കവന്‍ട്രി: വ്യാജ സർട്ടിഫിക്കറ്റുകളുമായി യുകെയിൽ എത്തിയ പത്ത് മലയാളികളാണ് ഈ മാസം മാത്രം ഇവിടെ അറസ്റ്റിലായത്.ഇവർ നൽകിയ വിവരത്തെ തുടർന്ന് ഇവരെ നാട്ടിൽ നിന്നും കൊണ്ടുവന്ന പുത്തന്‍കുരിശ് സ്വദേശികളായ അരുണ്‍ മാത്യുവും ജിനു ചെറിയാനും നോര്‍ത്ത് വെയ്ല്‍സ് പോലീസിന്റെ പിടിയിലായി. ഗാങ് മാസ്റ്റര്‍ ആന്‍ഡ് ലേബര്‍ അബ്യുസ് അതോറിറ്റിയുടെയും നോര്‍ത്ത് വെയ്ല്‍സ് പോലീസിന്റെയും സംയുക്ത തിരച്ചിലിലാണ് കഴിഞ്ഞ ദിവസം ഇവർ കുടുങ്ങിയത്.
ജിഎല്‍എ എ എന്ന പ്രത്യേക അ്‌ന്വേഷണ ഏജന്‍സി കേസില്‍ ഉള്‍പ്പെട്ടതോടെ ഇവർക്കെതിരെയുള്ള നടപടികള്‍ അതി ശക്തമാകുകയാണ്.
ഇന്ത്യയിലെ എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് പോലെ പ്രത്യേക അധികാര ചുമതലയുള്ള ജിഎല്‍എഎ പ്രദേശത്തു വ്യാപകമായ തരത്തില്‍ യൂണിവേഴ്സിറ്റികള്‍ കേന്ദ്രീകരിച്ചു വിവരം ശേഖരിക്കുകയാണ്. അരുണും ജിനുവും കൊണ്ടുവന്ന വിദ്യാര്‍ഥികള്‍ അല്ലാതെ മറ്റു മലയാളി ഏജന്‍സികള്‍ വഴി എത്തിയ വിദ്യാര്‍ത്ഥികളുടെ വിവരവും നഴ്സിങ്, കെയര്‍ ഹോമുകളുടെ സഹായത്തോടെ ശേഖരിച്ചു അന്വേഷണം ത്വരിതപ്പെടുത്തിവരികയാണ് ഇവിടെ. ജിഎല്‍എഎയുടെ അന്വേഷണത്തിൽ മറ്റു വിദ്യാര്‍ത്ഥികളും കേരളത്തിൽ നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയതോടെ കേരളത്തിൽ നിന്നുള്ള വിദ്യാർഥിനികൾക്ക് തൽക്കാലം വിസ നൽകേണ്ടെന്ന് തീരുമാനിച്ചതായാണ് ലഭിക്കുന്ന വിവരം.
വിവരം കോടതിയിലും ഹോം ഓഫീസിനെയും അറിയിക്കുമെന്ന് ജി എല്‍ എ എ അറിയിച്ചു കഴിഞ്ഞു. ഇതോടെ ഇതേ വിധത്തില്‍ ലോ സ്‌കില്‍ഡ് ജോലികളില്‍ ലക്ഷ്യം വച്ച് വന്ന പഞ്ചാബി വിദ്യാര്‍ത്ഥികളുടെ വഴി തന്നെയാണ് മലയാളികള്‍ക്ക് മുന്നിലും തെളിയുന്നത്. മികവുള്ളവരല്ലാത്ത പഞ്ചാബി വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ സ്റ്റുഡന്റ് വിസ ലഭിക്കുവാന്‍ കടുത്ത പ്രയാസമാണ്.ഇതോടെ മിക്ക യൂണിവേഴ്‌സിറ്റികളും കാരണം പറയാതെ തന്നെ വിസ റദ്ദാക്കുകയാണ്.
പണ്ടൊക്കെ ഗള്‍ഫില്‍ പോയിരുന്ന അതേ ലാഘവത്തോടെയാണ് മലയാളി ചെറുപ്പക്കാര്‍ ഇപ്പോള്‍
വ്യാജ പ്ലസ് ടൂ , ബിരുദ സര്‍ട്ടിഫിക്കറ്റുകളുമായി യുകെയില്‍ എത്തുന്നത്.കഴിഞ്ഞ മാസം നെടുമ്പാശേരിയില്‍ നിന്നും യുകെയിലേക്കു കടക്കാന്‍ ശ്രമിച്ച എട്ടു മലയാളി യുവാക്കള്‍ പോലീസിന്റെ വലയിൽ അകപ്പെട്ടിരുന്നു.ഇതോടെ മറ്റു വിമാനത്താവളങ്ങള്‍ ഇത്തരക്കാർ ആശ്രയിച്ചു തുടങ്ങി എന്നാണ് ഇന്നലെ ബാംഗ്ലൂരില്‍ പിടിയിലായ വയനാട് സ്വദേശിയായ 22 കാരന്‍ സോജു താഴത്തുവീട്ടിലിന്റെ അനുഭവം സൂചിപ്പിക്കുന്നത്.ബാംഗ്ലൂര്‍ വിമാനത്താവളത്തില്‍ ഇമ്മിഗ്രെഷന്‍ ഉദ്യോഗസ്ഥരുടെ വലയിലായ ഇയാളുടെ കയ്യില്‍ ഗുല്‍ബര്‍ഗ് യൂണിവേഴ്സിറ്റിയുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ആണ് ഉണ്ടായിരുന്നത്.