IndiaNEWS

സിഗ്‌നൽ ആദ്യമായി ഉപയോഗിച്ചതും വൈപ്പർ കണ്ടുപിടിച്ചതും വനിതകൾ: അറിയാം വാഹന ലോകത്തെ വനിതകളുടെ വിജയങ്ങൾ 

നിതകളുടെ നാമം വളരെ വിരളമായി കേൾക്കുന്ന മേഖലയാണ് ഓട്ടമൊബീൽ വ്യവസായം.എന്നാൽ ലോകത്ത് ആദ്യമായി ടെസ്റ്റ് ഡ്രൈവ് നടത്തിയതു വനിത. സിഗ്‌നൽ സംവിധാനം ആദ്യമായി ഉപയോഗിച്ചതും ഓട്ടമാറ്റിക് വൈപ്പർ കണ്ടുപിടിച്ചതും വനിതകൾ. നൂറ്റാണ്ടുകൾക്കു മുൻപേ സ്ത്രീകൾ ഓട്ടമൊബീൽ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഒന്നാം ലോക മഹായുദ്ധത്തോടെയാണ് വനിതകൾ ഓട്ടമൊബീൽ രംഗത്തു സജീവമാകുന്നത്. പുരുഷന്മാർ യുദ്ധമുഖത്തേക്കു പോയപ്പോൾ തൊഴിലാളി ക്ഷാമം രൂക്ഷമായി. ആ സമയത്ത് യുദ്ധാവശ്യങ്ങൾക്കു ധാരാളം വാഹനങ്ങളും യന്ത്രങ്ങളും ഉൽപാദിപ്പിക്കേണ്ടി വന്നതോടെ വനിതകൾ രംഗത്തിറങ്ങി. ഇന്ന് ഓട്ടമൊബീൽ രംഗത്ത് 27 ശതമാനത്തോളം വനിതകൾ. അവരിലെ പ്രശസ്തരെ പരിചയപ്പെടുത്തുന്നു.
ബെർത്ത ബെൻസ്
ആദ്യ മോട്ടോർ വാഹനം നിർമിച്ചത് ജർമൻകാരനായ കാൾ ബെൻസ്. ആദ്യമായി ദീർഘദൂരം ടെസ്റ്റ് ഡ്രൈവ് ചെയ്തത് കാൾ ബെൻസിന്റെ ഭാര്യ ബെർത്ത ബെൻസും. അവരാണ് വളരെ ദൂരം ആദ്യമായി ഒരു വാഹനം ഡ്രൈവ് ചെയ്യുന്നത്. 1888 ൽ ബെർത്ത ബെൻസ് മോട്ടോർ വാഗൺ മോഡൽ 3 യുമായി മൻഹെം മുതൽ ഫോർസെം വരെ 105 കിലോമീറ്റർ ഡ്രൈവ് ചെയ്തു. ഈ യാത്രയോടുകൂടി വാഹനത്തിന്റെ ഒട്ടേറെ ഘടകങ്ങളുടെ തകരാർ മനസ്സിലാക്കാനും കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവ പരിഷ്കരിക്കാനും സാധിച്ചു. മേഴ്സിഡീസ് ബെൻസിന്റെ സ്ഥാപകനായ കാൾ ബെൻസിന്റെ ബിസിനസ് പാർട്‍നർ കൂടിയായിരുന്ന ബെർത്ത, അവരുടെ സ്വത്തിന്റെ നല്ലൊരു ഭാഗം കാൾ ബെൻസിന്റെ വാഹന ഗവേഷണങ്ങൾക്കായി നിക്ഷേപിക്കുകയായിരുന്നു. അക്കാലത്ത് ജർമനിയിൽ സ്ത്രീകൾക്കു ബിസിനസ് നടത്താൻ നിയമം അനുവദിച്ചിരുന്നില്ല.
ഫ്ലോറൻസ് ലോറൻസ്
ട്രാഫിക് സിഗ്‌നലുകളോ റോഡ് നിയമങ്ങളോ ഇല്ലാത്തകാലത്ത് ആദ്യമായി ടേൺ സിഗ്‌നൽ സംവിധാനവും മെക്കാനിക്കൽ ബ്രേക്ക് സിഗ്‌നലും   ഉപയോഗിച്ച വനിതയാണ് അഭിനേതാവും വാഹനപ്രേമിയുമായിരുന്ന ഫ്ലോറൻസ് ലോറൻസ്. ടേൺ സിഗ്‌നലുകളുടെ ആദിമ രൂപം ഡിസൈൻചെയ്തു റോഡിൽ പരീക്ഷിക്കുകയും ചെയ്തു. കാർ തിരിയുന്ന വശത്ത്, സ്വയം പ്രവർത്തിക്കുന്ന ചെറിയ കൊടി അടയാളമായി ഉയരും. ആദ്യകാല ടേൺ സിഗ്‌നൽ. ഇതിനു മുൻപ് അമേരിക്കയിൽ ടേൺ സിഗ്‌നൽ സംവിധാനം ആരും ഉപയോഗിച്ചിരുന്നില്ല. അതുപോലെ വാഹനം നിർത്താൻ പോകുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾക്കു സൂചന നൽകുന്നതിനായി വിൻഡോയിൽ ‘സ്റ്റോപ്പ്’  സിഗ്‌നൽ കാണിക്കുമായിരുന്നു. ഷാലെറ്റ് ബ്രിജ്‌വുഡിന്റെ മകളാണ് ഫ്ലോറൻസ്.
ഷാലെറ്റ് ബ്രിജ്‌വുഡ്
പെരുമഴയത്തു വൈപ്പർ ഇല്ലാതെ കാർ ഓടിക്കുന്നതു  ചിന്തിക്കാനാവില്ല. എന്നാൽ 19–ാം നൂറ്റാണ്ടിൽ വൈപ്പർ എന്നൊരു സാധനമേ ഉണ്ടായിരുന്നില്ല. 1903 ൽ മേരി ആൻഡേഴ്സൻ മാന്വലായി പ്രവർത്തിപ്പിക്കുന്ന വൈപ്പർ നിർമിച്ചു. എന്നാൽ ശക്തമായി മഴ പെയ്യുമ്പോൾ അതു നടപ്പില്ലല്ലോ. 1917 ൽ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് വിൻഡ്ഷീൽഡ് വൈപ്പർ അമേരിക്കക്കാരിയായ ഷാലെറ്റ് ബ്രിജ്‌വുഡ് വികസിപ്പിച്ചെടുത്തു. ബ്ലേഡുകൾക്കു പകരം റോളറുകളാണ് ഇതിൽ ഉപയോഗിച്ചിരുന്നത്. ഇത് ഓട്ടമൊബീൽ രംഗത്തെ നാഴികക്കല്ലായി.
മിഷേൽ ക്രിസ്റ്റെൻസൺ
ഹോണ്ടയുടെ ലക്‌ഷ്വറി കാർ ബ്രാൻഡായ അക്യുറ മോഡലുകൾ ശ്രദ്ധിച്ചിട്ടുണ്ടോ? ‘സൂപ്പർ കാർ ഡിസൈൻ’ ടീമിനു നേതൃത്വം നൽ‍കിയ ആദ്യ വനിതയാണ് മിഷേൽ ക്രിസ്റ്റെൻസൺ. അക്യുറ 2ഡിഎക്സ്, ആർഡിഎക്സ്, അക്യുറ ആർഎൽ, ആർഎൽഎക്സ്, അക്യുറ എൻഎസ്എക്സ് സൂപ്പർ ലക്‌ഷ്വറി കാറിന്റെ രണ്ടാം തലമുറ മോഡൽ ഡിസൈൻ ചെയ്തതും മിഷേലിന്റെ ടീം ആണ്.
മാർ‍ഗരറ്റ് എ വിൽകോസ്
ആദ്യ വനിതാ മെക്കാനിക്കൽ എൻജിനീയറാണ് മാർഗരറ്റ് എ. വിൽക്കോസ്. ഓട്ടമൊബീൽ ഹീറ്റർ കണ്ടുപിടിച്ച വ്യക്തിയും ഇവർ തന്നെ. 1893 ൽ കാറിന്റെ ഉൾവശം ചൂടാക്കാനുപയോഗിക്കുന്ന കാർ ഹീറ്റർ രൂപകൽപന ചെയ്തു. നിലവിലെ ഹീറ്ററുകളുടെ ബേസ് മോഡലായിരുന്നു ഇത്.
ഡോ. ഗ്ലാഡിസ് വെസ്റ്റ്
ആഫ്രിക്കൻ അമേരിക്കൻ ഗണിത ശാസ്ത്രജ്ഞ. യുഎസ് നേവൽ വെപ്പൺ ലബോറട്ടറിയിൽ ആയിരുന്നു ജോലി. കൃത്രിമോപഗ്രഹങ്ങളുടെ യഥാർഥ ലൊക്കേഷൻ മനസ്സിലാക്കുന്നതുമായി ബന്ധപ്പെട്ടു പഠനം നടത്തിയിരുന്നു. ഇത് പിൽക്കാലത്ത് ജിപിഎസിന്റെ കണ്ടുപിടിത്തത്തിനു സഹായകമായി.
അലീസിയ ഹൈലർ റാംസി
ആദ്യ വനിതാ മോട്ടറിങ് ക്ലബ് രൂപീകരിച്ച വനിതയാണ് അമേരിക്കക്കാരിയായ അലീസിയ ഹൈലർ റാംസി. 1908 ൽ ഭർത്താവു സമ്മാനിച്ച മാക്സ്‌വെൽ റണബൗട്ടുമായി അലീസിയ 6000 മൈൽ ഡ്രൈവ് ചെയ്തു. ആ വർഷം അമേരിക്കൻ ഓട്ടമൊബീൽ അസോസിയേഷൻ (എഎഎ) നടത്തിയ മോൺടാക്ക് എൻഡുറൻസ് റേസിൽ അലീസിയ ഉൾപ്പെടെ രണ്ടു വനിതകൾ മത്സരിച്ചു.
1909 ൽ അലീസിയ മോട്ടറിങ് ക്ലബ് രൂപീകരിച്ചു. ആ വർഷം ഹെൽഗേറ്റ്, മാൻഹട്ടൻ, ന്യൂയോർക്ക്, സാൻഫ്രാൻസിസ്കോ, കാലിഫോർണിയ തുടങ്ങിയ സ്ഥലങ്ങളിലൂടെ 3800 മൈൽ മാക്സ്‌വെൽ ഡിഎയുമായി അലീസിയും കൂട്ടുകാരികളും ഡ്രൈവ് നടത്തി. 30 എച്ച്പി കരുത്തുള്ള മൂന്നു സിലിണ്ടർ എൻജിനോടുകൂടിയ മാക്സ്‌വെൽ ഡിഎ മോഡലുമായിട്ടാണ് അലീസിയ യാത്ര ചെയ്തത്. വെറും 22–ാം വയസ്സിൽ.
മേരി ബാറ
രാജ്യാന്തരതലത്തിൽ ഒരു വാഹനനിർമാണ കമ്പനിയെ നയിക്കുന്ന ആദ്യ വനിതയാണ് മേരി ബാറ. മുൻനിര വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറാണ് മേരി. ഫോർച്യൂൺ മാസിക 2017 ൽ ബിസിനസ് രംഗത്തു ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി തിരഞ്ഞെടുത്തു.

Back to top button
error: