NEWS

കെ-റെയിൽ വിരുദ്ധ കവിത രചിച്ചതിൻ്റെ പേരിൽ റഫീഖ് അഹമ്മദിനെതിരെ സൈബർ സഖാക്കളുടെ ആക്രമണം

ഇടതുപക്ഷ അനുകൂലി എന്നാണ് കവി റഫീഖ് അഹമ്മദ് അറിയപ്പെടുന്നത്. പക്ഷേ അദ്ദേഹം എഴുതിയ കെ-റെയിൽ വിരുദ്ധ കവിത സി.പി.എമ്മിനെ ഞെട്ടിച്ചു കളഞ്ഞു. ഇതിൻ്റെ പേരിൽ സൈബർ സഖാക്കളുടെ വൻആക്രമണമാണ് റഫീഖ് അഹമ്മദ് നേരിട്ടുകൊണ്ടിരിക്കുന്നത്

തൃശൂർ : കെ-റെയിൽ വിരുദ്ധ കവിതയെഴുതിയ കവി റഫീഖ് അഹമ്മദ് നെതിരെ സി.പി.എം പ്രവർത്തകരുടെ സൈബർ ആക്രമണം.
ഇടതുപക്ഷ അനുകൂലിയാണെന്ന് കരുതപ്പെടുന്ന റഫീഖ് അഹമ്മദ് എഴുതിയ ‘ഹേ…. കേ…. എങ്ങോട്ട് പോകുന്നു ഹേ’ എന്ന് തുടങ്ങുന്ന കവിത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഒരു വിഭാഗം സി.പി.എം പ്രവർത്തകരുടെ വലിയ രീതിയിലുള്ള സൈബർ ആക്രമണം കവി റഫീഖ് അഹമ്മദ് നേരിടേണ്ടിവന്നത്. സൈബർ ആക്രമണം രൂക്ഷമായതോടെ മറു കവിത കൊണ്ട് റഫീഖ് അഹമ്മദ് പ്രതിഷേധക്കാർക്ക് മറുപടി നൽകി.

കെ-റെയിൽ വിരുദ്ധ കവിതയുടെ പൂർണ്ണരൂപം :

“ഹേ… കേ…

എങ്ങോട്ടു പോകുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
തണ്ണീർത്തടങ്ങളെ പിന്നിട്ട്
തെങ്ങിൻ നിരകളെപ്പിന്നിട്ട്
കണ്ടലും കാവും, കുളങ്ങളും പിന്നിട്ട്
സഹ്യനെക്കുത്തി മറിച്ചിട്ട്
പമ്പയെപ്പേരാറിനെ വഴിമുട്ടിച്ച്
പൊട്ടിത്തെറിക്കാതിരിക്കാൻ ശ്രമിക്കുന്ന
മുല്ലപ്പെരിയാർ ജലബോംബ് പിന്നിട്ട്
ദുർഗന്ധമാലിന്യ കേദാരമായ്ത്തീർന്ന
നല്ല നഗരത്തെരുവുകൾ പിന്നിട്ട്,
ശ്വാസത്തിനായിപ്പിടയും ഭയാകുല –
മാശുപത്രി കെട്ടിടങ്ങളെ പിന്നിട്ട്,
ക്രുദ്ധ വികസനോൽക്കർഷം കിടപ്പിടം
നഷ്ടപ്പെടുത്തിയ മൂലകൾ പിന്നിട്ട്
കുട്ടികൾ നിത്യം മരിയ്ക്കും വനവാസി
യൂരുകൾ തൻ ശപ്ത നേത്രങ്ങൾ പിന്നിട്ട്
മൂത്രമൊഴിക്കുവാൻ മുട്ടും വഴിയോര കാത്തിരിപ്പിൻ കൊച്ചു കേന്ദ്രങ്ങൾ പിന്നിട്ട്,
തീവ്രദാരിദ്ര്യക്കണക്കു കൂട്ടും സർവേ
ക്കല്ലുകൾ, പദ്ധതിക്കല്ലുകൾ പിന്നിട്ട്,
എങ്ങോട്ടു പായുന്നു ഹേ
ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ..
എന്തെടുക്കാ, നെന്തു കൊണ്ടുപോരാൻ
ഹേ … കേ …?”

Back to top button
error: