Breaking NewsNEWS

സോണിയ ഗാന്ധി വീട്ടുവാടകയും, എ.ഐ.സി.സി ഓഫീസ് വാടകയും അടക്കുന്നില്ലെന്ന് വിവരാവകാശ രേഖ

പത്തു വർഷമായി എ.ഐ.സി.സി ഓഫീസിൻ്റെ വാടക നൽകിയിട്ടില്ല. കോൺഗ്രസ് പ്രസിഡൻ്റ് സോണിയ ഗാന്ധിയുടെ വീട്ടുവാടകയും ഒന്നര വർഷമായി കുടിശ്ശികയാണ്. നാലര പതിറ്റാണ്ടിലേറെ ഇന്ത്യ ഭരിച്ച കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ തികച്ചും പരിതാപകരം തന്നെ

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഔദ്യോഗിക വസതിക്ക് വാടക കുടിശിക. 2020 സെപ്റ്റംബറിന് ശേഷം വാടക നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ രേഖ.

പത്ത് വര്‍ഷമായി എ.ഐ.സി.സി ആസ്ഥാനത്തിന്‍റെ വാടകയും കുടിശികയാണ്. വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സോണിയ ഗാന്ധിയുടെ വസതിയുടെ വാടക കുടിശിക ഉടൻ തന്നെ അടയ്ക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

സോണിയ ഗാന്ധിയുടെ വസതിക്ക് വാടക കുടിശികയെന്ന് കേള്‍ക്കുമ്പോള്‍ ഭീമമായ തുകയാണന്ന് തെറ്റിദ്ധരിക്കരുത്. വെറും നാലായിരത്തി അറൂനൂറ്റി പത്ത് രൂപയാണ് കുടിശിക. എന്നാല്‍ 17മാസമായി പത്ത് ജന്‍പഥിലെ ഔദ്യോഗിക വസതിയുടെ വാടക അടച്ചിട്ടില്ല. സുജിത് പട്ടേല്‍ എന്ന വിവരാവകാശ പ്രവര്‍ത്തകന് ഹൗസിംഗ് ആന്‍റ് അര്‍ബന്‍ ഡവലപെന്‍റ് മന്ത്രാലയം നല്‍കിയ വിവരാവകാശ രേഖയുടെ വിവരങ്ങള്‍ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് പുറത്ത് വിട്ടത്.

അതേസമയം എസ്.പി.ജിയായിരുന്നു സോണിയ ഗാന്ധിയുടെ വസതിയുടെ വാടക നല്‍കിയിരുന്നതെന്നും സുരക്ഷ പിന്‍വലിച്ച ശേഷം കുടിശികയായ വിവരം അറിഞ്ഞില്ലെന്നുമാണ് കോണ്‍‍ഗ്രസ് നൽകുന്ന വിശദീകരണം.
അഴിമതി നടത്താന്‍ അവസരം കിട്ടാത്തതിനാല്‍ സോണിയയുടെ കൈയില്‍ പണം കാണില്ല എന്ന പരിഹാസവുമായി ബി.ജെ.പി രംഗത്തെത്തി. സോണിയ റിലീഫ് ഫണ്ടിലേക്ക് പത്ത് രൂപ അയച്ച് സഹായിക്കണമെന്ന ക്യാമ്പയിനും സമൂഹ മാധ്യമങ്ങളില്‍ ബി.ജെ.പി പ്രവർത്തകർ തുടങ്ങിയിട്ടുണ്ട്.

Back to top button
error: