IndiaLead NewsNEWS

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21; ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18-ല്‍ നിന്ന് 21 ആക്കാനുള്ള ബില്ലിനാണ് ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയത്. ഈ ബില്ല് നടപ്പ് പാര്‍ലമെന്റ് സമ്മേളനത്തില്‍ത്തന്നെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച പശ്ചാത്തലത്തില്‍ പുതിയ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ നിലവിലെ ശൈശവവിവാഹ നിരോധനനിയമ(2006)ത്തിലും സ്‌പെഷ്യല്‍ മാര്യേജ് ആക്ടിലും ഹിന്ദു മാര്യേജ് ആക്ട് (1955) പോലുള്ള വ്യക്തിനിയമങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സൂചന.

നിലവില്‍ പുരുഷന്റെ വിവാഹപ്രായവും 21 ആണ്. വിവാഹപ്രായം ആണ്‍, പെണ്‍ ഭേദമന്യേ തുല്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ ബില്ല് പാസ്സാക്കാന്‍ ശ്രമിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബര്‍ 2020-ന് ജയ ജയ്റ്റ്‌ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരില്‍ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നല്‍കിയ റിപ്പോര്‍ട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.

Back to top button
error: