ബാംഗളുരു :ശിരോവസ്ത്ര വിവാദം വലിയൊരു ക്രമസമാധാനപ്രശ്നമായി മാറിയിരിക്കെ ഇതുസംബന്ധിച്ച് ഹൈക്കോടതി ഇന്നു വിധി പുറപ്പെടുവിച്ചേക്കും. ശിരോവസ്ത്രം നിരോധിച്ച കോളജ് അധികൃതരുടെ തീരുമാനത്തിനെതിരേ ഉഡുപ്പി ഗവ. പിയു കോളജിലെ അഞ്ചു വിദ്യാർഥിനികൾ സമർപ്പിച്ച ഹർജിയിൽ ഇന്നലെ വാദം കേട്ട ഹൈക്കോടതി സമാധാനം പുനഃസ്ഥാപിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അഭ്യർഥിച്ചു.
യൂണിഫോം സംബന്ധിച്ച് ഭരണഘടന പറയുന്നത് എന്താണോ അതനുസരിച്ച് കോടതിയും തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ദീക്ഷിത് കൃഷ്ണ ഷ്രിപാദിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശിരോവസ്ത്രം ധരിക്കണമെന്ന് ഖുറാനിൽ ഏതുഭാഗത്താണ് നിർദേശിക്കുന്നതെന്ന് ആരാഞ്ഞ കോടതി പ്രസ്തുത ഭാഗത്തിന്റെ പകർപ്പ് കോടതിലൈബ്രറിയിൽനിന്ന് ലഭ്യമാക്കാനും വായിക്കാനും പ്രതിഭാഗത്തോട് ആവശ്യപ്പെട്ടു.