വിവാഹച്ചടങ്ങിനിടെ വള്ളം മുങ്ങി നാൽപ്പതോളം പേർ പുഴയിൽ വീണു, സംഭവം കോട്ടയം വിൻസർകാസിലിൽ
വിൻസർകാസിൽ ഹോട്ടലിൽ നടന്ന വിവാഹ ചടങ്ങിനിടയിൽ വള്ളം മുങ്ങി വരനും വധുവും ഉൾപ്പടെ 40ഓളം പേർ വെള്ളത്തിൽ വീണു. നഗരത്തിലെ ഒരുവൻ വ്യവസായ ഗ്രൂപ്പിലെ ഇളമുറക്കാരൻ്റെ വിവാഹ ചടങ്ങിനിടയിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. പക്ഷേ മാനക്കേട് ഭയന്ന് വിവാഹസംഘം പരാതി പോലും നൽകാൻ തയ്യാറായില്ല
കോട്ടയം: നഗരത്തിലെ ആഡംബര ഹോട്ടലായ കോടിമത വിൻസർകാസിലിൽ നടന്ന വിവാഹപ്പാർട്ടിക്കിടെ വള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന നാൽപ്പതോളം പേർ വെള്ളത്തിൽ വീണു. പക്ഷേ ഭാഗ്യം കൊണ്ട് കാര്യമായ പരിക്കൊന്നും കൂടാതെ ഏവരും രക്ഷപെട്ടു. എന്നാൽ പലരുടെയും മൊബൈൽ ഫോണും പെഴ്സുമൊക്കെ വെള്ളത്തിൽ മുങ്ങിപ്പോയി. എന്നാൽ, വള്ളം മുങ്ങി വിവാഹച്ചടങ്ങിൽ വൻ പ്രശ്‌നങ്ങളുണ്ടായെങ്കിലും മാനക്കേട് ഭയന്ന് വിവാഹ സംഘം പരാതി നൽകാൻ തയ്യാറായില്ല.
കഴിഞ്ഞ ദിവസം വിൻസർ കാസിൽ ഹോട്ടലിലാണ് സംഭവം നടന്നത്. കോട്ടയത്തെ ഒരുവൻ വ്യവസായ ഗ്രൂപ്പിലെ ഇളമുറക്കാരൻ്റെ വിവാഹ ചടങ്ങിനിടയിലാണ് അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. രണ്ടു വള്ളങ്ങൾ കൂട്ടിക്കെട്ടിയാണ് വിവാഹസംഘം ചടങ്ങുകൾ നടത്തിയത്. ഹോട്ടലിനുള്ളിൽ നിന്നും കൊടൂരാറ്റിലേയ്ക്കുള്ള കൈവഴിയിൽ വള്ളം നിർത്തിയിട്ടാണ് ചടങ്ങുകൾ നടത്തിയത്.
ഇതിനിടെ ഒരു വള്ളത്തിലെ പലക തെന്നുകയും, ആ വള്ളം മറിയുകയുമായിരുന്നു. ഇതേ തുടർന്ന് രണ്ടാമത്തെ വള്ളവും മറിഞ്ഞു.
ഇതിനു പിന്നാലെ വിവാഹ സംഘം ഒന്നടങ്കം വെള്ളത്തിൽ വീണു. വരനും വധുവും അടങ്ങിയവരെല്ലാം വെള്ളത്തിലേയ്ക്കു വീണു. ഹോട്ടൽ ജീവനക്കാർ അടക്കമുള്ളവർ ഓടിയെത്തിയാണ് വിവാഹ സംഘത്തെ വെള്ളത്തിൽ നിന്നും രക്ഷിച്ച് കരയ്ക്കു കയറ്റിയത്. ഇതിനിടെ ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ അടക്കം വിലപിടിപ്പുള്ള പല സാധനങ്ങളും വെള്ളത്തിൽ വീണു. ഇതോടെയാണ് സ്ഥിതി രൂക്ഷമായത്.
നിലവിൽ ആരും പൊലീസിൽ പരാതിയും നൽകിയിട്ടില്ല. വിഷയത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും ഹോട്ടലിനുള്ളിലുണ്ടായ അപകടം സംബന്ധിച്ച് പരാതികളില്ലാത്ത സാഹചര്യത്തിൽ മറ്റു നടപടികളും ഉണ്ടായിട്ടില്ല.