മലയാളത്തിൻ്റെ സ്വന്തം ദാസേട്ടന് ഇന്ന് 82-ാം പിറന്നാൾ
‘ജാതിഭേദം മതദ്വേഷം…’എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ കീർത്തനം ആലപിച്ചു കൊണ്ടാണ് യേശുദാസ് സിനിമ സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്. തുടർന്ന് കഴിഞ്ഞ ആറ് പതിറ്റാണ്ടോളമായി മലയാളത്തിൻ്റെ സംഗീത ലോകത്ത് നിത്യവസന്തമായി നിറഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടി. കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച ഗായകനുള്ള അവാര്‍ഡുകള്‍ നേടി. യേശുദാസിനു സമം യേശുദാസ് മാത്രം
മലയാളികളുടെ അഭിമാനം കെ.ജെ യേശുദിസിന് ഇന്ന് 82-ാം പിറന്നാള്‍. ആറ് പതിറ്റാണ്ടോളമായി, കാതുകള്‍ക്ക് ഇമ്പമായി ആ സ്വരമാധുരി നമുക്കൊപ്പമുണ്ട്. ഒമ്പതാം വയസില്‍ തുടങ്ങിയ സംഗീതസപര്യ തലമുറകള്‍ പിന്നിട്ട് ഇപ്പോഴും ആ ആലാപനം സംഗീത പ്രേമികളുടെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
22-ാം വയസില്‍ 1961 നവംബര്‍ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കാഡ് ചെയ്തത്. കെ. എസ് ആന്റണി സംവിധാനം ചെയ്ത ‘കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം…’എന്ന ശ്രീ നാരായണ ഗുരുദേവൻ്റെ കീർത്തനം ആലപിച്ചു കൊണ്ടാണ് അദ്ദേഹം സിനിമ സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചത്.
സംഗീതജ്ഞനായ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റെയും മകനായി ഫോര്‍ട്ട്കൊച്ചിയില്‍ 1940 ജനുവരി പത്തിനാണ് കട്ടാശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ യേശുദാസ് ജനിച്ചത്.
സംഗീത രംഗത്ത് ആറ് പതിറ്റാണ്ടോളമായി സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കര്‍ണ്ണാടക സംഗീതത്തിലും സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട് അദ്ദേഹം. മികച്ച പിന്നണി ഗായകനുളള ദേശീയ പുരസ്‌കാരം 8 തവണ നേടിയ യേശുദാസ് കേരള, തമിഴ് നാട്, ആന്ധ്ര, കര്‍ണ്ണാടക, ബംഗാള്‍ സംസ്ഥാനങ്ങളുടെ മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡുകളും നേടി.
മദ്രാസിലെ ഭരണി സ്റ്റുഡിയോയിലായിരുന്നു ആദ്യ ഗാനത്തിന്റെ റിക്കോര്‍ഡിംഗ് നടന്നത്. എം. ബി ശ്രീനിവാസനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. മലയാള സിനിമയില്‍ പിന്നീടു കണ്ടത് യേശുദാസിന്റെ സ്വരമാധുരിയുടെ മായാപ്രപഞ്ചമാണ്. ‘ജാതിഭേദം മതദ്വേഷം’ അവിടുന്നിങ്ങോട്ട് യേശുദാസിനെ കേള്‍ക്കാതെ ശരാശരി മലയാളിയുടെ ഒരു ദിവസം കടന്നുപോയിട്ടില്ല, കുടില്‍ തൊട്ട് കൊട്ടാരം വരെ അതേറ്റുപാടി.
വയലാര്‍, പി ഭാസ്‌കരന്‍, ഒഎന്‍വി, ജി.ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, കെ രാഘവന്‍, എം.എസ് ബാബുരാജ് ശ്രീകുമാരന്‍ തമ്പി, എം.കെ അര്‍ജ്ജുനന്‍ എന്നിങ്ങനെ ഒട്ടേറെ മഹാപ്രതിഭകള്‍… ഈ സമൃദ്ധിയില്‍ ഒരേ ഒരു യേശുദാസ് മാത്രം. പ്രതിഭയുടെ ആ വൈവിധ്യം യേശുദാസിലേക്ക് സംക്രമിച്ചു. അത് മലയാളത്തിന്റെ ഗാനവസന്തമായി തലമുറകളിലേക്കും. പല ഭാഷകളില്‍ മുപ്പതിനായിരത്തിലേറെ ഗാനങ്ങളിലേക്ക് ആ ഗന്ധർവ്വസംഗീതം പടര്‍ന്നുപന്തലിച്ചു.
അച്ഛന്‍ പാടിത്തന്ന പാഠങ്ങള്‍ മനസ്സില്‍ ധ്യാനിച്ച യേശുദാസ് 1949-ല്‍ ഒമ്പതാം വയസ്സില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. അതോടെ നാട്ടുകാര്‍ ദാസപ്പന്‍ എന്ന ഓമനപ്പേരില്‍ ആ ബാലനെ ലാളിച്ചു തുടങ്ങി. തിരുവനന്തപുരത്തെ മ്യൂസിക് അക്കാദമി, തൃപ്പൂണിത്തുറ ആര്‍. എല്‍. വി സംഗീത കോളജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ സംഗീത വിദ്യാഭ്യാസം.
പഠനകാലത്ത് ആദ്യത്തെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ ലളിതഗാനാലാപനത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു. ഗാനഭൂഷണം പാസായ ശേഷം ആകാശവാണി നടത്തിയ ശബ്ദ പരിശോധനയില്‍ പങ്കെടുത്ത യേശുദാസ് അവിടെ പരാജയപ്പെട്ടു. കാലാന്തരത്തിൽ ആകാശവാണിക്കു തന്നെ അപമാനമായി തീർന്നു ഈ സംഭവം. സംഗീതം നിരന്തര സാധനയാക്കാനുറച്ച ഈ ഗായകന്‍ കര്‍ണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. 1974-ല്‍ ചെമ്പൈയുടെ മരണം വരെ ഇതു തുടര്‍ന്നു പോന്നു.