KeralaLead NewsNEWS

പി.ടി.തോമസ് എംഎൽഎ അന്തരിച്ചു

കൊച്ചി ∙ തൃക്കാക്കര എംഎൽഎ പി.ടി. തോമസ് ‌അന്തരിച്ചു. 71 വയസ്സായിരുന്നു. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ വച്ച് രാവിലെ 10.10-ഓടെയായിരുന്നു അന്ത്യം. നാലു തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റായിരുന്നു.

കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനമാരംഭിച്ചത്. കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നൂ ചുമതലകൾ വഹിച്ചിട്ടുണ്ട്. 1980 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2007 ൽ ഇടുക്കി ഡിസിസി പ്രസിഡന്റായി. കെപിസിസി. നിർവാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്‌ടർ, കെഎസ്‌യു മുഖപത്രം കലാശാലയുടെ എഡിറ്റർ, ചെപ്പ് മാസികയുടെ എഡിറ്റർ, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്‌ഥാന ചെയർമാൻ, കേരള ഗ്രന്ഥശാലാ സംഘം എക്‌സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. 1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽനിന്നും 2016 ലും 2021 ലും തൃക്കാക്കരയിൽനിന്നും ജയിച്ചു. 2009 ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽനിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. ‘എഡിബിയും പ്രത്യയശാസ്‌ത്രങ്ങളും’ എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബർ 12 ന് ജനിച്ചു. തൊടുപുഴ ന്യൂമാൻ കോളജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്‌ണു തോമസ്, വിവേക് തോമസ്

Back to top button
error: