കൊച്ചി: ആലപ്പുഴയില്‍ വെട്ടേറ്റു കൊല്ലപ്പെട്ട എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിന്റെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. കൊച്ചി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഷാനിന്റെ ശരീരത്തില്‍ നാല്‍പ്പതിലേറെ മുറിവുകളുണ്ടായിരുന്നു. കഴുത്തിലും കാലിലും ശരീരത്തിന്റെ പിന്‍ഭാഗത്തുമൊക്കെ മുറിവേറ്റ നിലയിലായിരുന്നു. ഇതില്‍ കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ച രാവിലെ പത്ത് മണിയോട് കൂടിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി ഷാനിന്റെ മൃതദേഹം എത്തിച്ചത്. മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തേക്ക് കൊണ്ടുവന്നത്.
ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല. തുടര്‍ന്ന് ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘത്തിന്റെ അടക്കം സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ഇന്ന് തന്നെ ഷാനിന്റെ സംസ്കാര ചടങ്ങുകള്‍ ആലപ്പുഴയില്‍ നടത്തുമെന്നാണ് വിവരം. പ്രദേശത്ത് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊന്നത്. ആലപ്പുഴ മണ്ണഞ്ചേരിയിലായിരുന്നു സംഭവം. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകള്‍ക്കകമാണ് ആലപ്പുഴയെ നടുക്കി രണ്ടാമത്തെ കൊലപാതകവും അരങ്ങേറിയത്. ബി.ജെ.പി. നേതാവും ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്.