വികസന പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനം ഒറ്റപ്പെടുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂര്‍ മാടായിപ്പാറയില്‍ കെ റെയിലിന്റെ സര്‍വേക്കല്ലുകള്‍ പിഴുതു മാറ്റിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാടായിപ്പാറയിലെ ഗസ്റ്റ് ഹൗസിനും ഗേള്‍സ് സ്‌കൂളിനും ഇടയിലുള്ള സ്ഥലത്ത് അഞ്ച് സര്‍വേക്കല്ലുകള്‍ പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. വികസനത്തെ തടസപ്പടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളില്‍ നിന്നും യുഡിഎഫ് പിന്തിരിയണം എന്നും കോടിയേരി ആവശ്യപ്പെട്ടു.
സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയാല്‍ കേരളത്തില്‍ പദ്ധതി ഇല്ലാതാവില്ല. കേരളത്തിലെ കോണ്‍ഗ്രസിന് യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് ഒന്നുമില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചില്‍ മാത്രമാണെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുള്ള മറുപടിയായി കോടിയേരി വ്യക്തമാക്കി. കല്ലുകള്‍ പിഴുതു മാറ്റിയാല്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.