പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഇനിയുള്ള യാത്രകൾ സർവ സുരക്ഷാസന്നാഹങ്ങളുമുള്ള 12 കോടിയിലേറെ രൂപ വിലയുള്ള കാറിൽ. ‘മെഴ്സിഡസ് ബെൻസ് മേബാക്ക് എസ് 650 ഗാർഡ്’ ആണ് മോദിയുടെ പുതിയ സുരക്ഷാവാഹനം. ഇതുവരെ ഉപയോഗിച്ചിരുന്നത് റേഞ്ച് റോവർ വോഗും ടൊയോട്ടയുടെ ലാൻഡ് ക്രൂയിസറുമായിരുന്നു.
കാറിന്റെ ജനലിന്റെ ഉൾവശത്ത് പോളികാർബണേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്. നേരിട്ടുള്ള സ്ഫോടനങ്ങളെ പ്രതിരോധിക്കുന്നതിന് വാഹനത്തിന്റെ താഴെഭാഗത്ത് ശക്തമായ സുരക്ഷയാണ് നൽകിയിരിക്കുന്നത്. അതിനുപുറമേ രാസ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് കാബിനിൽ പ്രത്യേക എയർ സപ്ലൈയും ഒരുക്കിയിട്ടുണ്ട്. സ്ഫോടന പ്രതിരോധത്തിൽ 2010 എക്സ്പ്ലോഷൻ പ്രൂഫ് വെഹിക്കിൾ റേറ്റിംഗ് ആണ് ഇതിനുള്ളത്.
ഇന്ത്യ സന്ദർശിച്ച റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിനെ സ്വീകരിക്കാൻ ഡൽഹി ഹൈദരാബാദ് ഹൗസിൽ മോദി എത്തിയത് പുത്തൻ മേബാക്കിലായിരുന്നു. അടുത്തയിടെ പങ്കെടുത്ത ഒരു റാലിയിലും ഇതേ കാറിലാണ് പ്രധാനമന്ത്രി എത്തിയത്. അതീവസുരക്ഷാ സംവിധാനങ്ങളുള്ള വിആർ-10 ലെവൽ പ്രൊട്ടക്ഷനോടു കൂടിയതാണ് പ്രധാനമന്ത്രിയുടെ പുത്തൻ കാർ.
മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാവുന്ന മേബാക്ക് എസ്650 ഗാർഡിന് 6 ലിറ്റർ ട്വിൻ ടർബോ എൻജിനാണുള്ളത്. വാഹനത്തിന്റെ സൈഡ് ഗ്ലാസുകൾ വെടിയുണ്ടകളെ പ്രതിരോധിക്കുന്ന തരത്തിൽ കട്ടിയുള്ള സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അതിനു പുറമെ, രണ്ടു മീറ്റർ അകലത്തിലുണ്ടാകുന്ന 15 കിലോഗ്രാമിന്റെ ടിഎൻടി സ്ഫോടനത്തെ വരെ മറികടക്കാവുന്ന തരത്തിലാണ് വാഹനം ഒരുക്കിയിരിക്കുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് പ്രധാനമന്ത്രി മോദിക്ക് യാത്ര ചെയ്യുന്നതിന് ബുള്ളറ്റ് പ്രൂഫ് മഹീന്ദ്ര സ്കോർപിയോ ആയിരുന്നു ഉണ്ടായിരുന്നത്.