പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ വലുതാണ്.ഇന്നും ഇത് സംബന്ധിച്ച് പല പഠനങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.
പാവയ്ക്ക ആണ് ഈ പട്ടികയിലെ ഒന്നാമന്‍.പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. പാവയ്ക്കയിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആണ് ഈ പട്ടികയിലെ രണ്ടാമന്‍. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും ഇൻസുലിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ഓട്സ് സഹായിക്കും.
ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്.
ബ്രൊക്കോളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ഒപ്പം ചീരയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഭക്ഷണമാണ്.
പ്രമേഹരോഗികള്‍ക്ക് ഏറ്റവും അനുയോജ്യമായ ഭക്ഷ്യവസ്തുവാണ് പയറുവര്‍ഗങ്ങള്‍. പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. മുതിര, ചെറുപയർ, സോയാബീൻ തുടങ്ങിയവയിൽ നാരുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിരിക്കുന്നു. ഇത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും.
വെളുത്തുള്ളിയും, ഉള്ളിയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. ഇവയ്ക്ക് ഇൻസുലിൻ പ്രവർത്തനം കൂട്ടാനുള്ള കഴിവുണ്ട്.
മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്കും ആപ്പിള്‍ കഴിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായകമാണ് ആപ്പിള്‍. ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹത്തിന് മാത്രമല്ല, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ആപ്പിള്‍ ഉത്തമം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള കഴിവ് പേരയ്ക്കക്കുണ്ട്. അതുകൊണ്ട് പ്രമേഹ രോഗികള്‍ക്ക് പേരയ്ക്ക കഴിക്കാം.
നെല്ലിക്കയും പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ നെല്ലിക്ക ജ്യൂസ് കുടിക്കാം.
പച്ച ചക്കയിലും,ചക്കകുരുവിലും ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഗ്ലൈസീമിക് ഇൻഡക്സ് വളരെ കുറവായാതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.