കുരങ്ങുപനി കേസ് വയനാട് തിരുനെല്ലി പഞ്ചായത്തിലെ 24കാരന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പപ്പാറ സിഎച്ച്സിയിൽ ചികിത്സ തേടുകയും തുടർന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.
ഇതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ ആർക്കും കുരങ്ങുപനി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസം മുൻപ് കർണാടകയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് മുതൽ തന്നെ ജില്ലയിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ അപ്പപ്പാറ, ബേഗുർ ഭാഗങ്ങളിൽ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളിൽ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.