തിരുവനന്തപുരം: മെഡിക്കല്‍ പിജി വിദ്യാര്‍ഥികളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. ഒരു ഉറപ്പും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കാത്തതിനാല്‍ സമരം തുടരാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
ഒന്നാം വര്‍ഷ പിജി പ്രവേശം നേരത്തെയാക്കണമെന്നും ജോലിഭാരം കുറയ്ക്കാന്‍ നടപടിവേണമെന്നും പിജി വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. ഒന്നാം വര്‍ഷത്തില്‍ പ്രവേശനം നടക്കാത്തതിനാല്‍ അധിക സമയം വിദ്യാര്‍ഥികള്‍ക്കു ജോലി ചെയ്യേണ്ടി വരുന്നുണ്ട്. സ്‌റ്റൈഫന്റ് തുക വര്‍ധിപ്പിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു.
ഇന്നത്തെ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ പിജി വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു. മുന്‍പ് ചര്‍ച്ച നടത്തിയ പിജി അസോസിയേഷന്‍ നേതാക്കള്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, ജോ. ഡയറക്ടര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുക്കും. ഒന്നാം വര്‍ഷ പിജി പ്രവേശന വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും 373 ജൂനിയര്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നടപടി തുടങ്ങിയിട്ടും സമരം പിന്‍വലിക്കുന്നില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.