KeralaNEWS

ശിവശങ്കർ ഐഎഎസ്: മാധ്യമ വേട്ടക്കാരുടെ ഇര

കെട്ടുകഥകളേക്കാൾ വലിയ ‘കൊട്ടുകഥകൾ’ ചമച്ച്  ബ്രെയ്ക്കിങ് ന്യൂസുകളായി കമ്മ്യൂണിസ്റ്റ് വിരുദ്ധരായ  മാധ്യമങ്ങളുടെ ആഘോഷങ്ങളുടെ ഒടുവിലത്തെ ഇരയായിരുന്നു ശിവശങ്കർ ഐഎഎസ്. തെരഞ്ഞെടുപ്പു കാലത്ത് കേന്ദ്ര ഏജൻസികൾ കേരളത്തിലേക്ക് കൂട്ടത്തോടെ പറന്നിറങ്ങിയതിൽ  അത്ഭുതമില്ല.അവർക്ക് ഊർജ്ജം പകർന്ന് കള്ള വാർത്തകൾ നിരന്തരം നൽകിയ ആ മാധ്യമങ്ങളുടെ ഇന്നത്തെ അവസ്ഥ എന്തായിരിക്കും ? .
 ശിവശങ്കർ ഐഎഎസ് എന്നു തിരഞ്ഞാൽ ഇപ്പോൾ കാണാനും കേൾക്കാനും കിട്ടുക തന്റെ ജീവിതകാലം മുഴുവൻ സർക്കാർ സർവീസിലെ അധികാരം ഉപയോഗിച്ചു തന്റെ മുൻപിൽ വരുന്ന മനുഷ്യർക്കും വരാൻ കഴിയാത്ത മനുഷ്യർക്കും കഴിയാവുന്ന സഹായം ചെയ്യാൻ ശ്രമിച്ച ഒരാളുടെ കഥയല്ല, മറിച്ച് സ്വർണ്ണകള്ളക്കടത്ത് കേസിൽ പ്രതിയായ ഒരു സ്ത്രീലമ്പടന്റെ കഥ മാത്രമാണ്.
ശിവശങ്കറിനെ മാധ്യമങ്ങൾ വേട്ടയാടിയത് അങ്ങേയറ്റം ഡിസ്പ്രൊപോർഷനേറ്റായി ആണ്.
മറ്റൊരാളും ജീവിതത്തിൽ ഇത്രയധികം മാധ്യമവേട്ട സഹിച്ചു കാണില്ല.വരാനുള്ള തെരഞ്ഞെടുപ്പായിരുന്നിരിക്കാം എല്ലാവരുടെയും മനസ്സിൽ. അതു കഴിഞ്ഞതോടെ കസ്റ്റംസ് പോലും സുപ്രീംകോടതിയിലെ കേസിൽ ഇപ്പോൾ താല്പര്യമില്ലെന്ന് അറിയിച്ച്, കേസുകൾ മാറ്റി.
സ്വപ്ന സുരേഷിനെ ചട്ടവിരുദ്ധമായി നിയമിച്ചു എന്ന ആക്ഷേപത്തിലാണ് ശിവശങ്കറിന്റെ അന്വേഷണവിധേയമായ ആദ്യ സസ്‌പെൻഷൻ. കുറ്റപത്രത്തിനു ശിവശങ്കർ അക്കമിട്ടു മറുപടി നൽകി. രണ്ടുവശവും പരിശോധിച്ചു അതിലെ സത്യാവസ്ഥ പുറത്തു വന്നോ? ഇല്ല, അന്വേഷണം പോലും പൂർത്തിയാക്കിയിട്ടില്ല. ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കിടന്നു എന്ന കാരണത്തിലാണ് രണ്ടാമത്തെ സസ്‌പെൻഷൻ. അതിനും ശിവശങ്കർ മറുപടി നൽകി. അത് പരിഗണിച്ചു അന്തിമതീരുമാനം വന്നിട്ടില്ല.
ഒരു വർഷത്തിലധികം ഐഎഎസുകാരെ സസ്‌പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാരിന്റെ അനുവാദം വേണം, എഴുതിനോക്കി, കിട്ടിയില്ല. സസ്‌പെൻഷൻ കാലാവധി തീർന്നു, അതുകൊണ്ട് തിരിച്ചെടുക്കാതെ നിവർത്തിയില്ല, സംസ്ഥാന സർക്കാർ ഇന്നലെ ശിവശങ്കറിനെ തിരിച്ചെടുത്തു.
നുണകൾ നിറച്ച വാർത്തകളാൽ ഇയാളെ വേട്ടയാടിയ മാധ്യമങ്ങൾ ഒരുനാൾ മാപ്പ് പറയേണ്ടി വരും. മാനനഷ്ടത്തിന് കേസ് നടത്താൻ അദ്ദേഹം തീരുമാനിച്ചാൽ മാധ്യമങ്ങൾ നഷ്ടപരിഹാരം നൽകേണ്ടിയും വരും.
ഏത് മാർക്കറ്റിംഗിന്റെ പ്രഷറിന്റെ പേരിലായാലും ശരി, ശിവശങ്കർ ഐഎഎസിന്റെ ജീവിതത്തോട് മാധ്യമങ്ങൾ ചെയ്തത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ്. ഇന്നല്ലെങ്കിൽ നാളെ അതിനു വില കൊടുക്കേണ്ടി വന്നേക്കാം. അല്ലെങ്കിൽ പൗരാവകാശം, സ്വകാര്യത എന്നൊക്കെ നമുക്ക് നിയമപുസ്തകങ്ങളിൽ മാത്രം വായിക്കാനുള്ള വെറും വാക്കുകളായി മാത്രം അത് മാറും.

Back to top button
error: