KeralaNEWS

മുതലമട റെയിൽവേ സ്റ്റേഷൻ: പാലക്കാടിന്റെ പ്രിയപ്പെട്ട സിനിമ ലൊക്കേഷൻ 

വെട്ടം എന്ന സിനിമ കണ്ടവർക്കറിയാം മുതലമട റയിൽവെ സ്റ്റേഷന്റെ ഭംഗി
ശ്ചിമഘട്ടത്തിന്റെ താഴ്വാരത്ത് നെല്ലിയാമ്പതി മലനിരകൾക്ക് കീഴിൽ ഉയർന്നു നിൽക്കുന്ന ആൽമരങ്ങൾ. അതിൽ നിന്നും താഴേക്കിറങ്ങി നിലത്ത് മുട്ടിനിൽക്കുന്ന വേരുകൾ. അവയ്ക്കിടയിൽ പടർന്നുപിടിച്ച തണലിൽ യാത്രികർക്കായുള്ള നീളൻ ബെഞ്ചുകൾ. കുരുവികളും അണ്ണാനും മയിലുകളും ദൃശ്യവിരുന്നൊരുക്കുന്ന പ്ലാറ്റ്‌ഫോം. പ്ലാറ്റ്‌ഫോമുകൾക്കിരുവശവും പാലക്കാൻ ഗ്രാമങ്ങളുടെ പ്രതീകമായ കരിമ്പനകൾ.ഇത് മുതലമട റയിൽവെ സ്റ്റേഷൻ.വെട്ടം എന്ന സിനിമ കണ്ടവർക്കറിയാം മുതലമട റയിൽവെ സ്റ്റേഷന്റെ ഭംഗി.
പാലക്കാട്‌- പൊള്ളാച്ചി റൂട്ടിലാണ്  മുതലമട റയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഒന്നോ രണ്ടോ ട്രെയിൻ മാത്രമേ നിലവിൽ ഇതുവഴി ഓടുന്നുള്ളൂ.ഏകദേശം 30 ഓളം സിനിമകൾക്ക് ലൊക്കേഷൻ ആയ സിനിമാക്കാരുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇത്. ഗ്രാമീണത ആൽമരങ്ങളായി തലയുയർത്തി നിൽക്കുന്ന  ഈ ചെറിയ സ്റ്റേഷൻ  ഇന്ത്യയിലെ ഏറ്റവും നല്ല പത്ത് റയിൽവേ സ്റ്റേഷനുകളിൽ ഒന്നുമാണ്.
ശിവാജി ഗണേഷനും മോഹൻലാലും ഒന്നിച്ചഭിനയിച്ച മലയാള ചിത്രമായ ‘ഒരു യാത്രാമൊഴി’യുടെ ക്ലൈമാക്സ് രംഗം ആർക്കും മറക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന തീവണ്ടിയുടെ വാതിലിൽ നിന്ന് ശിവാജി ഗണേഷൻ, മോഹൻലാലിനോട് “ചിന്നാ… നാൻ താ നിന്നുടെ അപ്പാ” എന്ന് പറഞ്ഞ് കരയുന്ന ആ രംഗം സിനിമ കണ്ടവരുടെയെല്ലാം മനസ്സിൽ ഇന്നുമുണ്ടാകും.  ‘മേഘം’ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടിയുടെ കഥാപാത്രം എല്ലാവരോടും യാത്ര പറഞ്ഞ് ട്രെയിനിൽ കയറി പോകുന്ന രംഗത്തിലടക്കം ചിത്രത്തിലെ നിരവധി സീനുകളിൽ ഈ റെയിൽവേ സ്റ്റേഷൻ കാണിക്കുന്നുണ്ട്. ദിലീപ് നായകനായ ‘വെട്ടം’ എന്ന ചിത്രത്തിൽ യാത്രാമദ്ധ്യേ ദിലീപും നായികാ കഥാപാത്രവും അവിചാരിതമായി പെട്ടുപോകുന്ന  റെയിൽവ സ്റ്റേഷനും ഇതുതന്നെയാണ്.
മണിരത്നത്തിന്റെയും പ്രിയദർശന്റെയുമെല്ലാം സിനിമകളുടെ ലൊക്കേഷനായ ഈ ഗ്രാമീണ റെയിൽവേ സ്റ്റേഷൻ പാലക്കാട് ജില്ലയിലെ കേരളത്തിന്റെ അതിർത്തി ഗ്രാമമായ മുതലമടയിലാണ് സ്ഥിതി ചെയ്യുന്നത്. പാലക്കാട് പൊള്ളാച്ചി റൂട്ടിൽ കേരളത്തിലെ അവസാനത്തെ റെയിൽവേ സ്റ്റേഷൻ. കമൽ ഹാസന്റെ അൻപേശിവം, ദിലീപിന്റെ പാണ്ടിപ്പട, സത്യരാജിന്റെ അമൈതിപ്പട തുടങ്ങി മുപ്പതോളം സൂപ്പർഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷനായിട്ടുണ്ട് മുതലമട റെയിൽവേ സ്റ്റേഷൻ. ഏതാനും ഹിന്ദി, തെലുങ്ക് സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. കേരളത്തിലെ മറ്റൊരു റെയിൽവേ സ്റ്റേഷനുമില്ലാത്ത ഗ്രാമീണ സൗന്ദര്യമാണ് മുതലമട സ്റ്റേഷനെ സ്ഥിരമായി സിനിമകളുടെ ലൊക്കേഷനാക്കി മാറ്റുന്നത്.
 നവീകരണത്തിന്റെ ഭാഗമായി 2015 ൽ ഈ സ്റ്റേഷനിലെ ആൽമരങ്ങൾ മുറിച്ചുമാറ്റാനുള്ള ശ്രമം വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. ആൽമരങ്ങൾ മുറിച്ചുമാറ്റിയില്ലെങ്കിലും മറ്റ് നവീകരണങ്ങൾ നടന്നതോടെ മലയാളിക്ക് വലിയ ഗൃഹാതുരത്വവും ഓർമകളും സമ്മാനിച്ച ഒരു ഗ്രാമീണ റെയിൽവേസ്റ്റേഷന്റെ സൗന്ദര്യം  കുറച്ചെങ്കിലും നഷ്ടപ്പെടാൻ ഇത് കാരണമാകുകയും ചെയ്തിട്ടുണ്ട്.

Back to top button
error: