ഇലക്ട്രിക് വാഹനങ്ങൾക്ക് സുവർണകാലം വരുന്നു, പരമാവധി പ്രോത്സാഹിപ്പിക്കും; ബാറ്ററി ചാര്‍ജിങ്ങ് സംവിധാനം വ്യാപിപ്പിക്കും
ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകും. ഇലക്ട്രിക് ചാർജിങ്ങ് സെന്ററുകൾ വ്യാപിപ്പിക്കും. സീറോ ഫോസിൽ ഫ്യുവൽ പോളിസിക്ക് കൂടുതൽ പ്രാധാന്യം നൽകും
മലിനീകരണ മുക്തമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രാധാന്യം നൽകി 2022-23 കേന്ദ്ര ബജറ്റ്. ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾക്ക് പരമാവധി പ്രോത്സാഹനം നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്ര ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനായി ഇലക്ട്രിക് ചാർജിങ്ങ് സെന്ററുകൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇലക്ട്രിക് വാഹനങ്ങളെ മാത്രം ഉൾപ്പെടുത്തി പ്രത്യേക സോണുകൾ ഒരുക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.
ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് പുറമെ, ഇത്തരം വാഹനങ്ങളുടെ ബാറ്ററി കൈമാറ്റം ചെയ്യുന്നതിനുള്ള നയവും (ബാറ്ററി സ്വാപ്പിങ്ങ് സംവിധാനം) കേന്ദ്ര സർക്കാർ ഒരുക്കും. ചാർജിങ്ങ് കേന്ദ്രങ്ങൾ ഒരുക്കാനുള്ള സ്ഥലപരിമിതിയുള്ള പ്രദേശങ്ങളിലായിരിക്കും ഈ സംവിധാനം വരുത്തുക.
ബാറ്ററികൾ നിർമിക്കുന്നതിനും ഊർജം ഉത്പാദിപ്പിക്കുന്നതിനുമായി സ്വകാര്യ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് ഇലക്ട്രിക് വാഹനങ്ങളുടെ വ്യാപനത്തിന് സഹായിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. സീറോ ഫോസിൽ ഫ്യുവൽ പോളിസിക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും മന്ത്രി അറിയിച്ചു.