ന്യൂഡല്‍ഹി: കരസേന, നാവിക സേന, വ്യോമസേന മേധാവികളുടെ സമിതിയുടെ അധ്യക്ഷനായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ നിയമിതനായി. അന്തരിച്ച സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് വഹിച്ചിരുന്ന പദവിയാണിത്. നിലവിലെ സേന മേധാവികളിൽ ഏറ്റവും സീനിയറാണ് ജനറല്‍ മനോജ് മുകുന്ദ് നരവനെ.
1960 ല്‍ മഹാരാഷ്ട്രയില്‍ ജനിച്ച നരവനെ പുനെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് സൈനിക വിദ്യാഭ്യാസം പൂർത്തിയാക്കുന്നത്. പിതാവായ മുകുന്ദ് നരവനെ ഇന്ത്യന്‍ വ്യോമ സേനയില്‍ വിങ് കമാന്‍ഡറായിരുന്നു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) പദവി സൃഷ്ടിക്കുന്നതിന് മുമ്പ്, മൂന്ന് സർവീസ് മേധാവികളിൽ ഏറ്റവും മുതിർന്നയാളായിരുന്നു ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാന്‍ സ്ഥാനത്ത് നിയോഗിക്കപ്പെട്ടിരുന്നത്. ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി (സിഒഎസ്സി) ചൊവ്വാഴ്ച യോഗം ചേർന്ന് ജനറൽ റാവത്തിന്റെയും ഭാര്യ മധുലികയുടെയും 11 സായുധ സേനാംഗങ്ങളുടെയും മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.