നീറ്റ്, പിജി കൗണ്‍സിലിങ് വൈകുന്നതില്‍ ഡല്‍ഹിയില്‍ വഴിതടഞ്ഞ് പ്രതിഷേധിച്ച റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസിനെ തടഞ്ഞതിനുമാണ് കേസ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് നൂറുകണക്കിന് ഡോക്ടര്‍മാര്‍ രാജ്ഘട്ടില്‍ നിന്ന് ഐടിഒയിലേക്കുള്ള പ്രധാന പാത ഉപരോധിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ ഡോക്ടര്‍മാര്‍ പൊലീസ് ബാരിക്കേഡിനു മുകളിലേക്ക് ഓവര്‍ക്കോട്ട് ഊരിയിട്ട് പ്രതീകാത്മക രാജി പ്രഖ്യാപിച്ച ശേഷം പിരിഞ്ഞുപോയി. കൗണ്‍സലിങ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള ആശുപത്രികളില്‍ റസിഡന്റ് ഡോക്ടര്‍മാര്‍ രണ്ടാഴ്ചയായി പണിമുടക്കിലാണ്. ജോലിഭാരം വര്‍ധിച്ചതായാണ് ഇവരുടെ പരാതി.
പിന്നീട്, ഐടിഒയില്‍ നിന്നു രാജ്ഘട്ടിലേക്കുള്ള റോഡില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ വഴിതടഞ്ഞു. സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. അതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നതോദ്യോഗസ്ഥന്‍ സ്ഥലത്തെത്തി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് വൈകിട്ട് മൂന്നരയോടെ സമരക്കാരെ നീക്കം ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങിയതോടെ ഡോക്ടര്‍മാര്‍ ചെറുത്തു. ചിലരെ പൊലീസ് ബലംപ്രയോഗിച്ച് വാഹനത്തിനുള്ളില്‍ കയറ്റി. പൊലീസ് ബസിന്റെ താക്കോല്‍ കൈക്കലാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 10 മിനിറ്റോളം പൊലീസ് വാഹനം സമരക്കാര്‍ തടഞ്ഞിട്ടു. വാഹനത്തില്‍ കയറ്റിയ സമരക്കാരുമായി പൊലീസ് സ്ഥലംവിട്ടതിനു ശേഷവും ബാക്കിയുള്ളവര്‍ പിന്‍വാങ്ങിയില്ല. വൈകിട്ട് നാലരയോടെ ഇവര്‍ സഫ്ദര്‍ജങ് ആശുപത്രിക്കു മുന്നിലേക്കു സമരം മാറ്റുകയായിരുന്നു.
അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു.