ഒടുവിൽ ഗോവയിൽ നിന്നും കോൺഗ്രസ് പടിയിറങ്ങിയിരിക്കയാണ്.ഏറ്റവും വലിയ ഒറ്റക്കക്ഷിയിൽനിന്നു കേവലം 2 എംഎൽഎമാർ മാത്രമുള്ള പാർട്ടിയിയായി കോൺഗ്രസ് ഇവിടെ മാറി.2017 ഫെബ്രുവരിയിലായിരുന്നു ഗോവ തിരഞ്ഞെടുപ്പ്. 40 അംഗ നിയമസഭയിൽ 17 സീറ്റുമായി കോൺഗ്രസായിരുന്നു വലിയ ഒറ്റക്കക്ഷി. സംസ്ഥാനം ഭരിച്ചിരുന്ന ബിജെപിക്ക് 13 സീറ്റ് മാത്രം. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 21 സീറ്റ്. എന്നിട്ടും ബിജെപി ഭരണം തുടർന്നു, വരുംവർഷങ്ങളിൽ കോൺഗ്രസ് വല്ലാതെ മെലിയുകയും ചെയ്തു.
ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഗോവയിൽ സർക്കാരുണ്ടാക്കാൻ സാധിച്ചില്ല എന്നതുതന്നെയാണു കോൺഗ്രസിന്റെ തകർച്ചയ്ക്കു വഴിയൊരുക്കിയത്. സ്വതന്ത്ര എംഎൽഎ പിന്തുണ പ്രഖ്യാപിച്ചപ്പോൾ കേവല ഭൂരിപക്ഷം ഉറപ്പിക്കാൻ കോൺഗ്രസിനു വേണ്ടിയിരുന്നത് രണ്ട് എംഎൽഎമാരുടെ പിന്തുണ മാത്രമായിരുന്നു. പക്ഷേ, രണ്ടുപേരെക്കൂടി ചേർത്തുനിർത്താനോ ഭരണം ഉറപ്പിക്കാനോ നേതൃത്വത്തിനു സാധിച്ചില്ല.
നിയമസഭാകക്ഷി നേതാവ് ആരാകണം എന്നതായിരുന്നു കോൺഗ്രസിനുള്ളിലെ തർക്കം. നേതാക്കൾ ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിച്ചു. നിർണായക മണിക്കൂറുകളാണ് ഇതിന്റെ പേരിൽ നഷ്ടപ്പെട്ടത്. സമയത്തിന്റെ വില അറിയാവുന്ന ബിജെപി, കേന്ദ്രസർക്കാരിന്റെ അധികാരബലം കൂടി ഉപയോഗിച്ച് ചടുലമായി കയറിക്കളിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഡൽഹിയിൽനിന്ന് ഗോവയിലേക്ക് അതിവേഗം പറന്നെത്തി. രാത്രിയിലും പുലർച്ചെയും ചർച്ചകൾ നീണ്ടു. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയും ഗോവ ഫോർവേഡ് പാർട്ടിയും ബിജെപിയെ പിന്തുണയ്ക്കാമെന്ന് ഗഡ്കരിയെ അറിയിച്ചു.
പിന്നീട് എല്ലാം അതിവേഗമായിരുന്നു, കോൺഗ്രസിന് കണക്കുകൂട്ടാൻ പോലും ഇടകൊടുത്തില്ല. ഗോവയിൽ വീണ്ടും ബിജെപി ഭരണം ഉറപ്പിച്ചു. പരീക്കർ മുഖ്യമന്ത്രിയുമായി. മികച്ച സാധ്യതയുണ്ടായിട്ടും അവസരത്തിനൊത്ത് ഉയരാൻ കോൺഗ്രസിനു കഴിയാതിരുന്നതാണു ഗോവയിലെ അധികാരനഷ്ടത്തിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തി. ഇക്കാലത്തിനിടെ പാർട്ടി വിട്ട എംഎൽഎമാരും വിരൽ ചൂണ്ടുന്നത്, നേതൃത്വത്തിന്റെ കഴിവുകേടിനെത്തന്നെ.