KeralaNEWS

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വ്യക്തി വൈരാഗ്യം മൂലം: സിബിഐ

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം വ്യക്തി വൈരാഗ്യത്താലെന്ന്‌ സിബിഐ.ഇതോടെ സിപിഐ എം നിലപാടായിരുന്നു ശരിയെന്ന്‌ തെളിഞ്ഞിരിക്കുകയാണ്.സംഭവവുമായി പാർട്ടിക്ക്‌ ബന്ധമില്ല എന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയടക്കമുള്ള നേതാക്കൾ അന്നുമിന്നും ആവർത്തിച്ചു വ്യക്തമാക്കിയതാണ്‌.എന്നാൽ മാധ്യമങ്ങൾ ഒന്നടങ്കം സംഭവം സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്‌ക്കാനായിരുന്നു ശ്രമിച്ചത്‌. അതിനായി ചമച്ച കള്ളക്കഥകൾക്ക് യാതൊരു പഞ്ഞവുമില്ലായിരുന്നു.
 സിബിഐയുടെ കുറ്റപത്രം പുറത്തുവന്നതോടെ ഇന്ന് മാധ്യമങ്ങളൊക്കെ മൗനത്തിലാണ്‌. സിബിഐ കൂടുതൽ പേരെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.  ആസൂത്രിതമായി മൊഴി നൽകിയാണ്‌  കോൺഗ്രസുകാരായ സാക്ഷികൾ നിരപരാധികളെ കുടുക്കിയതെന്ന്‌ കുറ്റപത്രത്തോടൊപ്പം സമർപ്പിച്ച മൊഴികൾ വ്യക്തമാക്കുന്നു.
മരിച്ച ശരത്‌ലാലുമായി ഒന്നാംപ്രതി എ പീതാംബരനുള്ള  കടുത്ത വിദ്വേഷമാണ്‌ സംഭവത്തിനിടയാക്കിയത്‌ എന്നാണ്‌ സിബിഐ കണ്ടെത്തിയത്‌. മൂന്നാട്‌ പീപ്പിൾസ്‌ കോളേജിലെ എസ്‌എഫ്‌ഐ, കെഎസ്‌യു തർക്കത്തിന്റെ പേരിൽ കല്യോട്ട്‌  കോളേജ്‌ ബസ്‌ ശരത്‌ലാലിന്റെ നേതൃത്വത്തിൽ തടഞ്ഞു. പീതാംബരൻ അതിലിടപെട്ടപ്പോൾ  ഭീകരമായി മർദനമേറ്റു. നേരത്തെ  പ്രദേശത്ത്‌ സംഘർഷമുണ്ടായിരുന്നുവെന്നും അത്‌ തീർക്കാത്തതാണ്‌ അനിഷ്‌ടസംഭവത്തിന്‌ കാരണമെന്നും സിബിഐ വിലയിരുത്തി. സംഭവത്തിൽ ശരത്‌ലാലിനെ റിമാൻഡ്‌ ചെയ്‌തുവെങ്കിലും പീതാംബരൻ മർദനകാര്യം പാർടിയെ അറിയിച്ചപ്പോൾ നേതാക്കൾ ഗൗരവമായി എടുത്തില്ല എന്ന്‌ റിപ്പോർട്ടിലുണ്ട്‌. തുടർന്ന്‌ പീതാംബരൻ ഹെഡ്‌ ലോഡ്‌ വർക്കേഴ്‌സ്‌ യൂണിയന്റെ സഹായം തേടിയെങ്കിലും അവരും അനുകൂലിച്ചില്ല. അവരിൽ പി ജി സുബീഷ്‌ മാത്രം കൂട്ടുനിന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഏച്ചിലടുക്കം ബസ്‌സ്‌റ്റോപ്പിൽ സംഭവംദിവസം വൈകിട്ട്‌  ഒത്തുചേർന്നാണ്‌ ആസൂത്രണം ചെയ്‌തത്‌ എന്നും കുറ്റപത്രം പറയുന്നു. പാർടി ഓഫീസിൽ വച്ചു ഗൂഢാലോചന നടത്തിയതായി സിബിഐ കണ്ടെത്തിയെന്നുപോലും ഏതാനും ദിവസം മുമ്പ്‌ മാധ്യമങ്ങൾ എഴുതിപിടിപ്പിച്ചിരുന്നു.
 ആദ്യ 14 പ്രതികൾ  ക്രൈംബ്രാഞ്ച്‌ അന്വേഷണത്തിൽ കണ്ടെത്തിയവരാണ്‌. പത്ത്‌ പേരെ കൂടുതലായി സിബിഐ  ഉൾപ്പെടുത്തി. സിബിഐ അറസ്‌റ്റ്‌ ചെയ്‌ത അഞ്ച്‌ പേരടക്കം  16 പേർ ഇപ്പോൾ ജയിലിലാണുള്ളത്‌. കുറ്റപത്രത്തിനൊപ്പം 292 സാക്ഷിമൊഴികളും ഫോൺകോളുകളടക്കമുള്ള 174 രേഖകളും മൊബൈൽ ഫോണുകളടക്കമുള്ള 84  സാധനങ്ങളുടെ  വിവരങ്ങളും സിബിഐ ഡിവൈഎസ്‌പി ടി പി അനന്ദകൃഷ്‌ണൻ  നൽകിയ കുറ്റപത്രത്തിലുണ്ട്‌.
അതേസമയം പെരിയ കൊലപാതകം വ്യക്തിവിരോധമെന്ന്‌ സിബിഐയും കണ്ടെത്തിയതോടെ അതിന്റെ പേരിൽ പാർട്ടിയെ വേട്ടയാടിയവർ മാപ്പ്‌ പറയുമോയെന്ന്‌ സിപിഐ എം കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ ചോദിച്ചു. മൂന്നര വർഷം പാർട്ടിക്കെതിരെ എന്തൊക്കെ കഥകളാണ്‌ മാധ്യമങ്ങൾ മെനഞ്ഞത്‌. ക്രൈംബ്രാഞ്ചിൽ വിശ്വാസമില്ല എന്ന്‌ പറഞ്ഞാണ്‌ സിബിഐ വന്നത്‌. എന്നിട്ട്‌ എന്താണ്‌ കൂടുതൽ കണ്ടെത്തിയത്‌. വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌  പാർട്ടിയെ മാധ്യമങ്ങൾ ഇങ്ങനെ വേട്ടയാടരുതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Back to top button
error: