NEWS

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ ജോസഫിനെ ഭാഗ്യം തുണച്ചു, രണ്ട് ദിനരാത്രങ്ങൾക്കൊടുവിൽ കരയണഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ജോസഫ് ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘം മംഗലാപുരത്ത് നിന്ന് ബോട്ടില്‍ മത്സ്യബന്ധനത്തിനിറങ്ങിയത്. തീരത്ത് നിന്ന് 40 നോട്ടിക്കല്‍ അകലെ വെച്ച് വലവീശുന്നതിനിടെ കടലിലേക്ക് ജോസഫ് തെറിച്ചുവീണു. ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ട് ദിനരാത്രങ്ങളാണ് ജോസഫ് കടലിൽ കഴിച്ചു കൂട്ടിയത്

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ വല വീശുമ്പോൾ ബോട്ടില്‍ നിന്ന് തെറിച്ച് വീണ തമിഴ്‌നാട് രാമപുരം സ്വദേശി ജോസഫ് (51) കടലില്‍ കഴിഞ്ഞത് രണ്ട് ദിനരാത്രങ്ങള്‍.
നടുക്കടലില്‍ കാണപ്പെട്ട ജോസഫിനെ കീഴൂരിലെ മത്സ്യത്തൊഴിലാളികളായ ദിനേശന്‍, സുരേഷ്, സൈനന്‍ എന്നിവരുടെ നേതൃത്വത്തില്‍ തളങ്കര തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ബേബി ജോര്‍ജ്, പൊലീസുകാരായ ജോസഫ്, സിയാദ്, വന്തകുമാര്‍ എന്നിവര്‍ ചേർന്ന് രക്ഷപ്പെടുത്തി.
വെള്ളിയാഴ്ച രാത്രിയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു.
മംഗലാപുരത്ത് നിന്ന് ബോട്ടില്‍ ജോസഫ് ഉള്‍പ്പെടെ എട്ട് പേരടങ്ങുന്ന സംഘം വ്യാഴാഴ്ച പുലര്‍ച്ചെയാണ് മത്സ്യബന്ധനത്തിനിറങ്ങിയത്. തീരത്ത് നിന്ന് 40 നോട്ടിക്കല്‍ അകലെ വെച്ചാണ് വലവീശുന്നതിനിടെ കടലിലേക്ക് ജോസഫ് തെറിച്ചുവീണത്. ഉടന്‍ മംഗലാപുരം പാണ്ഡേശ്വരം, കാസര്‍കോട് തളങ്കര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം നല്‍കിയിരുന്നു.
ഇതിനിടയിലാണ് വെള്ളിയാഴ്ച വൈകിട്ടോടെ തളങ്കര തീരദേശ പൊലീസ് സ്റ്റേഷനില്‍നിന്ന് എട്ട് നോട്ടിക്കല്‍ അകലെ കീഴൂരിലെ മത്സ്യത്തൊഴിലാളികള്‍ ജോസഫിനെ കടലില്‍ കണ്ടത്. ഉടന്‍ കോസ്റ്റല്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇവര്‍ രക്ഷപ്പെടുത്തി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.
ജീവിതത്തിനും മരണത്തിനുമിടയില്‍ രണ്ട് ദിനരാത്രങ്ങള്‍ അതിജീവിച്ച ആശ്വാസത്തിലാണ് ജോസഫ്.

Back to top button
error: