പശ്ചിമ ബംഗാളിന്റെ തലസ്ഥാനമായ കൊൽക്കത്തയിലുള്ള ഒരു മാർബിൾ നിർമ്മിത സ്മാരകമന്ദിരമാണ് വിക്ടോറിയ മെമ്മോറിയൽ. 1906-1921 കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം നടന്നത്. വിക്ടോറിയ രാജ്ഞിയുടെ (1819-1901) സ്മരണാർത്ഥം നിർമ്മിച്ചിരിക്കുന്ന ഈ സ്മാരകം, ഇപ്പോൾ കേന്ദ്രസാംസ്കാരികവകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമാണ്.ജവഹർലാൽ നെഹ്റു റോഡിനടുത്തായി, ഹൂഗ്ലീ നദിക് കരയിലുള്ള ഒരു മൈതാനത്തിലാണ് ഈ സ്മാരകം സ്ഥിതി ചെയ്യുന്നത്.
1901-ൽ വിക്ടോറിയ രാജ്ഞിയുടെ ചരമത്തെത്തുടർന്ന് അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭുവിന്റെ നിർദ്ദേശപ്രകാരമാണ് ബ്രീട്ടിഷിന്ത്യയുടെ ഭരണതലസ്ഥാനമായിരുന്ന കൽക്കത്തയിൽ വിക്ടോറിയ രാജ്ഞിയുടെ ഓർമ്മമന്ദിരത്തിന്റെ നിർമ്മാണമാരംഭിച്ചത്. മ്യൂസിയവും പൂന്തോട്ടവും ലൈബ്രറിയും ഒക്കെ ഉൾക്കൊള്ളുന്ന ബൃഹത്ത് മന്ദിരമാണ് ഇത്.
1912-ൽ, വിക്ടോറിയ മെമ്മോറിയലിന്റെ നിർമ്മാണം പൂർത്തിയാവുന്നതിനു മുമ്പ് തന്നെ ജോർജ്ജ് അഞ്ചാമൻ ചക്രവർത്തി ഇന്ത്യയുടെ തലസ്ഥാനം കൽക്കത്തയിൽ നിന്നും ഡെൽഹിയിലേയ്ക്ക് മാറ്റിയിരുന്നു.അങ്ങനെ, വിക്ടോറിയ മെമ്മോറിയലിന് തലസ്ഥാനനഗരിയിലെ ശ്രദ്ധേയ സ്മാരകം എന്ന സ്ഥാനം നഷ്ടമായി.എങ്കിലും കൊൽക്കത്തയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്നും സന്ദർശിക്കുന്ന ഒരു സ്ഥലമാണ് വിക്ടോറിയ മെമ്മോറിയൽ.