അടിമാലി: ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും കൃഷിയിറക്കിയ വാനില നീണ്ടകാലത്തെ തളര്‍ച്ചയ്ക്ക്ശേഷം വീണ്ടും തളിരിടുന്നു.വാനിലക്ക് വിപണിയില്‍ ലഭിച്ച ഉയര്‍ന്ന വിലയായിരുന്നു അന്ന് കര്‍ഷകരെ കൂടുതലായി കൃഷിയിലേക്കാകര്‍ഷിച്ചത്.വാനി ലക്ക് പൊന്നും വിലയായതോടെ വാനില മോഷണവും തണ്ട് മോഷണവും വരെ അക്കാലത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.ഇപ്പോള്‍ ചുരുക്കം കൃഷിയിടങ്ങളില്‍ മാത്രമാണ് വാനില കൃഷി ഉള്ളത്.ഉയര്‍ന്ന വില ലഭിച്ചിരുന്ന വാനിലയുടെ വില പിന്നീട് കുത്തനെ കൂപ്പുകുത്തിയത് കര്‍ഷകരെ വാനില കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതായിരുന്നു കാരണം.
നിലവില്‍ പച്ച വാനില കിലോയ്ക്ക് 1000 രൂപ വരെ വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയിലെത്തിക്കാന്‍ വാനിലയുള്ളത് പരിമിതമായ കര്‍ഷകര്‍ക്ക് മാത്രമാണ്.ഉണങ്ങിയ വാനില വിരളമായി മാത്രമെ വിപണിയില്‍ എത്തുന്നുള്ളുവെന്ന് മലഞ്ചരക്ക് കര്‍ഷകരും പറയുന്നു.വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലും മറ്റുമുള്ള ബുദ്ധിമുട്ടും വാനില കൃഷിയുടെ പിന്നോട്ട് പോക്കിനുള്ള കാരണങ്ങളില്‍ ഒന്നായി മാറി.രാജകീയമായി വന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍ കീഴടക്കിയെങ്കിലും പിന്നീട് പ്രൗഡി മങ്ങിയ വാനില പഴയപ്രതാപത്തിലേയ്ക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയാണ് ഇന്ന് കർഷകർക്കുള്ളത്.