
കൊച്ചി: എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയെന്നു ഭര്‍ത്താവ് നാരായണന്‍ പൊലീസില്‍ മൊഴി നല്‍കി. സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണം മൂവരെയും ഷൂലേസ് ഉപയോഗിച്ച് കൊന്നെന്നും ഇയാള്‍ പറഞ്ഞു. അതേസമയം, കഴുത്ത് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച നാരായണന്‍ ഗുരുതരാവസ്ഥയിലാണ്.
നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ശനിയാഴ്ച രാവിലെയാണ് ജോയ് മോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടക്കം മുതല്‍ തന്നെ കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. തുടര്‍ന്നാണു നാരായണനെ ചോദ്യം ചെയ്തത്.

മയക്കുമരുന്ന് നല്‍കിയെങ്കിലും മരിക്കാത്തതിനെ തുടര്‍ന്നാണു ഷൂലേസ് കൊലയ്ക്ക് ഉപയോഗിച്ചത്. അതിനു ശേഷം ആയുധമുപയോഗിച്ച് കഴുത്തിനും കയ്യിലും മുറിവേല്‍പിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. രാവിലെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയ്‌മോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നാലു പേരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജോയ് മോളും മക്കളും മരിച്ചു. കടവന്ത്രയില്‍ പൂക്കച്ചവടം നടത്തി വരികയായിരുന്നു തമിഴ്‌നാട് സ്വദേശിയായ നാരായണന്‍. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.