തിരുവനന്തപുരം: കണ്ണൂരിൽ ട്രെയിന്‍ യാത്രക്കാരനെ മർദ്ദിച്ച സംഭവത്തിൽ എഎസ്ഐ എം സി പ്രമോദിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവായി. എസ്.പി. ചൈത്ര തെരേസ ജോൺ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. റെയിൽവേ അഡ്മിനിസ്ട്രേഷൻ ഡിവൈഎസ്പി സംഭവം അന്വേഷിക്കും. പ്രമോദിനെ റെയിൽവേയിൽ നിന്നും മാറ്റും.
സംഭവം അന്വേഷിക്കുന്നതിന് സ്പെഷൽ ബ്രാഞ്ച് എസിപിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊലീസിനെതിരെ അച്ചടക്ക നടപടി എടുക്കാനുള്ള അധികാര പരിധി ആർക്കാണെന്ന് പരിശോധിക്കും. മനുഷ്യത്വ രഹിതമായ കാര്യങ്ങൾ ഉണ്ടായോ എന്നും പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.
ഇന്നലെ രാത്രി കണ്ണൂരിൽ മാവേലി എക്സ്പ്രസിൽ വെച്ചാണ് പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. യാത്രക്കാരുടെ ടിക്കറ്റ് ചോദിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ, കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പർ കോച്ചിൽ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് ഒരാളെ ബൂട്ടിട്ട് ചവിട്ടുകയും മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തത്. ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന മറ്റൊരു യാത്രക്കാരൻ പകർത്തിയ മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ക്രൂരകൃത്യം കേരളമറിഞ്ഞത്.
സ്ലീപ്പർ കംമ്പാർട്ട്മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥൻ യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളു എന്നും യാത്രക്കാരൻ മറുപടി നൽകി. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തതെന്നാണ് ദൃക്സാക്ഷിയായ ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു