KeralaNEWS

എല്ലാ ജ്യൂസും ജ്യൂസല്ല; ഒഴിവാക്കാം സോഫ്റ്റ് ഡ്രിങ്ക്സുകൾ

ല്ലാ ജ്യൂസും ജ്യൂസല്ല.ശുദ്ധമായ പഴങ്ങളിൽനിന്ന് ഊറ്റിയെടുക്കുന്ന  ചാറിനെയാണ്(പഴച്ചാർ) ജ്യൂസ് എന്ന് പറയുന്നത്.കൃത്രിമമായ യാതൊന്നും ചേർക്കാതെ തയാറാക്കുന്നതാവണം ജ്യൂസുകൾ. ജ്യൂസിനു പഴങ്ങളുടെ നിറവും മണവും ഗുണവും വേണമെന്നും അരിയും (കുരു) തൊലിയും പാടില്ലെന്നും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കരട് ചട്ടങ്ങളിൽപ്പോലും വ്യക്തമാക്കുന്നുണ്ട്.കൃത്രിമമായി പഴുപ്പിക്കാതെ സ്വാഭാവികമായി പഴുത്തു പാകമായ പഴങ്ങൾ ഉപയോഗിച്ചു നിർമിച്ചതാവണം ജ്യൂസ്.
കുപ്പിയിലും കാനിലും പേപ്പർ പാക്കറ്റുകളിലും പതഞ്ഞുപൊങ്ങിക്കൊണ്ടിരിക്കുന്ന ശീതള പാനിയങ്ങളെ ഒരിക്കലും ജ്യൂസിന്റെ പരിധിയിൽ പെടുത്തരുത്.ഇവയെയൊക്കെ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സ് എന്നു പറയുന്നതാവും ശരി.ഇവയ്ക്കു യാതൊരുവിധ പോഷകാഹാരഗുണവും ഇല്ല. കൃത്രിമമായി പഴങ്ങളുടെ നിറവും മണവും ചേരുവയുമൊക്കെ ചേർത്ത വെറും പാനീയങ്ങളാണ് ഇവ.വിയർത്തൊലിച്ചു വരുമ്പോൾ തണുപ്പോടെ ഇവ വാങ്ങി കുടിക്കുന്നത് ഒട്ടും നന്നല്ല. ഇതു ദാഹത്തിന് താൽക്കാലിക ആശ്വാസം പകർന്നേക്കാം. എന്നാൽ, ഇവ കൂടുതൽ ക്ഷീണത്തിലേക്കും ദാഹത്തിലേക്കും മാത്രമേ നയിക്കൂ എന്ന് മാത്രം.

ഇതിൽ അടങ്ങിയിരിക്കുന്ന അമിത മധുരവും ശരീരത്തിന് ഒട്ടും നന്നല്ല.മധുരം കൂട്ടാനായി ഇവയിൽ ചേർക്കുക ഹൈ ഫ്രക്ടോസ് കോൺ സിറപ്പാണ്. ഇതു മധുരത്തിന്റെ അളവ് നാലുമടങ്ങ് കൂട്ടും.സ്ഥിരമായി ഇത് വാങ്ങിക്കുടിക്കുന്നവർ താമസിയാതെ പ്രമേഹരോഗികളുമായി മാറും.

കൃത്രിമ പാനീയങ്ങൾ വയറിനും പ്രശ്നങ്ങൾ സൃഷ്ടിക്കും. വയറിനുള്ളിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളപ്പെടുന്നതു വിശപ്പില്ലായ്മ, വയറുവേദന, ഗ്യാസ്ട്രബിൾ എന്നിവയ്ക്കു വഴിവെയ്ക്കാം.അതേപോലെ പല്ലിന്റെ ഇനാമൽ നശിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും.

നമ്മുടെ എല്ലാം വീടുകളിൽ കൈതചക്കയോ ഓമയ്ക്കയോ ഇനി അതല്ലെങ്കിൽ മറ്റെന്തെങ്കിലും പഴങ്ങൾ എപ്പോഴും കാണും.അതിനാൽ കടയിൽ നിന്നും വാങ്ങിക്കുടിക്കാതെ വീട്ടിൽ തന്നെ ജ്യൂസ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ് നല്ലത്.ഇനി പഴത്തിൽനിന്നുള്ളതല്ലെങ്കിൽക്കൂടി നമ്മുടെ സ്വന്തം കഞ്ഞിവെള്ളവും സംഭാരവുമൊക്കെയാണ് ഏറ്റവും മികച്ച ദാഹശമനികൾ.ഏറ്റവും മികച്ച ജ്യൂസായി കണക്കാക്കാവുന്നതാണ് കരിക്കിൻവെള്ളവും നാരങ്ങാവെള്ളവും.
മിനറല്‍ വാട്ടറിന്റെയും  സോഫ്റ്റ് ഡ്രിങ്ക്‌സ്‌കളുടെയും ബോട്ടിലുകളുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങൾ വളരെയേറെയാണ്.മിനറല്‍ വാട്ടര്‍ / സോഫ്റ്റ് ഡ്രിങ്ക്‌സ്  കുപ്പികളുടെ അടിവശത്തോ  ലേബലിലോ  ആയി 1-6 വരെയുള്ളതില്‍  ഒരക്കവും (മിക്കവാറും ഒരു ത്രികോണത്തില്‍) PET എന്നീ അക്ഷരങ്ങളും കാണാം. PET എന്നാല്‍ പോളി എഥിലീന്‍  ടെറഫ്തലെറ്റ് . പാക്കേജിംഗ് മേഖലയില്‍ PET എന്നും ടെക്‌സ്‌റ്റൈല്‍  മേഖലയില്‍ പോളിഎസ്റ്റര്‍  എന്നുമാണ് ഇതിനെ വിളിക്കുന്നത്. PET സുതാര്യവും ദൃഢമായതും ഓക്‌സിജനെ തടയാന്‍ കഴിയുന്നതുമാണ്. കൂടാതെ കാര്‍ബണ്‍ ഡയോക്‌സൈഡിനെ അടക്കി നിര്‍ത്താന്‍ കഴിയുന്നതുമാണ്. ഈയൊരു പ്രത്യേകത കൊണ്ടാണ് കാര്‍ബണേറ്റഡ്  പാനീയങ്ങള്‍ക്കു PET നിര്‍മ്മിത കുപ്പികള്‍ ഉപയോഗിക്കുന്നത്.ഇത്തരം കുപ്പികളില്‍ CRUSH THE BOTTLE AFTER USE എന്ന വാക്യവും ചിത്രവും കാണാം. എന്നാല്‍ ഇത് അവഗണിച്ചു നമ്മില്‍ പലരും തണുത്ത വെള്ളവും ചൂടുവെള്ളവും മറ്റും സൂക്ഷിക്കാനായി ഇത്തരം കുപ്പികള്‍  ഉപയോഗിക്കുന്നുണ്ട്.ശരീരത്തിലെ സ്വാഭാവിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കാൻ ഇത് മതിയാകും. ഒപ്പം വയറുവേദന, മലബന്ധം, നെഞ്ചെരിച്ചിൽ, വിശപ്പില്ലായ്മ എന്നിവയ്ക്കും ഇത് കാരണമാകും.

Back to top button
error: