കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളെ അതിശയിപ്പിക്കുന്ന നാടാണ്. കായൽ കാഴ്ചകളും ബോട്ട് യാത്രയും കനാലുകളും തനി നാടൻ രുചികളും ഒക്കെയായി എന്നും എപ്പോഴും എല്ലാവരെയും ആകർഷിക്കുന്ന ഒരിടം. ആലപ്പുഴയുടെ കായൽക്കാഴ്ചകൾ തേടി സഞ്ചാരികൾ പോകുമ്പോൾ അറിയാതെയാണെങ്കിലും വിട്ടു പോകുന്ന ഒന്നാണ് ഇവിടുത്തെ ദേവാലയങ്ങൾ.
പുണ്യപുരാതനമായ അർത്തുങ്കൽ പള്ളി മുതൽ എടത്വാ പള്ളിയും പള്ളിപ്പുറം പള്ളിയും പഴയ സുറിയാനി പള്ളിയും ഒക്കെ തുറന്നിടുന്ന ചരിത്രവാതിലുകൾ ഒരിക്കലെങ്കിലും കയറി കാണേണ്ടവ തന്നെയാണ്.ഹനുമാന്റെ രൂപം തറയിൽ കൊത്തിയിരിക്കുന്ന ദേവാലയവും ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്. ആലപ്പുഴ ജില്ലയിലെ പ്രശസ്തമായ ചില ക്രിസ്ത്യൻ ദേവാലയങ്ങളെ പരിചയപ്പെടാം…
ആലപ്പുഴയിലെ എന്നല്ല, കേരളത്തിലെ ദേവാലയങ്ങളുടെ പട്ടിക എടുത്താൽ അതിൽ തന്നെ ഒന്നാമത് നിൽക്കുന്ന ദേവാലയമാണ് അർത്തുങ്കൽ പള്ളി. സെന്റ് ആന്‍ഡ്രൂസ് ബസലിക്ക് എന്നാണ് യഥാർഥ നാമമെങ്കിലും അർത്തുങ്കൽ പള്ളി എന്നാണ് പൊതുവെ അറിയപ്പെടുന്നത്. കേരളത്തിലെ ഏഴാമത്തെയും ആലപ്പുഴ രൂപതയിലെ ആദ്യത്തെയും ബസലിക്ക കൂടിയാണ് അർത്തുങ്കൽ പള്ളി.
ഇറ്റലിയിലെ മിലാനിൽ നിന്നെത്തിച്ച വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.വെളു ത്ത അച്ചൻ എന്ന വിളിപ്പേരാണ് വിശുദ്ധ സെബസ്ത്യാനോസിന് ഇവിടെയുള്ളത്.അർത്തുങ്കൽ പള്ളിയും ശബരിമല തീർഥാടകരും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഈ പ്രദേശത്തു നിന്നും ശബരിമലയ്ക്കു പോയി തിരികെ വരുന്നവർ പള്ളിയിൽ വെളുത്തച്ചന്റെ സന്നിധിയില് നേർച്ച സമർപ്പിച്ച ശേഷമാണ് മാലയൂരുന്നത് എന്നാണ് അതിലൊന്ന്.
കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾക്കിടയിൽ ഏറെ പ്രശസ്തമാണ് അർത്തുങ്കൽ പെരുന്നാൾ. എല്ലാ വർഷവും ജനുവരി പത്തിന് തുടങ്ങി 27 ന് അവസാനിക്കുന്ന രീതിയിലാണ് ഇത് നടത്തുക. സ്വർണ്ണം, വെള്ളി, എന്നിവയിൽ തീർത്ത മനുഷ്യാവയവങ്ങളുടെയും അമ്പ്, വില്ല് എന്നിവയുടെയും രൂപങ്ങളുമാണ് വിശ്വാസികൾ ഇവിടെ കാണിക്കയായി അർപ്പിക്കുന്നത്.
പമ്പാ നദിയുടെ തീരത്ത് ഒര യൂറോപ്യൻ പള്ളിയെ ഓർമ്മപ്പെടുത്തുന്ന വിധത്തില് നിൽക്കുന്ന ദേവാലയമാണ് എടത്വാ പള്ളി. കുട്ടനാട്ടിലെ ഒരു ചെറിയ ഗ്രാമമായ എടത്വാ അറിയപ്പെടുന്നത് ഈ പള്ളിയുടെ പേരിലാണ്.
വിശുദ്ധ ഗീവർഗ്ഗീസിന്റെ പേരിലറിയപ്പെടുന്ന ഈ ദേവാലയം കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്.പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ എടപ്പള്ളി പള്ളിയുടെ തട്ടിൻപുറത്തുണ്ടായിരുന്ന ഗീവർഗ്ഗീസിന്റെ സ്വരൂപമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
വിശുദ്ധ ഗീവർഗ്ഗീസിന്റെ പേരിലറിയപ്പെടുന്ന ഈ ദേവാലയം കേരളത്തിലെ പ്രശസ്തമായ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ്.പള്ളിയുടെ നിർമ്മാണം പൂർത്തിയായപ്പോൾ എടപ്പള്ളി പള്ളിയുടെ തട്ടിൻപുറത്തുണ്ടായിരുന്ന ഗീവർഗ്ഗീസിന്റെ സ്വരൂപമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
എല്ലാ വർഷവും ഏപ്രിൽ 27 മുതൽ മേയ് 7 വരെയാണ് ഇവിടുത്തെ തിരുന്നാൾ. ഈ സമയത്താണ് ഇവിടെ സ്വര്‍ണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന ഗീവർഗ്ഗീസിന്റെ രൂപം പള്ളിയുടെ മധ്യത്തിൽ ആരാധനയ്ക്കായി പ്രതിഷ്ഠിക്കുന്നത്.
ആലപ്പുഴ ജില്ലയിലെ മറ്റൊരു ക്രൈസ്തവ ദേവാലയമാണ് ഔവർ ലേഡി ഓഫ് അസംപ്ഷൻ ദേവാലയം.തുമ്പോളിക്ക് സമീപം പൂങ്കാവ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
കായംകുളത്ത് സ്ഥിതി ചെയ്യുന്ന കാദീശ പള്ളി ഓർത്തഡോക്സ് വിശ്വാസികളുടതാണ്.മാർ സാബോർ, മാർ അഫ്രോത്ത് എന്നീ രണ്ടു പുരോഹിതൻമാരാണ് ഈ ദേവാലയം നിർമ്മിച്ചത് എന്നാണ് വിശ്വാസം.
ഭാരതത്തിന്റെ അപ്പോസ്തലനായ തോമാശ്ലീഹ സ്ഥാപിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ദേവാലയമാണ് കോക്കമംഗലം പള്ളി.ആലപ്പുഴയിൽ ചേർത്തലയ്ക്കടുത്തായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്.
സുറിയാനി ക്രിസ്ത്യാനികളുടെ ആരാധനാലയം എന്ന പേരിൽ പ്രശസ്തമാണ് ചെന്നിത്തലയിൽ സ്ഥിതി ചെയ്യുന്ന ഹോറേബ് പള്ളി. സെന്റ് ജോർജ്ജ് ഹോറേബ് യാക്കൊബായ സുറിയാനി പള്ളി എന്നാണ് ഇതിന്റെ യഥാർഥ പേര്.
ചേർത്തലയിലെ മറ്റൊരു പുരാതന ദേവാലയമാണ് പള്ളിപ്പുറത്തെ സെന്റ് മേരീസ് പള്ളി.തോമാശ്ലീഹ സ്ഥാപിച്ച പള്ളികളോളം തന്നെ പഴക്കമുള്ളതാണ് ഈ പള്ളിയും. കോക്കമംഗലത്ത് തോമാശ്ലീഹ പള്ളി സ്ഥാപിച്ചപ്പോൾ വെച്ച കുരിശ് ശത്രുക്കൾ കായലിലെറിഞ്ഞുവത്രെ. പിന്നീട് അത് പലവഴി കറങ്ങി ഒടുവിൽ പള്ളിപ്പുറം പള്ളി പണിതപ്പോൾ അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു എന്നാണ് വിശ്വാസം.
പ്രത്യേകതകളും ചരിത്രങ്ങളും ധാരാളമുള്ള ഒരു ദേവാലയമാണ് ചെങ്ങന്നൂരിലെ പഴയ സുറിയാനി പള്ളി.ആയിരത്തിഎഴുന്നൂറിലധികം വർഷം പഴക്കം പറയപ്പെടുന്ന ഈ പള്ളി കേരളത്തിലെ തന്നെ പുരാതനമായ ദേവാലയങ്ങളിലൊന്നാണ്. ഹൈന്ദ വാസ്തുവിദ്യയനുസരിച്ചാണ് ഈ ദേവാലയം നിർമ്മിച്ചിരിക്കുന്നത്.
പള്ളിയുടെ നടപ്പന്തിലിലെ ഹനുമാന്റെ ചുവര്‍ചിത്രം ആരെയും അതിശയിപ്പിക്കുന്നതാണ്. അക്കാലത്തുണ്ടായിരുന്ന മതസാഹോദര്യത്തിന്റെ അടയാളമായാണ് ഇന്നും നിലനിൽക്കുന്ന ഈ ചുവർചിത്രത്തെ വിശേഷിപ്പിക്കുന്നത്.തികച്ചും വ്യത്യസ്തമായ ഒരു രൂപത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ദേവാലയമാണിത്. ശിലാചിത്രങ്ങളുള്ല ചുവരുകള്‍, കൊത്തുപണികളോട് കൂടിയ കൽവിളക്കുകയും കുരിശും എട്ടു നാവുള്ള ചിരവയും ഒക്കെ ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
തണ്ണീർമുക്കം തിരുരക്ത ദേവാലയം, പാദുവാപുരം പള്ളി, പുത്തൻകാവ് പള്ളി, ആറ്റുവയില മാർ ബർസൗമാസ് ഓർത്തഡോക്സ് പള്ളി, ഓമനപ്പുഴ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി, മാരാരിക്കുളം സെന്‍റ് അഗസ്റ്റിൻ പള്ളി തുടങ്ങിയവ ആലപ്പുഴ ജില്ലയിലെ പ്രശസ്ത ദേവാലയങ്ങളാണ്.