ചങ്ങനാശേരി: പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘത്തിൽപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഭർത്താവിന്റെ നികൃഷ്ടമായ സെക്സ് റാക്കറ്റ് ഇടപാടിൽ മനംനൊന്ത യുവതി യുട്യൂബ് ബ്ലോഗർക്ക് നൽകിയ വിവരങ്ങളാണ് സംഘത്തെക്കുറിച്ചറിയാൻ ഇടയാക്കിയത്.
യുവതിയുടെ ശബ്ദം തിരിച്ചറിഞ്ഞ ബന്ധുക്കൾ കൂടുതൽ വിവരങ്ങൾ യുവതിയോട് ചോദിച്ചറിഞ്ഞതോടെയാണ് ഭർത്താവിന്റെ സെക്സ് റാക്കറ്റ് പ്രവർത്തനങ്ങൾ പുറത്താകാനിടയായത്. കാലങ്ങളായി മാനസിക സമ്മർദത്തിലായ യുവതി ബന്ധുക്കളോടൊപ്പം എത്തി കറുകച്ചാൽ പോലീസിൽ ശനിയാഴ്ച പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ കറുകച്ചാൽ പോലീസ് യുവതിയുടെ ഭർത്താവിനെ തന്ത്രപൂർവം പിടികൂടി ചോദ്യം ചെയ്തതിലൂടെയാണ് പങ്കാളിയെ പരസ്പരം കൈമാറുന്ന സംസ്ഥാനാന്തര ബന്ധമുള്ള സംഘത്തെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്.
തുടർന്നാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്തത്. ആയിരക്കണക്കിനാളുകളുള്ള ഗ്രൂപ്പിൽ നിന്നും നൂറുകണക്കിനു സന്ദേശങ്ങളാണ് ദിനംപ്രതി തന്റെ ഭർത്താവിനെത്തിയിരുന്നതെന്നും യുവതി നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പങ്കാളികളെ കൈമാറുന്ന വൻ റാക്കറ്റ് പ്രവർത്തിച്ചിരുന്നതെന്നും ഇതിന് വൻ സാന്പത്തിക ഇടപാടുകളുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കറുകച്ചാൽ എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണത്തിലാണ് സംസ്ഥാനത്തെ തന്നെ പുതുമയുള്ള ഒരു കേസിനു വഴിത്തിരിവുണ്ടായത്.
ഭർത്താവിന്റെ പേരുവിവരങ്ങൾ പുറത്തുവിട്ടാൽ പരാതിക്കാരിയെ തിരിച്ചറിയാനിടയുള്ളതിനാൽ പ്രതികളുടെ പേരുവിവരങ്ങൾ പോലീസ് രഹസ്യമാക്കിയിരിക്കുകയാണ്