപ്പൂക്കളുടെ മുകളിലേക്ക് മുഖമണച്ച് കിടക്കുകയായിരുന്നു, ആകെ രക്തത്തിൽ കുളിച്ച്..
 എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.എങ്കിലും
പെട്ടന്നുതന്നെ അവളെ കോരിയെടുത്തുകൊണ്ട് ഞാൻ ആകുന്നത്ര സ്പീഡിൽ ഓടി.ഒടുവിൽ എന്റെ ഓട്ടോയിൽ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും…
20
 എല്ലാവരുടെയും സംശയകണ്ണുകൾ എന്റെ നേരെയായിരുന്നു.അവളുടെ ആങ്ങള ചെറുക്കൻ അതിന് കൂടുതൽ കരുത്തും പകർന്നതോടെ ഞാൻ പൊലീസിന്റെ പിടിയിലുമായി.അതിനു മുമ്പുതന്നെ നാട്ടുകാർ എന്റെ ഓട്ടോ അടിച്ചുതകർത്തിരുന്നു.അതിന് നേതൃത്വം കൊടുത്തതാകട്ടെ കവലയിലെ ആ ഓട്ടോക്കാരും! അവർക്ക് നേരത്തെ തന്നെ എന്നോടുണ്ടായിരുന്ന ചൊരുക്ക് തീർത്തതാണ്. പക്ഷെ അതിലുമേറെ എന്നെ വിഷമിപ്പിച്ചത് അവളുടെ അമ്മയുടെ ആ പ്രവൃത്തിയായിരുന്നു.
വിവരമറിഞ്ഞ് ആശുപത്രിയിലേക്ക് പാഞ്ഞുവന്ന അവർ എന്റെ നേരെ കൈ ചൂണ്ടി അലറി :
“ഇന്ത നായ താൻ…ഇന്ത നായ താൻ എൻ കൊളന്തൈയേ കൊലപണ്ണീത് ..!!”
 21
ജീവപര്യന്തം ശിക്ഷ കഴിഞ്ഞുള്ള വരവാണ് ഇപ്പോൾ എന്റേത്.എന്നെ കാത്തിരിക്കാൻ ഇന്ന് എന്റെ അമ്മയോ സഹോദരിമാരോ ഇല്ല.നാട്ടുകാരുടെ കുത്തുവാക്കുകൾ കേട്ടുമടുത്ത് ഒരു നാൾ അവരും..!
 ഇതിനിടയ്ക്ക് ശിവകാമിയെ പീഡിപ്പിച്ചു കൊന്നത് ഞാൻ ടാപ്പിംഗിന് പൊയ്ക്കോണ്ടിരുന്ന ആ സ്ഥലത്തിന്റെ ഉടമ തന്നെയായിരുന്നു എന്ന് ജയിലിൽ വച്ച് ഒരു പൊലീസുകാരൻ എന്നോട് രഹസ്യമായി പറയുകയുണ്ടായി.അവരൊക്കെ വലിയ പുള്ളികളായതിനാൽ കേസ് ഒതുക്കപ്പെട്ടതാണത്രെ!
22
പകല് മാറി സന്ധ്യയും രാത്രിയുമായി.പാതിമറഞ്ഞ
നിലാവ് എനിക്ക് വഴിക്കാട്ടിക്കൊണ്ടിരുന്നു.വിജനമായ വഴികളിലൂടെ അനക്കമറ്റ വഴിയോരവൃക്ഷങ്ങളുടെ ഇരുണ്ട നിഴലുകളിൽ ചവിട്ടി ഞാൻ അങ്ങനെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു.നഗ്നമായ കാൽപ്പാദങ്ങൾ ടാറിട്ട റോഡിലെ ചൂടിൽ പൊള്ളിക്കുടുന്നിരുന്നുവെങ്കിലും എനിക്കൊട്ടും വേദനിക്കുന്നുണ്ടായിരുന്നില്ല; വിശപ്പും ദാഹവുമൊന്നും എന്നെ അലട്ടിയിരുുന്നുമില്ല.എന്റെ മനസ്സിൽ അപ്പോൾ ആ മരം മാത്രമായിരുന്നു.
 23
 ജയിലിൽ കിടക്കുമ്പോഴും പലപ്രാവശ്യം ആ ഇലഞ്ഞി മരം എനിക്ക് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.ഖലീൽ
ജിബ്രാന്റെ അനശ്വര പ്രണയകാവ്യങ്ങൾക്ക് മൂകസാക്ഷിയായി നിൽക്കേണ്ടി വന്ന ലെബനോനിലെ ദേവദാരുക്കളെപ്പോലെ അത് അവിടെത്തന്നെ നിൽപ്പുണ്ടായിരുന്നു; അവസാനത്തെ ഇലയും വാടിക്കൊഴിഞ്ഞ്,പൂർണ്ണ നഗ്നയായി,വെയിലും മഴയും നിലാവും ഒന്നും അറിയാതെ..
 24
എന്റെ ഓർമ്മകളുടെ അവസാനത്തെ ഇലയും ഇവിടെ കൊഴിഞ്ഞു വീഴുകയാണ്.ഇപ്പോൾ ഞാൻ ഇലകളെല്ലാം കൊഴിഞ്ഞ ആ മരത്തെപ്പോലെ നഗ്നനും ശൂന്യനുമാണ്.എങ്കിലും മണ്ണടരുകൾക്കു കീഴെ ഇനിയും ഉണങ്ങാത്ത വേരുകളുടെ അറ്റത്തെന്നപോലെ എവിടെയോ ഓർമകളുടെ ഒരു ചെറുനനവ് കണ്ണീരായി പിന്നെയും എന്നിൽ ബാക്കിനിൽക്കുകയാണ്..
25
പാതിമറഞ്ഞ നിലാവ് വഴിയിൽ പലയിടത്തും നിഴലുമായി ഇണചേരുന്നത് എനിക്കു കാണാമായിരുന്നു.എനിക്കപ്പോൾ വീണ്ടും ശിവകാമിയെ ഓർമ്മവന്നു.ദാവണി മാത്രം ധരിക്കുന്ന,കുപ്പിവളകളുടെയും കാൽ കൊലുസിന്റെയും കിലുക്കമുള്ള,ചീകി പകുത്ത മുടി രണ്ടായി പിന്നി പുറകോട്ടിട്ടിരിക്കുന്ന..
വീണ്ടും ഓർമ്മകൾ വന്ന് എന്നിൽ  നിറയുകയായിരുന്നു.അതിന്റെ തീച്ചൂടിലെന്നവണ്ണം പിന്നെയും എന്നെ വെട്ടിവിയർക്കാൻ തുടങ്ങി.
 26
 പേരറിയാപ്പൂവുകൾ തിടംവച്ചുനിൽക്കുന്ന വഴിയോരങ്ങൾ..
 ആ വഴിയോരപ്പച്ചപ്പടർപ്പുകൾക്കു മേലേ ഏതൊക്കെയോ കിളികളുടെ കളകൂജനം.
  പതിവുപോലെ ഈ വസന്തത്തിലും ആ ഇലഞ്ഞിമരം നിറയെ പൂവിട്ടിരുന്നെങ്കിൽ..
 ഞാൻ അറിയാതെയെന്നവണ്ണം ആശിച്ചു പോയി.പെട്ടെന്നു തന്നെ ഞാൻ എന്നെ തിരുത്തുകയും ചെയ്തു.
പൂവുകളെല്ലാം പെറുക്കി മാലയാക്കി വണ്ടിക്കാർക്ക് കൊടുക്കാനും ദാവണിയുടെയും പാദസരത്തിന്റെയും കുപ്പിവളകളുടെയുമൊക്കെ കിലുക്കവുമായി ഓടിനടക്കാനും ഇന്ന് ശിവകാമിയില്ലല്ലോ…!
ഒരു പക്ഷി എന്റെ തലയ്ക്കു മുകളിലൂടെ പെട്ടെന്ന് ചിലച്ചുകൊണ്ട് ചിറകടിച്ചു പറന്നുപോയി.കാണാതായ തന്റെ ഇണയെത്തേടിയുള്ള പരക്കംപാച്ചിലാകുമോ അതിന്റേതും! അതോ ഇനി…?
മനസ്സിന്റെ ആഗ്രഹം എന്നപോലെ പെട്ടെന്ന് ശിവകാമിയുടെ രുപം എന്റെ മുന്നിൽ തെളിഞ്ഞു.അവളുടെ കണ്ണുകളിൽ ക്ഷമാപണത്തിന്റെ നനവ്!
 27
 ഇരുട്ടിന്റെ മറപറ്റി ഒരിക്കൽ കൂടി എനിയ്ക്കാ മരച്ചുവട്ടിലേക്ക് പോകണം.എന്നിട്ട് ഇലകൾ കൊഴിഞ്ഞ അതിന്റെ ശിഖരങ്ങൾക്കിടയിൽക്കൂടി പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെളിച്ചത്തിൽ നക്ഷത്രങ്ങളുടെ കണ്ണുവെട്ടിച്ച് ആകാശത്തേക്ക് നോക്കി മനസ്സുതുറന്ന് ഒന്നു പൊട്ടിച്ചിരിക്കണം.പിന്നെ അവിടെ വച്ച്.. അവിടെ വച്ച് എനിക്കെന്റെ പ്രണയം പൂർത്തീകരിക്കണം!
                                                -0-

Back to top button
error: