ചില അഭിനേതാക്കള്‍ ഈ ലോകം വിട്ടുപോയാലും പ്രേക്ഷകരുടെ മനസ്സില്‍ നിന്ന് ഒരിക്കലും മായുകയില്ല.അത്തരത്തിലൊരു നടനാണ് എൻ എൽ ബാലകൃഷ്ണൻ. പഞ്ഞിക്കെട്ട് പോലുള്ള വലിയ ശരീരവും അതിലും വലിയ മനസ്സുമായി മലയാള സിനിമ പ്രേമികളെ പല തരത്തിലുള്ള കഥാപാത്രങ്ങളിലൂടെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്‌ത ഒരു നടനായിരുന്നു എൻ എൽ ബാലകൃഷ്ണൻ.നൂറ്റിയമ്പതിലേറെ സിനിമകളില്‍ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുകയും അതിലേറെ സിനിമകളില്‍ നടനായി തിളങ്ങുകയും ചെയ്ത എന്‍ എല്‍ ബാലകൃഷ്ണൻ എന്ന ആ വലിയ ശരീരത്തിനുടമയെ അല്ലെങ്കിൽ തന്നെ ആര് മറക്കാൻ ?
തിരുവനന്തപുരത്ത് ജനിച്ച നാരായണന്‍ ലക്ഷ്മി വേലായുധന്‍ ആണ് പില്‍ക്കാലത്ത് എന്‍ എല്‍ ബാലകൃഷ്ണന്‍ എന്ന പേരില്‍ അറിയപ്പെട്ടത്.തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ ചിത്രകല പഠിക്കുന്ന സമയത്താണ് ഫോട്ടോഗ്രഫിയോട് ബാലകൃഷ്ണന് കമ്പം കയറുന്നത്. ചിത്രക്കാരനില്‍ നിന്ന് ഫോട്ടോഗ്രാഫറായി പിന്നീട് വഴിമാറി നടക്കുകയും കേരള കൗമുദി പത്രത്തിന് വേണ്ടി ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിക്കുകയും ചെയ്തു. പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത്.
കള്ളിച്ചെല്ലമ്മ എന്ന സിനിമയിലൂടെയാണ് നിശ്ചല ഛായാഗ്രാഹാകനായി എന്‍ എല്‍ ബാലകൃഷ്ണന്‍ തുടക്കം കുറിക്കുന്നത്.സ്വയംവരം, സ്വപ്‌നാടനം, തമ്പ്, കുമ്മാട്ടി, തകര, ഉള്‍ക്കടല്‍, ഒരിടത്തൊരു ഫയല്‍വാന്‍, എലിപ്പത്തായം, ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, വടക്കു നോക്കിയന്ത്രം, ഇന്നലെ, മാളൂട്ടി, കളിപ്പാട്ടം, ഗാന്ധര്‍വ്വം, പവിത്രം, സ്ഫടികം തുടങ്ങി നിരവധി സിനിമകളില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി എന്‍ എല്‍ ബാലകൃഷ്ണന്‍ പ്രവര്‍ത്തിച്ചു.
ക്യാമറയും തൂക്കി നടന്ന എന്‍എല്‍ ബാലകൃഷ്ണനെ ക്യാമറയ്ക്ക് മുന്നില്‍ അഭിനേതാവായി അവതരിപ്പിക്കുന്നത് സംവിധായകന്‍ രാജീവ് അഞ്ചല്‍ ആയിരുന്നു. അമ്മാനംകിളി എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.എന്നാല്‍ ആ സിനിമ റിലീസ് ആയില്ല.എന്‍എല്‍ ബാലകൃഷ്ണനിലെ നടന്‍ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് കമല്‍ സംവിധാനം ചെയ്ത ഓര്‍ക്കാപ്പുറത്ത് എന്ന സിനിമയിലൂടെയാണ്.മോഹന്‍ലാല്‍ അവതരിപ്പിച്ച ഫ്രെഡിയേയും നെടുമുടി വേണു കഥാപാത്രം ഫ്രെഡിയുടെ അപ്പന്‍ നിക്കോളാസിനേയും വാടകവീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ വീട്ടുടമ ശങ്കരാടി വലിയ ശരീരമുള്ള ഒരു ഗുണ്ടയെകൊണ്ടുവരുന്നു.എന്നാല്‍ ആ ഗുണ്ട നിക്കോളാസിന്റെ അടുപ്പക്കാരനായ അപ്പാജി ആയിരുന്നു.പിന്നീട് അപ്പാജിയും ഫ്രെഡിയും നിക്കോളാസും ചേര്‍ന്ന് വീട്ടുടമയെ വിരട്ടുന്ന രംഗമൊക്കെ പ്രേക്ഷകരുടെ ഓര്‍മ്മയില്‍ ഇപ്പോഴും ഉണ്ടാകും.അപ്പാജി എന്ന കഥാപാത്രമായി നിറഞ്ഞ് നിന്നത് എന്‍എല്‍ ബാലകൃഷ്ണനായിരുന്നു.
അതേ വര്‍ഷം കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന സിനിമയിലും ബാലകൃഷ്ണന്‍ ചെറിയൊരു വേഷത്തിലെത്തി. ദാസനും വിജയനും വീണ്ടു പ്രത്യക്ഷപ്പെട്ട നാടോടിക്കാറ്റ് സിനിമയുടെ തുടര്‍ച്ചയായി ഇറങ്ങിയ പട്ടണപ്രവേശം സിനിമയില്‍ ഭക്ഷണപ്രിയനായ പക്ഷിനീരീക്ഷകന്‍ ഐസക് എന്ന മുഴുനീള കഥാപാത്രമായി മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചത്. ഇപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുന്ന നിരവധി രംഗങ്ങള്‍ ദാസനായ മോഹന്‍ലാലും ഐസകും തമ്മിലുണ്ടായിരുന്നു. കൗതുകവാര്‍ത്തകള്‍, അനന്തവൃത്താന്തം, മാളൂട്ടി, വാസ്തുഹാര, വെല്‍ക്കം ടു കൊടൈക്കനാല്‍, കളിപ്പാട്ടം തുടങ്ങി അക്കാലത്തെ മിക്ക സിനിമകളിലും നടന്റെ സാന്നിധ്യമുണ്ടായിരുന്നു. മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയില്‍ സിദ്ധിഖ് അവതരിപ്പിച്ച വേണു എന്ന കഥാപാത്രത്തിന്റെ ചേട്ടന്‍, മാനത്തെകൊട്ടാരം സിനിമയില്‍ ഇന്ദ്രന്‍സ് അവതരിപ്പിച്ച കഥാപാത്രത്തെ മതിലില്‍ നിന്ന് പുറത്തേക്ക് വലിക്കുന്ന മിനിക്കുട്ടി എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷം, നന്മനിറഞ്ഞവന്‍ ശ്രീനിവാസന്‍ സിനിമയിലെ രാഘവന്‍പിള്ള പോലീസ്, മുഖചിത്രത്തിലെ ബാന്‍ഡ് മാസ്റ്റര്‍ ബാഹുലേയന്‍, വൃദ്ധന്മാരെ സൂക്ഷിക്കുക സിനിമയിലെ ശാന്തസുന്ദരന്‍പിള്ള, കുടുംബകോടതിയിലെ കളരിആശാന്‍ തുടങ്ങി നിരവധി കഥാപാത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഓര്‍മ്മയില്‍ നില്‍ക്കുന്നതാണ്. ജോക്കര്‍, ശിക്കാര്‍, ടാ തടിയാ, കന്യക ടാക്കീസ് തുടങ്ങിയ സിനിമകളിലും നടന്‍ അഭിനയിച്ചു.ക്ലിക്ക്, ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്നീ രണ്ട് പുസ്തകങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
രണ്ടായിരത്തി പതിനാല് ഡിസംബർ 25-ന് തന്റെ എഴുപത്തിനാലാമത്തെ വയസ്സിലാണ് അദ്ദേഹം വിടപറഞ്ഞത്.