KeralaLead NewsNEWS

ഉഡുപ്പിയിലെ കോളേജില്‍ ഹിജാബ് ധരിച്ചവര്‍ക്ക് വിലക്ക്; അറബി,ബ്യാരി ഭാഷകള്‍ക്കും വിലക്ക്

ബെംഗളൂരു: കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളേജിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ക്ക് വിലക്ക്. ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിലാണ് സംഭവം. ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് തന്നെ അധികൃതര്‍ തടയുകയായിരുന്നു. കോളേജിലെ വസ്ത്രധാരണ രീതിക്ക് യോജിച്ചതല്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു നടപടി. ശിരോവസ്ത്രം ധരിച്ച് ക്ലാസില്‍ കയറാനാകില്ലെന്ന് പ്രിന്‍സിപ്പള്‍ രുദ്ര ഗൗഡ അറിയിച്ചതോടെ വിദ്യാര്‍ത്ഥിനികളെ ക്യാമ്പസ് വളപ്പില്‍ നിന്ന് പുറത്താക്കി.

രക്ഷിതാക്കളെത്തി ചര്‍ച്ച നടത്തിയിട്ടും അധികൃതര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. മുസ്ലീം സമുദായത്തില്‍ നിന്നുള്ള 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്നും ആറ് പേരൊഴികെ ആരും ശിരവോസ്ത്രം ധരിക്കുന്നില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. നാല് ദിവസമായി ക്ലാസില്‍ പ്രവേശിക്കാനാകാത്ത വിദ്യാര്‍ത്ഥിനികള്‍ കോളേജിന് പുറത്ത് പ്രതിഷേധിച്ചു.

അറബിയിലും ഉറുദ്ദുവിലും ബ്യാരി ഭാഷയിലും കോളേജിനകത്ത് സംസാരിക്കരുതെന്നും കോളേജ് പ്രിന്‍സിപ്പള്‍ ഉത്തരവിട്ടു. അറബി, ബ്യാരി , ഉറുദ്ദു ഭാഷകളില്‍ സംസാരിച്ചാല്‍ പിഴ ചുമത്തുമെന്ന് വ്യക്തമാക്കി പ്രിന്‍സിപ്പള്‍ പുതിയ ഉത്തരവുമിറക്കി. ഹിന്ദി , കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ കോളേജില്‍ വളപ്പില്‍ സംസാരിക്കാന്‍ പാടുള്ളൂ എന്നാണ് ഉത്തരവ്. നടപടിക്ക് എതിരെ പ്രതിഷേധം ശക്തമാവുകയാണ്.

Back to top button
error: