ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരില്‍ കര്‍ഷകരെയും മാധ്യമപ്രവര്‍ത്തകനെയും കൊന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്താണെന്ന് പ്രത്യേക അന്വേഷണ സംഘം. കേസിലെ പ്രതികള്‍ക്ക് എതിരെ ആയുധ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്താന്‍ അപേക്ഷ നല്കി.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്ര ഉള്‍പ്പടെ 13 പ്രതികള്‍ക്ക് എതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥന് വിദ്യാറാം ദിവാകറാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വമാണ് കൊലപാതകം നടത്തിയത്. അതിനാല്‍ നിലവില്‍ അലക്ഷ്യമായി പൊതുനിരത്തില്‍ വാഹനം ഓടിച്ചതിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 279 ആം വകുപ്പ് പ്രകാരം ചുമത്തിയത് ഉള്‍പ്പടെയുള്ള മൂന്ന് കുറ്റങ്ങള്‍ പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയോട് അഭ്യര്‍ത്ഥിച്ചു.
അതേസമയം, ആശിഷ് മിശ്ര ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍ മറുപടി നല്കാന് രണ്ട് ആഴ്ചത്തെ സമയം യുപി പൊലീസിന് ഹൈക്കോടതി അനുവദിച്ചിട്ടുണ്ട്.