KeralaNEWS

തലശ്ശേരിയുടെ തലവര മാറ്റിയ പാലം

നൂറ്റാണ്ടുകളുടെ ചരിത്രവുമായി കടലെടുക്കാതെ നിൽക്കുന്ന ഒരു പാലം…ഓരോ തലശ്ശേരിക്കാരന്‍റെയും സ്വകാര്യ അഹങ്കാരം… ഇത് തലശ്ശേരി കടൽപ്പാലം… ഇനിയും കടലെടുക്കാതെ, ഒരായിരം ചരിത്ര കഥകളുമായാണ് ഈ കടൽപ്പാലം സഞ്ചാരികളെ കാത്തിരിക്കുന്നത്. കേരളത്തിന്റെ കരയിലേക്ക് ശത്രുവോ മിത്രമോ എന്നു പോലും നോക്കാതെ എത്തിയവരെയെല്ലാം കൈപിടിച്ച് കയറ്റിയിരുന്ന ഈ പാലമാണ് തലശ്ശേരിയെ ഇന്നു കാണുന്ന തലശ്ശേരിയാക്കി മാറ്റിയത്. കേക്കിന്‍റെയും ക്രിക്കറ്റിന്റെയും സർക്കസിന്റെയുമൊക്കെ ഈറ്റില്ലമായ തലശ്ശേരിയിൽ പഴമയുടെ അടയാളങ്ങളുമായി ഇന്നും കാത്തിരിക്കുന്ന ആ കടൽപ്പാലത്തിന്‍റെ വിശേഷങ്ങളിലേക്ക്…
ചരിത്രത്തിന്‍റെ നേർസാക്ഷിയായി ഇന്നും തലയുയർത്തി നിൽക്കുന്ന ഇടമാണ് തലശ്ശേരി കടൽപ്പാലം. ഒരു കാലത്ത് തലശ്ശേരിയെ മലബാറിലെ തന്നെ എണ്ണപ്പെട്ട വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിനു പിന്നിൽ ഈ കടൽപ്പാലമായിരുന്നു.തലശ്ശേരിയെ കാലങ്ങളോളം ഒരു വലിയ വാണിജ്യ കേന്ദ്രമാക്കി മാറ്റിയതിൽ കടൽപ്പാലത്തിനുള്ള പങ്ക് വിസ്മരിക്കുവാൻ കഴിയില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം.
 1910 ലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ കടൽപ്പാലം നിർമ്മിക്കുന്നത്.മലയോരങ്ങളിൽ നിന്നും വയനാട്, കുടക് തുടങ്ങിയ ഇടങ്ങളിൽ നിന്നും സുഗന്ധദ്രവ്യങ്ങളും നാണ്യവിളകളും ഇവിടെ എത്തിച്ച് കടൽപ്പാലം വഴി കപ്പലിലെത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. ഇത് സംരക്ഷിക്കാനായി വലിയ പാണ്ടിക ശാലകളും ഇവിടെയുണ്ടായിരുന്നു.
ആഴം കുറഞ്ഞ കടൽത്തീരമായതിനാൽ തലശ്ശേരിയുടെ തീരത്തേയ്ക്ക് കപ്പലുകൾക്ക് അടുക്കുവാൻ സാധിക്കുന്നില്ലായിരുന്നു. അതിനാൽ പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ഇവിടുത്തെ പാണ്ടിക ശാലകളിൽ സംഭരിച്ചിരുന്ന നാണ്യവിളകളും സുഗന്ധ വ്യജ്‍ഞനങ്ങളും ഒക്കെ ഉരുവിലും പത്തേമാരികളിലും ഒക്കെയായി കപ്പലിൽ എത്തിക്കുവാനും ഈ കടൽപ്പാലം ഉപയോഗിച്ചു വന്നിരുന്നു.500 അടി നീളത്തിൽ കരയിൽ നിന്നും കടലിലേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. സാധാരണ ഇടങ്ങളിൽ 26 അടിയും കടലിൽ അവസാനിക്കുന്ന ഭാഗത്ത് 40 അടിയുമാണ് കടൽപ്പാലത്തിനു വീതിയുള്ളത്. 1960 വരെ ഇത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.
പറയുമ്പോൾ ചരിത്രത്തിന്റെ ഭാഗമാണെങ്കിലും തലശ്ശേരിക്കാർക്ക് ഇവിടം അന്നുമിന്നും ജീവിതത്തിന്റെ തന്നെ ഭാഗമാണ്. വൈകുന്നേരങ്ങളും ഒഴിവ് ദിവസങ്ങളും  ഒക്കെ ചിലവഴിക്കുവാൻ തലശ്ശേരിപ്പാലം തിരഞ്ഞെടുക്കുന്നവർ ഇന്നും ഇവിടെ ഒരുപാടുണ്ട്.അതിനാൽതന്നെ  ഇവിടുത്തെ വൈകുന്നേരങ്ങൾ കടലിരമ്പത്തേക്കാൾ ആൾക്കൂട്ട മന്ത്രങ്ങളാൽ നിറഞ്ഞതാണ്.

Back to top button
error: