കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്തു മൂന്നാം ഡോസ് (കരുതൽ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്സീനെടുത്ത് 9 മാസം ( 39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവർ എന്നിവർക്കാണ് ഇപ്പോൾ കരുതൽ ഡോസ് ലഭ്യമാവുക. 60 കഴിഞ്ഞവർക്കു പ്രത്യേക മെഡിക്കൽ സർട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം 15-18 വയസ്സുകാർക്കുള്ള വാക്സിൻ ആരംഭിച്ചു. ഓൺലൈനായോ കുത്തിവയ്പു കേന്ദ്രത്തിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യാം. മാതാപിതാക്കളുടെ നിലവിലുള്ള കോവിൻ അക്കൗണ്ടിലൂടെ കുട്ടികൾക്ക് സ്ലോട്ട് ബുക്ക് ചെയ്യാം. അല്ലെങ്കിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് തുടങ്ങി രജിസ്റ്റർ ചെയ്യാം. ഇവർ 2007 ലോ അതിനു മുൻപോ ജനിച്ചവരായിരിക്കണം. ആധാറോ മറ്റ് അംഗീകൃത തിരിച്ചറിയൽ രേഖയോ അല്ലെങ്കിൽ സ്കൂൾ ഐഡിയോ 10-ാം ക്ലാസ് സർട്ടിഫിക്കറ്റോ ഉപയോഗിച്ച് ബുക്ക് ചെയ്യാം.