NEWS

നവീൻ പട്നായിക് രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി, പിണറായി അഞ്ചാമത്

ഇന്ത്യാ ടുഡേ സർവ്വേയിൽ രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി നവീൻ പട്നായിക്കാണ്. രണ്ടാം സ്ഥാനം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേടി. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ മൂന്നാംസ്ഥാനത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നാലാംസ്ഥാനത്തും എത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചാംസ്ഥാനമാണ് നേടാനായത്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷന്‍ സര്‍വേ. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പ‌ട്‌നായികാണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് എത്തിയത്. 71 ശതമാനം പേര്‍ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വര്‍ഷത്തില്‍ രണ്ടുതവണ സംഘടിപ്പിക്കുന്നതാണ് മൂഡ് ഓഫ് ദി നേഷന്‍ വോട്ടെടുപ്പ്,

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരില്‍ 69.9 ശതമാനം പേരും മമതാ ബാനര്‍ജിയെ അനുകൂലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 67.5 ശതമാനം വോട്ട് നേടി മൂന്നാംസ്ഥാനത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം വോട്ട് നേടി നാലാംസ്ഥാനത്തും എത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 61.1 ശതമാനം വോട്ട് നേടി അഞ്ചാംസ്ഥാനത്തെത്തി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 57.9 ശതമാനം,​ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം,​ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം എന്നിങ്ങനെയാണ് പട്ടികയിലെ മറ്റുള്ളവരുടെ സ്ഥാനം.

ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്‌സ് മൂഡ് ഓഫ് ദി നേഷന്‍ കഴിഞ്ഞ വർഷം ജനുവരിയിൽ സംഘടിപ്പിച്ച വോട്ടെടുപ്പിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായത് നവീൻ പട്നായിക് തന്നെയാണ്.

Back to top button
error: