KeralaNEWS

ഇഞ്ചകൊണ്ടൊരു തേച്ചു കുളി; മലയാളി മറന്ന ചർമ്മസംരക്ഷണം

രു നാൽപ്പതു വർഷം മുമ്പുവരെ കരപ്പൻ അഥവാ എക്സിമ ബാധിക്കാത്ത കുട്ടികൾ നമ്മുടെ നാട്ടിൽ കുറവായിരുന്നു.അങ്ങനെയുള്ളവരെ ആഴ്ചയിൽ രണ്ടു വട്ടം കൊട്ടൻചുക്കാതി എണ്ണ തേച്ചുപിടിപ്പിച്ച് നാൽപ്പാമരയിട്ട് തിളപ്പിച്ചാറ്റിയ വെള്ളത്തിൽ ഇഞ്ചതേപ്പിച്ചൊരു കുളിയുണ്ട്‌. അതാണ് കുളി.മാര്‍ബിളിട്ട ബാത്ത്റൂമില്‍ ഷവറിന്റ കീഴിൽ കാക്കകുളി കുളിച്ച് പാതി തോർത്തി ബർമുഡയും വലിച്ചു കയറ്റിയിട്ട് ഇറങ്ങിപോകുന്ന ഇന്നത്തെ പിള്ളേർക്ക് ഇത് വല്ലതും അറിയാമോ. ഇഞ്ച തേക്കുമ്പോള്‍ വേദനകൊണ്ട് പുളയുന്ന കുട്ടികള്‍ അമ്മയുടെ പിടിവിടുപ്പിച്ച് കുതറിയോടും.‍ അവരെ പിടിച്ച് അടക്കാമരത്തില്‍ കെട്ടിയിടാന്‍ ചേട്ടന്മാരോ ചേച്ചിമാരോ ഒപ്പം കാണും. ഇഞ്ചയാണ് വില്ലൻ. വെള്ളത്തിലിട്ട് പതം വരുത്തിയ ഇഞ്ചകൊണ്ട് തേച്ചുകുളിപ്പിക്കുമ്പോൾ കരപ്പന്റെ പൊറ്റ അടർന്ന് ചോര പൊടിയണമെന്നാണ്  വൈദൃമാരുടെ കണക്ക്‌. കരപ്പിനില്ലാത്തവരും എണ്ണയും അഴുക്കും ഇളക്കിക്കളയാൻ ഉപയോഗിച്ചിരുന്നതും  ഇഞ്ച തന്നെ.
Acacia Caesia എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഇഞ്ചയെ മലബാറില്‍‍ “ചെടങ്ങ” എന്നും സംസ്കൃതത്തില്‍ “നികുഞ്ചിക” എന്നും അറിയപ്പെടുന്നു. ഇന്നത്തെപ്പോലെ “മമ്മിയെ കണ്ടാൽ കോളേജ് കുമാരിയാണെ”ന്ന് തോന്നിപ്പിക്കു”ന്ന സോപ്പുകളോ, ഹേമമാലിനിയെപ്പോലെ  സുന്ദരിയാക്കുന്ന സോപ്പുകളോ ഇല്ലാതിരുന്ന കാലം. പകരം അഴുക്കുകൾ മാത്രമല്ല അണുക്കളെയും നശിപ്പിക്കുന്ന ഇഞ്ചയായിരുന്നു മെഗാസ്റ്റാർ.
തോലിഞ്ച, നാരിഞ്ച , പട്ടിഞ്ച എന്നിങ്ങനെ മൂന്നുതരം ഇഞ്ചകള്‍ ചൂടപ്പംപോലെ വിറ്റഴിക്കപ്പെട്ടിരുന്ന കാലം..ഏതു ഇഞ്ചയായാലും കുട്ടികൾക്ക് പേടിയാണ്. അന്ന് എല്ലാ കടയിലും  സുലഭമായിരുന്നു ഇഞ്ച. ആയുർവ്വേദ കഷായങ്ങള്‍ റെഡിമെയ്ഡായി കുപ്പികളിലും, ഗുളികരൂപത്തിലും വില്‍ക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇഞ്ച അങ്ങാടി കടകളിലെങ്ങാനും കിട്ടിയാൽ കിട്ടി എന്ന് പറയാം.
പഴമക്കാരുടെ സൗന്ദര്യവർദ്ധക സോപ്പായിരുന്നു ഇഞ്ചയെന്നു പറഞ്ഞല്ലോ. എണ്ണയും, അഴുക്കും ഇളക്കിക്കളയാൻ ആയുർവ്വേദം അനുശാസിക്കുന്ന ഇതിനെ കാട്ടിൽനിന്നും ശേഖരിച്ച് പരുവപ്പെടുത്തി എടുക്കുന്ന പ്രക്രിയ അത്ര എളുപ്പമല്ല. അടിമുതൽ മുകളറ്റം വരെ മുള്ളുള്ള ഇഞ്ചക്കാടിന്റെ അടുത്തേക്ക് പോകാൻ വന്യമൃഗങ്ങൾക്കുപോലും ഭയമാണ്.”പ്രതി ഇഞ്ചക്കാട്ടിലാ” എന്നൊരു പോലീസ് ഭാഷ്യം തന്നെ  അന്നുണ്ടായിരുന്നു. അതായത്‌ ഇഞ്ചക്കാട്ടിൽ ഒളിച്ച പ്രതിയെ പിടിക്കാൻ എളുപ്പമല്ലെന്നര്‍ഥം. എന്നാൽ കാട്ടുമക്കൾക്ക് അതൊന്നും ബാധകമല്ലായിരുന്നു. വെട്ടുക്കത്തിയുമായി ഉൾക്കാട്ടിലേക്കിറങ്ങി അവര്‍ ആറടി നീളത്തിൽ തണ്ടുകൾ വെട്ടിയെടുക്കും . പിന്നെ  മുള്ളുകൾ നീക്കി തൊലി ഉരിച്ചെടുത്ത്‌ നിരപ്പായ പാറയിൽ വെച്ച് അടിച്ചുപരത്തി രണ്ടുദിവസം വെയിലത്തിട്ട് ഉണക്കിയെടുത്ത് കെട്ടുകളായി ഏതെങ്കിലും ഇടനിലക്കാരെ ഏല്‍പ്പിക്കും. അവര്‍ക്ക് അന്നന്നേപ്പത്തിനുള്ള വകപോലും കിട്ടില്ലെങ്കിലും ഇടനിലക്കാര്‍ക്ക് നല്ല കൊയ്ത്തിനുള്ള
 വകയായിരുന്നു ഇഞ്ച കച്ചവടം.കുളിക്കാൻ മാത്രമല്ല കൊതുകളേ തുരത്താനും ഇഞ്ച പുകച്ചാൽ മതി.
ഓ..പിന്നേ..! പത്തു രൂപയ്ക്കു കൊതുകു തിരി വാങ്ങാൻ കിട്ടുമ്പോൾ.. കൊതുക് മാത്രമല്ല,കൊതുകു തിരികളും അസുഖം പടർത്തുമെന്ന് മറക്കാതിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: