പാക്സൈന്യത്തെ ഒരു രാത്രിമുഴുവൻ അതിർത്തിയിൽ തടഞ്ഞുനിർത്തിയ മേജർ കുൽദീപ്സിങ് ചാന്ദ്പുരിയുടെ ലോം ഗേവാലയിലേക്ക് ഒരു യാത്ര
1971-ലെ ആ യുദ്ധവിജയത്തിന്റെ അമ്പതാംവർഷം ആഘോഷിക്കപ്പെടുമ്പോൾ കുൽദീപ്സി ങ് ചാന്ദ്പുരിയുടെ വീരസാഹസിക കഥകളാൽ നിറഞ്ഞ, പാക്കിസ്ഥാൻ അതിർത്തി ഗ്രാമമായ ലോംഗേവാലയിലേക്ക് ജയ് സാൽമേർ കടന്ന്
രാജസ്ഥാൻ മരുഭൂമിയിലൂടെയുള്ള ഒരു യാത്ര.
ഇന്ത്യ-പാക് അതിർത്തിയിൽ, കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന മണൽപ്പരപ്പിലെ ചെറിയൊരു ഗ്രാമമാണ് ലോംഗോവാല.ആട് വളർത്തലാണ് ഇവിടുത്തെ ഗ്രാമവാസികളുടെ പ്രധാന തൊഴിൽ.
ജയ്സാൽമേർ നഗരം കഴിഞ്ഞാൽ പിന്നെ പാതകൾ വിജനമാകും.ഇടയ്ക്കിടെ പോകുന്ന പട്ടാളവണ്ടികൾ ഒഴിച്ചാൽ വേറെ വാഹനങ്ങളൊന്നുമില്ല.റോഡിന് ഇരുവശവും മണൽക്കൂനകൾമാത്രം. കടകൾ പോലും വിരളം.പാകിസ്താൻ അതിർത്തിയിലേക്കാണ് യാത്ര.ആടുമേയ്ക്കുന്നവരല്ലാതെ ആരെയും വഴിയിലെവിടെയും കാണാൻ സാധിക്കില്ല.പോകുന്ന വഴിക്കാണ് തനോത്ത് ദേവീക്ഷേത്രം.അല്ലെങ്കിൽ. ‘അതിർത്തിരക്ഷാദേവി’ എന്ന് പട്ടാളം വിശ്വസിക്കുന്ന ക്ഷേത്രം. ബി.എസ്.എഫുകാരാണ് ക്ഷേത്രത്തിന്റെ സംരക്ഷകർ.
അവിടെനിന്ന് ലോംഗേവാലയിലേക്ക് പാത നീളുകയാണ്.ചിലയിടങ്ങളിൽ മരുക്കാറ്റിൽ റോഡുതന്നെ മൂടിപ്പോയിരിക്കുന്നു.ഒടുവിൽ ലോംഗേവാല ബോർഡർ ചെക്പോസ്റ്റിലെത്തി.ഇവിടെനിന്ന് കഷ്ടിച്ച് 14 കിലോമീറ്ററേയുള്ളൂ പാകിസ്താനിലേക്ക്.ദൂരെ മൊബൈ ൽടവർപോലുള്ള വലിയ ടവറുകളിൽ സദാ ജാഗരൂകരായി തോക്കേന്തിയ പട്ടാളക്കാർ.
ലോംഗേവാല! ഇവിടെയാണ് 1971-ലെ ഇന്ത്യ-പാക് യുദ്ധത്തിന്റെ മുദ്രകൾ ഇപ്പോഴും മറവിയുടെ മണൽമൂടാതെ കിടക്കുന്നത്.ജയ്സാൽമേറും ജോധ്പുരും ഒറ്റരാത്രികൊണ്ട് പിടിച്ചെടുത്ത്, നേരം പുലരുന്നതിന് മുമ്പ് ദില്ലിയിലെത്താമെന്ന് കരുതിയ പാക് സൈന്യം മേജർ കുൽദീപ്സിങ് ചാന്ദ്പുരിയുടെ നെഞ്ചുറപ്പിന് മുന്നിൽ തോറ്റ് തുന്നം പാടി തിരിഞ്ഞോടിയ അതേ സ്ഥലം !!
1971-സെപ്തംബറിലാണ് രാജസ്ഥാൻ മരുഭൂമിയിലെ ലോംഗേവാല എന്ന തന്ത്രപ്രധാനമായ ഒറ്റപ്പെട്ട അതിർത്തി താവളം ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽനിന്ന് പട്ടാളം ഏറ്റെടുത്തത്.മേജർ കുൽദീപ് സിങ് ചാന്ദ്പുരിയുടെ നേതൃത്വത്തിലുള്ള 23-ാം പഞ്ചാബ് റെജിമെന്റിന്റെ ‘ആൽഫാ’ കമ്പനിക്കായിരുന്നു ചുമതല. ചാന്ദ്പുരിയുൾപ്പെടെ 120 പേരാണ് ആ സംഘത്തിൽ ഉണ്ടായിരുന്നത്. ആ സെപ്റ്റംബർ മുതൽ ചാന്ദ്പുരി മരുഭൂമിയുടെ ഭാഗമായി. ഡിസംബർ നാലിന് രാത്രി പതിവുപോലെ 30 പേരടങ്ങുന്ന സംഘത്തെ പട്രോളിങ്ങിനായി ലെഫ്റ്റനന്റ് ധരംവീറിന്റെ നേതൃത്വത്തിൽ ചാന്ദ്പുരി അതിർത്തിയിലേക്ക് അയച്ചു. രാത്രി പതിനൊന്ന് മണിയോടെ ധരംവീറിന്റെ ആ വയർലസ് സന്ദേശമെത്തി. ‘അതിർത്തിക്കപ്പുറത്ത് എന്തൊക്കെയോ വലിയ ശബ്ദങ്ങൾ,
യുദ്ധടാങ്കുകളുടേതുപോലെ… പൊടിപടലങ്ങളും ഉയരുന്നുണ്ട്…’
കൂടുതൽ നിരീക്ഷിക്കാൻ ചാന്ദ്പുരി നിർദ്ദേശം കൊടുത്തു.താമസിയാതെ ആ സന്ദേശമെത്തി.’ടാങ്കുകളുമായി പാക് പട്ടാളം മുന്നോട്ടു വരികയാണ്..!’
ചാന്ദ്പുരി ഉടൻതന്നെ തന്റെ കമാൻഡിങ് ഓഫീസറെ വിവരമറിയിച്ചു. ഒപ്പമുണ്ടായിരുന്ന ബാക്കി 90 പേരോടും കാര്യങ്ങൾ വിശദീകരിച്ചു. അപ്രതീക്ഷിതമായ എന്തിനും തയ്യാറെടുക്കാൻ നിർദേശിച്ചു.പക്ഷെ കമാൻഡിങ് ഓഫീസർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അവരോട് പിന്തിരിയാനാണ് ആവശ്യപ്പെട്ടത്.എയർഫോഴ്സിന് രാത്രിയിൽ പറന്നെത്താനുള്ള അസൗകര്യവും ഏറ്റവും അടുത്ത് ക്യാമ്പ് ചെയ്തിരുന്ന രജപുത്താന റൈഫിൾസിന് അവിടെ എത്തിച്ചേരാനുള്ള സമയവും കണക്കുകൂട്ടിയതിനു ശേഷമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.എങ്കിലും താങ്കളുടെ തീരുമാനത്തിന് വിടുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്റെ ശരീരത്തിൽ കൂടിയല്ലാതെ അവരുടെ ടാങ്ക് മുന്നോട്ടു വരികയില്ലെന്നായിരുന്നു ചാന്ദ്പുരി അതിനു കൊടുത്ത മറുപടി!
അർധരാത്രി കഴിഞ്ഞതോടെ ലോംഗേവാലയിലെ ഇന്ത്യൻ ക്യാമ്പിനെ പാകിസ്താൻ പട്ടാളം യുദ്ധടാങ്കുകളുമായി വളഞ്ഞു. ചാന്ദ്പുരിയുടെ മുന്നിൽ ഒറ്റവഴിയേ ഉണ്ടായിരുന്നുള്ളൂ, ഒപ്പമുള്ളവർക്ക് ഊർജം പകരുക. !! സംഘത്തിലെ എല്ലാവരും സിഖുകാരായതിനാൽ ഗുരുഗോവിന്ദ് സിങ്ങിന്റെ ത്യാഗത്തിന്റെ കഥകൾ ഓർമിപ്പിച്ചു. ഓരോരുത്തരുടെയും അരികിൽച്ചെന്ന്, ”നീയൊരു സിഖുകാരനാണ്, രാജ്യത്തിനുവേണ്ടി പോരാടാൻ ജനിച്ചവനാണ്” എന്നുപറഞ്ഞു. അതിനുശേഷം ആ സംഘത്തോട് ചാന്ദ്പുരി പറഞ്ഞു: ”മരണംവരെ പോരാടുക, യുദ്ധഭൂമി ഉപേക്ഷിച്ച് ഞാനോടിപ്പോവുന്നത് കണ്ടാൽ നിങ്ങൾക്കെന്നെ വെടിവെച്ചിടാം. മറിച്ച് നിങ്ങളിലാരെങ്കിലുമാണ് ഓടുന്നതെങ്കിൽ അവർക്കുനേരെ വെടിയുതിർക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടായിരിക്കും.” മരുഭൂമിയിൽ ‘ഭോലെ സോ നിഹാൽ സത് ശ്രീ അകാൽ’ മുഴങ്ങി.
പാകിസ്താൻ കാലാൾപ്പടയുടെ മൂവായിരത്തോളം പട്ടാളക്കാരടങ്ങിയ 38-ാം ബലൂച്ച് റെജിമെന്റ് ആയിരുന്നു ലോംഗേവാല വളഞ്ഞിരുന്നത്. ജയ്സാൽമേറും ജോധ്പുരുമായിരുന്നു ലക്ഷ്യം.ചൈനീസ് നിർമിത 60 ടി-59 യുദ്ധടാങ്കുകളായിരുന്നു ആ സംഘത്തിന്റെ ശക്തി.അവർ തുടർച്ചയായി ഇന്ത്യൻ ക്യാമ്പിലേക്ക് വെടിയുതിർത്തുകൊണ്ടിരുന്നു. ബങ്കറുകളിലിരുന്ന് തന്റെ സംഘത്തിലെ ആരും തിരികെ ആക്രമിക്കരുതെന്ന നിർദേശം ചാന്ദ്പുരി നൽകി.എതിരാളികളെ പരമാവധി അരികിലേക്കെത്തിക്കുകയായിരുന്നു ലക്ഷ്യം. ടാങ്കുകളും പാക് പട്ടാളവും തന്റെ തോക്കുകളുടെ ലക്ഷ്യത്തിനരികിലെത്തിയെന്ന് മനസ്സിലാക്കിയതോടെ ചാന്ദ്പുരി തിരിച്ചടിക്ക് നിർദേശംനൽകി.ഇന്ത്യൻ റോക്കറ്റ് ലോഞ്ചറുകളും ആർ.സി.എൽ. തോക്കുകളും ശത്രുവിനുമേൽ കനത്ത നാശംതീർത്തു. ഒറ്റവെടിയുണ്ടപോലും പാഴായില്ല. 12 പാക് ടാങ്കുകൾ തകർന്നു.എങ്കിലും പാക് പട്ടാളം ആക്രമണം നിർത്തിയില്ല.ചാന്ദ്പുരിയുടെ കൂടെയുള്ള സൈനികരുടെ അംഗസംഖ്യ കൃത്യമായി അറിഞ്ഞുകൊണ്ടുള്ള വരവായിരുന്നു അവരുടേത്.ആടുകർഷകരിൽ ആരുടെയോ ഒറ്റൽ!
പക്ഷെ ചാന്ദ്പുരിയുടെ സൈന്യം പാക് പട്ടാളത്തെ ഒരടി മുന്നോട്ടു വയ്പ്പിക്കാതെ അവിടെ തന്നെ തടഞ്ഞു.ആ രാത്രി മുഴുവൻ ഇരുവിഭാഗവും വെടിയുതിർത്തുകൊണ്ടിരുന്നു.പിറ് റേന്ന് നേരംവെളുത്തതോടെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അതിർത്തിയിലേക്ക് പറന്നെത്തി, ശത്രുസൈന്യത്തിനുമേൽ തൃശ്ശൂർപ്പൂരവെടിക്കെട്ട് നടത്തി.അപ്പോഴേക്കും കുൽദീപിന്റെ സംഘത്തിനൊപ്പം ചേരാൻ 17-ാം രജ്പുത്താന റൈഫിൾസിന്റെ ബറ്റാലിയൻ അവിടെ എത്തിക്കഴിഞ്ഞിരുന്നു. പാക്പട് ടാളത്തിന്റെ ടാങ്കുകൾ പടപടാ തകരാൻ തുടങ്ങി.അതോടെ ബാക്കി ടാങ്കുകൾ അവിടെ തന്നെ ഉപേക്ഷിച്ചിട്ട് അവർ തിരിഞ്ഞോടി.നേരം പുലരുന്നതിനുമുമ്പ് ദില്ലിയിൽ കൊടി നാട്ടാനെത്തിയ പാക് പട്ടാളത്തെ ഇന്ത്യൻസൈന്യം മുച്ചൂടും തകർത്തുകളഞ്ഞു.ടാങ്കുകൾ ഉൾപ്പടെ വന്ന മൂവായിരത്തോളം പാക് പട്ടാളത്തെ വെറും 120 പേരുമായി നേരിട്ട മേജർ കുൽദീപ്സിങ് ചാന്ദ്പുരി ഇന്നും ഇന്ത്യൻ ജനതയുടെ ആവേശമാണ്.
പാക്സൈന്യത്തെ ഒരു രാത്രിമുഴുവൻ അതിർത്തിയിൽ തടഞ്ഞുനിർത്തിയ മേജർ കുൽദീപ്സിങ് ചാന്ദ്പുരിക്ക് രാജ്യം പരമോന്നത ബഹുമതികളിലൊന്നായ മഹാവീർചക്ര നൽകി ആദരിച്ചു.അതും യുദ്ധം ജയിച്ചതിന്റെ തൊട്ടടുത്തമാസംതന്നെ.ചാന്ദ്പുരി
കരസേനയിൽ നിന്നും 1996 ൽ ബ്രിഗേഡിയറായി വിരമിച്ച അദ്ദേഹം 2018 നവംബർ 17 നു പഞ്ചാബിലെ മൊഹാലിയിൽ വച്ച് ദിവംഗതനായി.