IndiaNEWS

കര്‍ണാടകയിൽ വസ്ത്ര വിവാദം കത്തുന്നു, പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തി; ആണ്‍കുട്ടികള്‍ കാവിയണിഞ്ഞും

  ബംഗളുരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റാതെ കോളജ് അധികൃതര്‍. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപം കുന്ദാപുരത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളജില്‍ കഴിഞ്ഞ ദിവസമാണ് വസ്ത്രവിവാദം കത്തിപ്പടർന്നത്. ഏതാനും പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ കോളജിലെ നൂറോളം ആണ്‍കുട്ടികള്‍ കാവി അണിഞ്ഞെത്തി.

സംഭവം വിവാദമായതോടെ കുന്ദാപുര എം.എല്‍.എ. ഹലാദി ശ്രീനിവാസന്റെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ യൂണിഫോം ചട്ടം പാലിക്കണമെന്ന പൊതുധാരണയില്‍ യോഗം പിരിഞ്ഞു. എന്നാല്‍, പെണ്‍കുട്ടികളില്‍ ചിലര്‍ ഹിജാബ് ധരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇവരെ ക്ലാസില്‍ കയറ്റില്ലെന്ന് കോളജ് അധികൃതര്‍ നിലപാടെടുത്തു.

ഒടുവിൽ വിദ്യാർത്ഥികൾ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചു. വിദ്യാര്‍ഥിനികളുടെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പരീക്ഷയ്ക്ക് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഹിജാബ് ധാരണത്തെച്ചൊല്ലി കോളജ് അധികൃതര്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ് എന്ന് വിദ്യാര്‍ഥിനികൾ ചോദിക്കുന്നു. കോളജില്‍ ഹിജാബ് ധരിക്കാമെന്നും എന്നാല്‍, ക്ലാസ് മുറിക്കുള്ളില്‍ അവ മാറ്റണമെന്നുമാണ് പൊതുചട്ടം.

പുതിയ തീരുമാനം നടപ്പിലാകും വരെ തല്‍സ്ഥിതി പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ് എന്നായിരുന്നു ഉഡുപ്പി ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി എസ്. അംഗാരയുടെ പ്രതികരണം. ഓരോ കോളജിനും ഓരോ ചട്ടമുണ്ടാക്കുകയെന്നത് ബുദ്ധിമുട്ടാണ്. വിഷയത്തില്‍ ജില്ലാ ഭരണകൂടവുമായി ആശയ വിനിമയം നടത്തും. തുടര്‍ന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് അനുയോജ്യമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് കര്‍ണാടകയില്‍ വസ്ത്ര ധാരണ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ കോളജ് കവാടം അടയ്ക്കുന്നത്.

Back to top button
error: