എരുമേലി : ഒരു വർഷമായി എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഭാഗത്ത് സ്വപ്ന ക്ലിനിക് എന്ന പേരിൽ സ്ഥാപനം നടത്തി മൂലക്കുരു ചികിൽസ നടത്തിയിരുന്ന പശ്ചിമ ബംഗാൾ സ്വദേശി ബാപ്പി മണ്ഡൽ (27) അറസ്റ്റിൽ. താൻ ബംഗാൾ സ്വദേശി അല്ലെന്ന് വരുത്തി തീർക്കാൻ ഇയാൾ കൈവശം കരുതിയിരുന്ന വ്യാജ ആധാർ കാർഡും പോലിസ് പിടികൂടി.
കഴിഞ്ഞയിടെ എരുമേലി സ്വദേശികളായ ദമ്പതികൾ സ്വപ്ന ക്ലിനിക്കിൽ നിന്നും ലഭിച്ച മരുന്ന് കഴിച്ച് അവശരായി വെച്ചൂച്ചിറ ബിഎംആർസി ആശുപത്രിയിൽ ചികിത്സ തേടിയതോടെയാണ് ഇയാൾ ഡോക്ടർ അല്ലെന്ന് സംശയം ഉയർന്നത്.
സാധാരണ ഡോക്ടർ നൽകുന്ന കുറിപ്പടി അല്ലെന്ന് കണ്ട വെച്ചൂച്ചിറ ബിഎംആർസി ആശുപത്രി ഡയറക്ടർ കൂടിയായ ഡോക്ടർ മനു എരുമേലിയിലെ മാധ്യമ പ്രവർത്തകൻ മുഖേനെ പോലീസിൽ ഇക്കാര്യം അറിയിക്കുകയായിരുന്നു.തുടർന്ന് പോലിസ് നട് അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.
എരുമേലി എസ്എച്ച്ഒ മനോജിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ അനീഷ്, ഷാബു മോൻ ജോസഫ്, സുരേഷ് ബാബു ബ്രഹ്മ ദാസ് അഡീഷണൽ ഇൻസ്‌പെക്ടർ അനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബംഗാളികളായ ഒട്ടേറെ പേർ ഇന്ന് കേരളത്തിൽ മൂലക്കുരു ചികിത്സ നടത്തുന്നുണ്ട് ഇവരിൽ തൊണ്ണുറ്റൊമ്പത് ശതമാനവും ഇത്തരത്തിൽ വ്യാജ ഡോക്ടർമാരുമാണ്.