ന്യൂഡല്‍ഹി: കോവിഡ് വാക്സിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ 8 സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി, ഹരിയാന, തമിഴ്നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്രാ, ഗുജറാത്ത്, കര്‍ണാടക, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ (263) റിപ്പോര്‍ട്ടുചെയ്യപ്പെട്ടത്. മഹാരാഷ്ട്രയില്‍ 252, ഗുജറാത്തില്‍ 97, രാജസ്ഥാനില്‍ 69, കേരളത്തില്‍ 65, തെലങ്കാനയില്‍ 62, എന്നിങ്ങനെയാണ് മറ്റുസംസ്ഥാനങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ട കേസുകള്‍. ഇതിന് പുറമെ മുംബൈ, ഗുര്‍ഗാവ്, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, അഹമ്മദാബാദ് നഗരങ്ങളിലും കോവിഡ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുംബൈയില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി ഏഴുവരെ 144 പ്രഖ്യാപിച്ചു. പുതുവത്സര ആഘോഷങ്ങള്‍ക്ക് മുംബൈ പോലീസ് വിലക്കേര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ബാറുകള്‍, പബ്ബുകള്‍, റിസോര്‍ട്ടുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളിലൊന്നും പുതുവത്സര ആഘോഷമോ പാര്‍ട്ടിയോ നടത്താന്‍ അനുവദിക്കില്ല.