KeralaNEWS

പച്ചക്കറി കൃഷിയിലെ ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരവും

രണ്ടാള്‍ പൊക്കത്തില്‍ വളര്‍ന്ന വെണ്ട കായ്ക്കുന്നില്ല, പയറില്‍ ചോണനുറുമ്പ്, പപ്പായ ഇലയ്ക്ക് മഞ്ഞളിപ്പ്…

 

ക്കാളി ചെടികൾ വാടി പോകുന്നു, വെണ്ട കായ്ക്കുന്നില്ല, മുളകിന്റെ ഇല ചുരുളുന്നു, വഴുതന വലുതാകുന്നില്ല, ഇളവന്റെ ഇലകള്‍ പ്രാണികള്‍ നശിപ്പിക്കുന്നു, പപ്പായ ഇലയിൽ മഞ്ഞളിപ്പ്… അടുക്കളത്തോട്ടത്തിലും ടെറസ് കൃഷിയിലുമൊക്കെ നമ്മൾ നേരിടുന്ന സാധാരണ പ്രശ്‌നങ്ങളാണിത്.എന്താണ് ഇതിന്   പ്രതിവിധിയെന്ന് നോക്കാം.
വെണ്ട വളര്‍ന്ന് രണ്ടാള്‍ പൊക്കത്തിലെത്താറായി പക്ഷേ
ഇതുവരെ പൂവിട്ടില്ല. എന്താണ് പ്രതിവിധി…?
 
ചെടി തണലത്തായതോ അധിക മഴയോ ആകാം കാരണം. തടത്തില്‍ ഒരു പിടി എല്ലുപൊടി ചേര്‍ത്തു നോക്കുക.
പയറില്‍ ചുവന്ന ചോണനുറുമ്പ് കയറുന്നു.
ഇവയെ തുരത്താനുള്ള മാര്‍ഗം…?
ഇലപ്പേന്‍, മിലി മൂട്ട ഇവയുടെ വിസര്‍ജ്യം കുടിക്കാനാണ് ചോണ നുറുമ്പ് കയറുന്നത്.തേങ്ങ ചുരണ്ടിയെടുത്ത ഉടന്‍ തന്നെ ചിരട്ടയില്‍ ശര്‍ക്കര പുരട്ടി പയറിന് സമീപത്ത് വയ്ക്കുക. ഉറുമ്പ് ചിരട്ടയില്‍ കയറും, തീ കൂട്ടി ചിരട്ട അതിലിട്ട് നശിപ്പിക്കുക.
പപ്പായ(റെഡ് ലേഡി) ഇല മഞ്ഞളിക്കുന്നു.
ഇതു ഭാവിയില്‍ പ്രശ്നമുണ്ടാക്കുമോ…?
പപ്പായയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കുക. വൈറസ് രോഗമാകാം കാരണം.മിലി മൂട്ട, വെളളീച്ച ഇവയെ നശിപ്പിക്കാന്‍ വെര്‍ട്ടി സിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ ഇലയുടെ അടിയില്‍ വീഴത്തക്ക വിധം തളിക്കുക. 5 ദിവസം പുളിപ്പിച്ച മോര് 15 ഇരട്ടി വെള്ളം ചേര്‍ത്ത് ആഴ്ച ഇടവിട്ട് ഇലകളില്‍ തളിക്കുക.
നിത്യവഴുതന പന്തല്‍ നിറയെ പടര്‍ന്നു.
പക്ഷേ പൂ ഇടുന്നില്ല. പരിഹാരമുണ്ടോ… ?
തണലിലാണെങ്കില്‍ വെയില്‍ കിട്ടാന്‍ തണല്‍ ക്രമീകരിക്കുക.തടത്തില്‍ കാലിവളത്തോടൊപ്പം എല്ലുപൊടി ചേര്‍ക്കുക.അധികം നനവ് കായിക വളര്‍ച്ച കൂട്ടും.തലപ്പു നുള്ളി കളയുക.
ഇളവന്റെ ഇല പുഴുക്കളും പ്രാണികളും തിന്നുന്നു. ഇവയ്‌ക്കെതിരേ പ്രയോഗിക്കേണ്ട ജൈവ കീടനാശിനികള്‍ ഏതാണ് ?
ഇളവന്റെ ഇലകള്‍ ആമ വണ്ട് തിന്നുന്നതാണ് പ്രശ്‌നം.മുട്ടത്തോട് പൊട്ടിച്ച് ഇലകളില്‍ വിതറുന്നത് വണ്ടിനെ അകറ്റും.രണ്ടു ശതമാനം വീര്യത്തില്‍ വേപ്പെണ്ണവെളുത്തുള്ളി മിശ്രിതം തളിക്കുക.പരന്ന പാത്രത്തില്‍ ചാണക വെള്ളം വയ്ക്കുക. metarhizium 20gm ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തില്‍ ഒഴിക്കുക.
മത്തന്റെ ഇല നശിച്ചു പോകുന്നു. ഇതു മൂലം ചെടിക്ക് തീരെ വളര്‍ച്ചയില്ല..
ആമ വണ്ടിന്റെ ആക്രമണം തന്നെയാണ് ഇവിടെയും പ്രശ്‌നം. ഗോമൂത്രത്തില്‍ കാന്താരിമുളക് അരച്ച് ചേര്‍ത്തു തളിക്കുക. 25 ഗ്രാം കാന്താരി മുളക്, ഗോമൂത്രം, മൂത്രത്തിന്റെ നാലിരട്ടി വെള്ളം എന്നിവ ചേര്‍ത്തുവേണം തയാറാക്കാന്‍. മുകളില്‍ പറഞ്ഞ മാര്‍ഗങ്ങളും പരീക്ഷിക്കാം.
മുളകിന്റെ ഇല ചുരുളുന്നു. verticilium സ്പ്രേ ചെയ്തിട്ടും ഫലമില്ല…
ഇലപ്പേനിന്റെ ആക്രമണം കാരണമാണ് ഇലകള്‍ ചുരുളുന്നത്.  ഗോമൂത്രം കാന്താരിമുളക് മിശ്രിതം തളിക്കാം.കഞ്ഞി വെള്ളം തളിക്കുന്നതും പുളിപ്പിച്ച മോരില്‍ 15 ഇരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ചു സ്പ്രേ ചെയ്യുന്നതും ഇലപ്പേനിനെ നശിപ്പിക്കാന്‍ സഹായിക്കും.
അടുക്കളത്തോട്ടത്തിലെ വഴുതന വലുതാകുന്നില്ല…
കായ് തുരപ്പന്‍ പുഴുവിന്റെ ആക്രമണമാണ് വഴുതനയുടെ വളര്‍ച്ച തടയുന്നത്. 5% വീര്യത്തില്‍ വേപ്പിന്‍ കുരു സത്ത് ലായനി തളിക്കുക. BT(dipel) ഒരു മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തളിക്കുക.
തക്കാളിച്ചെ‌ടി വാടിപ്പോകുന്നു.കാരണം ?
 
തക്കാളിച്ചെ‌ടി ഏതു ഘട്ടങ്ങളിലും വാടി നശിക്കാം. നനക്കുറവും കുമിൾബാധയും ഇതിനു കാരണമാകാം.ബാക്ടീരിയ ബാധയും കാരണമാകാം.തൈകൾ നടുന്നതിനു മുമ്പ്  സെന്റ് ഒന്നിന് 10 ഗ്രാം എന്ന തോതിൽ ബ്ലീച്ചിങ് പൗഡർ വിതറി മണ്ണിളക്കി യോജിപ്പിക്കുക.തൈകളുടെ വേരുഭാഗം സ്യൂഡോമോണാസ് കൾച്ചറിൽ (20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ) അരമണിക്കൂർ നേരം മുക്കിവച്ച് എടുത്തശേഷം നടുക. കോപ്പർ ഓക്സിക്ലോറൈഡ് മൂന്നു ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി സ്ട്രെപ്റ്റോസൈക്ലിൻ 200 പിപിഎം കൂടി ചേർത്ത് ചുവട്ടിൽ ഒഴിക്കുന്നതും രോഗനിയന്ത്രണത്തിനു സഹായകം.

 

Back to top button
error: