IndiaNEWS

1.3 ലക്ഷം ടൺ കരിങ്കല്ലില്‍ നിര്‍മ്മിച്ച ആയിരംവര്‍ഷം പഴക്കമുള്ള ക്ഷേത്രം

നിർമ്മിതിയുടെ കാര്യത്തിൽ ലോകത്തിനു മുന്നില്‍ തലയെടുപ്പോടെ ഭാരതത്തെ ഉയർത്തി നിർത്തുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ട്.അതിലൊന്നാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം.പതിറ്റാണ്ടുകള്‍ പിന്നിടുന്ന പാരമ്പര്യത്തെ ഒരു കാലത്തിനും വി‌ട്ടുകൊടുക്കാതെ പ്രതാപത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രത്തിന് പ്രത്യേകതകള്‍ എണ്ണിയാല്‍ തീരാവുന്നതിലും അധികമാണ്.കേരള നാ‌ട്ടുരാജാവായിരുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച ഈ മഹാ ക്ഷേത്രം ഇന്നും അതിശയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.കല്ലില്‍ മാത്രം കെട്ടിയുയയര്‍ത്തിയ ഈ മഹാവിസ്മയം ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നുകൂടിയാണ്.
കല്ലിലോട് കല്ല് ചേര്‍ത്ത് കല്ലില്‍ മാത്രം കെട്ടിയുണ്ടാക്കിയ അപൂര്‍വ്വ നിര്‍മ്മിതിയാണ് തഞ്ചാവൂർ ബൃഹദീശ്വര ക്ഷേത്രം പൂര്‍ണ്ണമായും കരിങ്കല്ലില്‍ നിര്‍മ്മിച്ച ലോകത്തിലെ ഏക സൃഷ്ടിയെന്ന വിശേഷണവും ഈ ക്ഷേത്രത്തിനുണ്ട്.
രാജരാജ ചോള ഒന്നാമന്‍ എന്നറിയപ്പെട്ടിരുന്ന അരുള്‍മൊഴിവര്‍മ്മന്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതെന്നാണ് ചരിത്രം പറയുന്നത്.അദ്ദേഹത്തിന് സ്വപ്നത്തില്‍ ലഭിച്ച ഒരു നിര്‍ദ്ദേശം അനുസരിച്ചാണത്രെ ഇത്.എന്നാൽ കൂടുതൽ പേരും പറയുന്നത് കേരള നാ‌ട്ടുരാജാവായിരുന്ന ഭാസ്കര രവി വര്‍മ്മനെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ചതാണെന്നാണ്.എന്തായാലും ചോള രാജ്യ സാമ്രാജ്യ തലസ്ഥാനത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഈ ക്ഷേത്രം ചരിത്രത്തോടൊപ്പം ചില അത്ഭുതങ്ങള്‍ കൂടി ചേര്‍ന്നതാണ്.
രാജരാജേശ്വരന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിച്ചിരുന്നതെങ്കിലും പിന്നീട് മറാത്തക്കാരുടെ വരവോടെ അത് ബൃഹദീശ്വര ക്ഷേത്രം ആയിമാറുകയായിരുന്നു. ആദ്യകാലങ്ങളിൽ തിരുവുടയാർ കോവിലെന്നും പെരിയ കോവിൽ എന്നും രാജരാജേശ്വരം കോവിൽ എന്നുമെല്ലാം ക്ഷേത്രം അറിയപ്പെട്ടിട്ടുണ്ട്. ചോള വാസ്തുവിദ്യയുടെ ഏറ്റവും മനോഹര രൂപമാണ് ബൃഹദീശ്വര ക്ഷേത്രത്തില്‍ കാണുവാന്‍ സാധിക്കുന്നത്.
എ.ഡി. 985-ൽ നിര്‍മ്മാണം ആരംഭിച്ച് എഡി 1013 ല്‍ ആണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് എന്നാണ് ചരിത്രം പറയുന്നത്. എന്നാല്‍ ചില ചരിത്ര രേഖകളില്‍ 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്നും പറയുന്നുണ്ട്. കൂഞ്ച്രമല്ലൻ പെരുന്തച്ചൻ എന്ന അക്കാലത്തെ പേരുകേട്ട ശില്പിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനു മുന്‍കൈ എ‌ടുത്തതെന്നും ചരിത്രം പറയുന്നു. ക്ഷേത്രത്തിന്റെ മതിലിൽ അദ്ദേഹത്തിന്റെ പേര്‌ കൊത്തിവച്ചിരിക്കുന്നത് കാണുവാന്‍ സാധിക്കും.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്ര ഗോപുരവും ഈ ക്ഷേത്രത്തിനാണ്. വിമാനം എന്നാണ് ക്ഷേത്രഗോപുരം അറിയപ്പെടുന്നത്. 66 മീറ്റര്‍ അഥവാ 216 അടിയാണ് ഇതിന്‍റെ ഉയരം.ക്ഷേത്രം മൊത്തത്തില്‍ ഒരു അത്ഭുതം തന്നെയാണെങ്കിലും എടുത്തു പറയേണ്ടത് ഇവിടുത്തെ മകുടത്തെക്കുറിച്ചാണ്. 80 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലിലാണ് ഇത് പൂര്‍ത്തിയാക്കിയിരിക്കുന്നത്. 72575 കിലോഗ്രാം ഭാരമുള്ള മകുടം എങ്ങനെ ഗോപുരത്തിനു മുകളില്എത്തിച്ചു എന്നച് ആലോചിക്കുമ്പോള്‍ തന്നെ ഇതിനു പിന്നിലെ വൈഭവവും ബുദ്ധി കൂര്‍മ്മതയും മനസ്സിലാക്കാവുന്നതേയുള്ളൂ. ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് യാതൊരു വിധത്തിലുള്ള സാങ്കേതിക വിദ്യകളും ലഭ്യമല്ലായിരുന്ന കാലത്തായിരുന്നു ഈ നിര്‍മ്മാണം നടന്നത് എന്നോർക്കണം. ക്ഷേത്രത്തിന്റെ മുകളിലേക്ക് ഒരു ചരിഞ്ഞ പാത നിര്‍മ്മിച്ച് അതുവഴിയാണ് മകുടം ക്ഷേത്രത്തിന്റെ മുകളിലേക്ക് എത്തിച്ചത് എന്നാണ് പറയപ്പെടുന്നത്.
ക്ഷേത്ര നിര്‍മ്മാണത്തിനായി  1.3 ലക്ഷം ടൺ കരിങ്കല്ല് ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്തിന്‍റെ ഭൂപ്രത്യേകതകള്‍ അനുസരിച്ച് ഇവിടെയെങ്ങും പാറകളോ കരിങ്കല്ലുകളോ ലഭ്യമല്ല. ക്ഷേത്രത്തില്‍ നിന്നും 60 കിലോമീറ്റര്‍ ചുറ്റളവിൽ ഇത്തരത്തില്‍ കല്ലു ലഭിക്കുന്ന പ്രദേശവുമില്ല. അതുകൊണ്ടു തന്നെ അതിലും ദൂരെ നിന്നാണ് ക്ഷേത്രനിര്‍മ്മാണത്തിലേക്ക് ആവശ്യമായ കരിങ്കല്ലുകള്‍ കൊണ്ടുവന്നതെന്നാണ് കരുതപ്പെടുന്നത്.ഏകദേശം 3000 ആനകളെ ഈ സ്ഥലത്തേക്ക് കല്ലുകള്‍ കൊണ്ടുവരാൻ ഉപയോഗിച്ചു എന്നും ചരിത്രകാരന്മാർ പറയുന്നു.

Back to top button
error: