സംസ്ഥാനത്ത് ആവശ്യമെങ്കിൽ വീണ്ടും സമൂഹ അടുക്കളകൾ തുടങ്ങുന്നതിന് മന്ത്രിസഭായോഗത്തിൽ നിർദേശം. ആരും പട്ടിണികിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു കുടുംബത്തിലെ മുഴുവൻ പേർക്കും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ന് വിളിച്ചു ചേർത്ത മന്ത്രി സഭായോഗത്തിലാണ് തീരുമാനം.
കൊവിഡ് മൂന്നാം തരംഗം നേരത്തെ ആകുമെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തൽ. ഫെബ്രവരി 15നകം സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നേരത്തെ വിലയിരുത്തിയിരുന്നത്. മൂന്നാം തരംഗ ഭീഷണിയെ തുടർന്ന് തദ്ദേശ സ്ഥാപനങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാൻ ജില്ലയുടെ ചുമതലയുളള മന്ത്രിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്